ഷോര്‍ട്ട് സ്റ്റേ ഹോം (ഹ്രസ്വകാല വസതികള്‍)

iv. ഷോര്‍ട്ട് സ്റ്റേ ഹോം (ഹ്രസ്വകാല വസതികള്‍)
പീഡനത്തിനിരയാകുന്ന വനിതകള്‍, വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്ന സ്ത്രീകള്‍, ലൈംഗിക ചൂഷണങ്ങള്‍ക്ക് അടിമകളാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ശാരീരികവും, മാനസികവും സാമൂഹികവുമായി പ്രതികൂല സാഹചര്യങ്ങളില്‍ പെട്ട് വിഷമിക്കുന്ന സ്ത്രീകള്‍, കുടുംബ പ്രശ്‌നങ്ങളാല്‍ കുടുംബം വിട്ട് മറ്റൊരാശ്രയവുമില്ലാതെയലയുന്ന സ്ത്രീകള്‍ എന്നിവരെ താല്ക്കാലികമായി സുരക്ഷിതമായി താമസിപ്പിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായിട്ടാണ് ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുളളത്.  15 മുതല്‍ 35 വരെ പ്രായമുളള സ്ത്രീകള്‍ക്ക് ഇത്തരത്തിലുളള  ഹോമുകളില്‍ പ്രവേശനത്തിന്‍    മുന്‍ഗണന കൊടുക്കുന്നതാണ്. ഇത്തരത്തിലുളള സ്ത്രീകളോടൊപ്പം വരുന്നതോ, ഹോമില്‍ വന്നതിനു ശേഷം  ജനിക്കുന്നതോ ആയ  കുഞ്ഞുങ്ങള്‍ക്ക് 7 വയസ്സു വരെ ഈ സ്ഥാപനത്തില്‍  താമസിക്കാവുന്നതാണ്.  20 മുതല്‍ 40 വരെ സ്ത്രീകള്‍ക്കും അവരോടൊപ്പം വരുന്ന 7 വയസ്സുവരെയുളള  കുഞ്ഞുങ്ങള്‍ക്കും ഈ സ്ഥാപനത്തില്‍  പ്രവേശനം നല്‍കാം. ഒരു ഹോമില്‍   ഒരു സമയം  30 പേര്‍ വരെ ഉണ്ടായിരിക്കേണ്ടതാണ്.  ഓരോ ഗുണഭോക്താവിനും 6 മാസം മുതല്‍ പരമാവധി  3 വര്‍ഷം  വരെ  തക്കതായ കാരണങ്ങളുണ്ടെങ്കില്‍ ഒരു ഷോര്‍ട്ട് സ്റ്റേ ഹോമില്‍  താമസിക്കാവുന്നതാണ്.  
ഷോര്‍ട്ട് സ്റ്റേ ഹോമിലെ ജീവനക്കാരുടെ ശമ്പളം, അന്തേവാസികളുടെ ചെലവിനുളള തുക, കെട്ടിട വാടക, ചികിത്സാ ചെലവുകള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍,  കുഞ്ഞുങ്ങളുടെ  വിദ്യാഭ്യാസത്തിന്‍ എന്നിവയ്‌ക്കെല്ലാം കൂടി  ഒരു വര്‍ഷത്തില്‍  5 ലക്ഷമോ അതില്‍ കൂടുതലോ ഗ്രാന്റായി ലഭിക്കുന്നതാണ്. കൂടാതെ അനാവര്‍ത്തന ചെലവുകളായ അലമാര, കട്ടില്‍, മേശ തുടങ്ങിയവ വാങ്ങുന്നതിനായി 50,000 രൂപ  ആദ്യത്തെ തവണ ധന സഹായമായി  ഷോര്‍ട്ട് സ്റ്റേ ഹോം നടത്തുന്ന സംഘടനകള്‍ക്ക് നല്‍കുന്നതാണ്. നല്ല സാമ്പത്തിക സ്ഥിതിയും, കെട്ടുറപ്പുളളതുമായ സന്നദ്ധ സംഘടനകള്‍ക്കാണ് ഈ പദ്ധതി അനുവദിക്കുന്നത്. ഈ പദ്ധതിക്കുളള അപേക്ഷ ജില്ലാ സാമൂഹ്യ നീതി  ഓഫീസിലാണ്  സമര്‍പ്പിക്കേണ്ടത്.  പദ്ധതിയെക്കുറിച്ചുളള വിശദാംശങ്ങള്‍ കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ  വെബ്‌സൈറ്റില്‍  (www.cswb.gov.in)  നിന്നും ലഭിക്കുന്നതാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT