ആമുഖം
നമ്മുടെ സംസ്ഥാനം വിവിധ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നവര്‍ക്കും തകര്‍ന്ന കൂട്ടുകുടുംബ വ്യവസ്ഥിതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും ആനുകാലികമായി വര്‍ദ്ധിച്ചുവരുന്ന വ്യത്യസ്ത പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നവര്‍ക്കും തണലേകിക്കൊണ്ട് സമൂഹനന്മയ് ക്കായി ധാരാളം സാമൂഹ്യ ക്ഷേമ പരിപാടികളും അതോടൊപ്പം അവശതര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളും വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. തൊഴിലെടുത്തു ജീവിക്കുന്ന മേഖലയിലെ സംഘടിതവും അസംഘടിതവുമായ തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ ക്ഷേമ ബോര്‍ഡുകള്‍ സ്ഥാപിച്ച് കഴിയുന്നത്ര ക്ഷേമ പരിപാടികള്‍ ഏര്‍പ്പെടുത്തി വിവിധ സഹായ പദ്ധതികള്‍ രൂപം നല്‍കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പല ക്ഷേമാനുകൂല്യങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പാക്കിവരുന്നു.
ഉയര്‍ന്ന സാക്ഷരതയും, അവകാശബോധവും, വിവരാവകാശനിയമപ്രഖ്യാപനവും ഒക്കെയുണ്ടെങ്കിലും യഥാസമയങ്ങളില്‍ ക്ഷേമ പരിപാടികളെപ്പറ്റിയും വിവിധ സഹായ പദ്ധതികളെക്കുറിച്ചും പെന്‍ഷന്‍ വിവരങ്ങളെക്കുറിച്ചും യഥാസമയം അറിയാന്‍ കഴിയാത്ത ഒട്ടേറെപേര്‍ ഇന്നും സമുഹത്തിലുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇവര്‍ക്ക് വേണ്ടുന്ന വിവരങ്ങള്‍ നല്‍കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, മറ്റ് സ്വയംസഹായസമിതികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബാധ്യതയുണ്ട്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വിവിധ ഡിവിഷനുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമ പരിപാടികളെപ്പറ്റിയുള്ള സംക്ഷിപ്തമായ പ്രസിദ്ധീകണങ്ങള്‍ 1983, 1993, 2003 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ച്ചയെന്നോണം ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് "കേരളത്തിലെ സാമൂഹ്യക്ഷേമ പരിപാടികള്‍" എന്ന പ്രസിദ്ധീകരണത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇപ്പോള്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യ സേവന വിഭാഗം ചീഫ് ശ്രീമതി. ഷൈലാ ഉണ്ണിത്താന്റെ മേല്‍നോട്ടത്തില്‍ കണ്‍സള്‍ട്ടന്റ് ശ്രീ. എം.എ. ഷാജഹാന്‍ (റിട്ടയേര്‍ഡ് ജോയിന്റ് ഡയറക്ടര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ഡെപ്യൂട്ടി ഡയറക്ടര്‍, ശ്രീ. എം. തോമസ് എന്നിവരുടെ സഹായത്തോടെയാണ് പരിഷ്ക്കരിച്ച പതിപ്പ് തയ്യാറാക്കിയത്. ഇതിനോടനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍ ജോലി നിര്‍ഹിച്ചത് യു.ഡി. ടൈപ്പിസ്റ്റായ ശ്രീമതി എം.നസീമയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഈ പ്രസിദ്ധീകരണത്തിന്റെ ഓണ്‍ ലൈന്‍ പതിപ്പ് ഇപ്പോള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുശേഷം വന്നിട്ടുള്ള മാറ്റങ്ങള്‍ പിന്നീട് ഓണ്‍ ലൈന്‍ പതിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്ന തായിരിക്കും.
പരിഷ്ക്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ബഹുമാന്യനായ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. കെ.എം. ചന്ദ്രശേഖര്‍, മെമ്പര്‍മാരായ ശ്രീ. ജി. വിജയരാഘവന്‍, ശ്രീ. സി.പി. ജോണ്‍, മറ്റ് ഡിവിഷന്‍ ചീഫുമാര്‍ എന്നിവരോടും ഇതുമായി ബന്ധപ്പെട്ട മറ്റ് ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ആസൂത്രണ ബോര്‍ഡിലെ മറ്റ് ഉദ്യോഗസ്ഥരോടുമുള്ള നന്ദി ഇത്തരുണത്തില്‍ അറിയിക്കുന്നു.
ഡോ. അനുരാധാ ബലറാം ഐ.ഇ.എസ്സ്
മെമ്പര്‍ സെക്രട്ടറി
സംസ്ഥാന ആസൂത്രണ ബോര്‍ഡ്