കേരള ആട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി

കേരള ആട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി
    2.04.1991 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരള ആട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി നിലവില്‍ വന്നു. യാത്രാ വാഹനം, ചരക്ക് വാഹനം എന്നീ വിഭാഗത്തില്‍പ്പെടുന്ന ആട്ടോ റിക്ഷകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടിയുള്ളതാണ് ഈ പദ്ധതി. 20 വയസ്സിനും 48 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹതയുണ്ടായിരുന്നത്. 7.06.2005 മുതല്‍ ആട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് കേരള ആട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സാധ്യമല്ല. മേല്‍ പ്രതിപാദിച്ച രീതിയില്‍ പരിഷ്‌ക്കരിച്ച മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമം നടപ്പിലായതിനാല്‍ അതേ ദിവസം മുതല്‍ ആട്ടോറിക്ഷാ തൊഴിലാളികള്‍ ടി നിയമത്തിന്റെ പരിധിയിലാണ് വരുന്നത്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പദ്ധതിയിലേയ്ക്കുള്ള അംശാദായം പ്രതിമാസം 25/ രൂപ വീതമാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ പ്രതിമാസം 50 രൂപ അടയ്ക്കണം. ഒരു വര്‍ഷം സമാഹരിക്കുന്ന മൊത്തം തൊഴിലാളി വിഹിതത്തിന്റെ 10% തുകയാണ് സര്‍ക്കാര്‍ ഗ്രാന്റായി പദ്ധതിയ്ക്ക് ലഭിക്കുന്നത്.
റിട്ടയര്‍മെന്റ് ആനുകൂല്യം, മരണാനന്തര ആനുകൂല്യം,ആട്ടോറിക്ഷാ വാങ്ങുന്നതിന് അഡ്വാന്‍സ്, ചികിത്സാനുകൂല്യം, അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളാണ് പദ്ധതിയിലുള്ളത്. പരമാവധി 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന തൊഴിലാളികള്‍ക്ക് 1,45,264  രൂപയാണ് റിട്ടയര്‍മെന്റ്  ആനുകൂല്യമായി ലഭിക്കുന്നത്. കുറഞ്ഞ സ്ര്‍വ്വീസ് ഉള്ളവര്‍ക്ക് ആനുപാതികമായി ആനുകൂല്യം ലഭിക്കും.  മരണാനന്തര സഹായമായി അംഗത്തിന്റെ നോമിനിക്ക് 25,000/ രൂപ നല്കും.
പദ്ധതിയില്‍ അംഗമായിട്ടുള്ള വ്യക്തിക്ക് ഓട്ടോറിക്ഷാ വാങ്ങുന്നതിന് ക്ഷേമനിധിയിലേയ്ക്ക് ഒടുക്കിയിട്ടുള്ള മൊത്തം അംശാദായത്തിന്റെ 75% തിരിച്ചുപിടിക്കാത്ത അഡ്വാന്‍സായി നല്കുന്നു. ഒരിക്കല്‍ മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.
പദ്ധതിയില്‍ അംഗങ്ങള്‍ക്ക് പരമാവധി 10,000/ രൂപവരെ ചികിത്സാ ധനസഹായം അനുവദിക്കുന്നതാണ്. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് 8,9,10 അാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് യഥാക്രമം 300 രൂപ, 400 രൂപ, 500 രൂപ വീതം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു.

Copyright © 2014 State Planning Board .All Rights Reserved. C-DIT