കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി
25. കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി
കേരളത്തിലെ ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും സ്വന്തമായി വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നവര്‍ക്കും വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കുമായി സസംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി. 2004 ല്‍ ഈ പദ്ധതി നിലവില്‍ വന്നു. സ്വയം തൊഴില്‍ ചെയ്യുന്നവരുടെ പ്രതിമാസ അംശാദായം മുപ്പതു രൂപയാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഒഴികെയുള്ള അംഗങ്ങളില്‍നിന്നും ഒരു വര്‍ഷം സമാഹരിക്കുന്ന മൊത്തം അംശാദായത്തിന്റെ പത്തു ശതമാനത്തിന് തുല്യമായ തുകയാണ് സര്‍ക്കാര്‍ ഗ്രാന്റായി പദ്ധതിയില്‍ ലഭിക്കുന്നത്. 20 വയസ്സുമുതല്‍ 35 വയസ്സുവരെ പദ്ധതിയില്‍ ചേരുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നത് ഇപ്പോള്‍ 20 വയസ്സുമുതല്‍ 54 വയസ്സുവരെയുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ കഴിയുന്നതിനാല്‍ ഈ മേഖലയില്‍ പണി യെടുക്കുന്ന ബഹുഭൂരിപക്ഷംപേര്‍ക്കും ഈ പദ്ധതിയില്‍ ചേരുവാന്‍ അവസരം ലഭിച്ചിരിക്കയാണ്.
പ്രസ്തുത പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, തൊഴില്‍ സര്‍ട്ടിഫിക്കറ്റും വയസ്സു തെളിയിക്കുന്നതിനായുള്ള രേഖയുമായി ജില്ലാ എക്സിക്യൂട്ടീവ് ആഫീസറേയോ, അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ആഫീസറേയോ സമീപിക്കാവുന്നതാണ്. 25 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
റിട്ടയര്‍മെന്റ് ആനുകൂല്യം, മരണാനന്തര ആനുകൂല്യം, സ്ഥായിയായ അംഗവൈകല്യത്തിന് ആനുകൂല്യം, ചികിത്സാനുകൂല്യം തുടങ്ങിയവയാണ് പദ്ധതി പ്രകാരം നല്കി വരുന്നത്. പദ്ധതിയില്‍ അംഗത്വമെടുത്ത് 40 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന ഒരു തൊഴിലാളിക്ക് പരമാവധി 43,488/ രൂപ റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിക്കുന്നു. പദ്ധതിയില്‍ അംഗമായിരിക്കെ മരണമടയുകയോ, സ്ഥായിയായി അംഗവൈകല്യം സംഭവിക്കുന്ന തൊഴിലാളിക്ക് റിട്ടയര്‍മെന്റ് ആനുകൂല്യത്തിനു പുറമെ 5000/ രൂപ കൂടി ആനുകൂല്യം ലഭിക്കുന്നതാണ്. മാരക അസുഖം ബാധിച്ച തൊഴിലാളിക്ക് പരമാവധി 10,000/ രൂപ ചികിത്സാ സഹായം ലഭിക്കുന്നതാണ്. കാലാകാലങ്ങളില്‍ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കുവാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.