കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി

23 .കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി
കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയില്‍ സംഘടിത മേഖലയില്‍ പണിയെടുക്കുന്ന കൈ തൊഴിലാളികള്‍ക്കും മറ്റ് വിദഗ്ധ തൊഴിലാളികള്‍ക്കും മറ്റൊരു ക്ഷേമപദ്ധതിയുടേയും പരിധിയില്‍ വരാത്ത 18നും 50 വയസ്സിനും മദ്ധ്യേ പ്രായമുള്ള എല്ലാ തൊഴിലാളികള്‍ക്കും അംഗമാകാവുന്നതാണ്.  ഇവരുടെ റിട്ടയര്‍മെന്റ് പ്രായം 60 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്.  ഈപദ്ധതിയിലെ അംഗങ്ങള്‍  10/ രൂപാ വീതം പ്രതിമാസം അംശാദായം അടയ്ക്കണം.  ഓരോ 10/ രൂപയ്ക്കും 2/ രൂപാ വീതം സര്‍ക്കാര്‍ വിഹിതമായി നല്‍കി വരുന്നു.  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വഴിയാണ് അംശാദായം അടയ്‌ക്കേണ്ടത്.
ക്ഷേമപദ്ധതിയില്‍ നിന്നും നല്‍കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1.    റിട്ടയര്‍മെന്റ് ആനുകൂല്യം
60 വയസ്സു പൂര്‍ത്തിയാക്കുന്ന അംഗത്തിന് സര്‍വ്വീസിന്റെ ദൈര്‍ഘ്യം അനുസരിച്ച് 600/  രൂപാ മുതല്‍ 62,720/ രൂപാ വരെ റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കി വരുന്നു.
2.    വിവാഹധനസഹായം
പദ്ധതിയില്‍ 1 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗത്തിന്റെ പെണ്‍മക്കളുടെ വിവാഹത്തിന് 1,000/ രൂപാ ധനസഹായ മായി നല്‍കി വരുന്നു. ഒരു കുടുംബത്തിലെ മാതാവും പിതാവും പദ്ധതിയിലെ അംഗമാണെങ്കിലും അതില്‍ ഒരാള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.  ഈ ആനുകൂല്യം  സര്‍വ്വീസ് കാലയളവില്‍ രണ്ടു തവണ മാത്രമേ ലഭിക്കൂ.
3.    പ്രസവാനുകൂല്യം
പദ്ധതിയില്‍ ഒരു വര്‍ഷം പുര്‍ത്തിയാക്കിയ സ്ത്രീകളായ അംഗങ്ങള്‍ക്ക്  പ്രസവാനുകൂല്യമായി 500/ രൂപാ വീതം നല്‍കിവരുന്നു. ഈ ആനുകൂല്യം സര്‍വ്വീസ് കാലയളവില്‍ 2 തവണ മാത്രമേ  ലഭിക്കുകയുള്ളൂ.
4.    സ്‌കോളര്‍ഷിപ്പ്
പദ്ധതിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളുടെ മക്കള്‍ക്ക് പ്ലസ്ടു മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെയുള്ള പഠനത്തിന് 300/ രൂപാ മുതല്‍ 1,000/ രൂപാ വരെയുള്ള സ്‌ക്കോളര്‍ഷിപ്പ് നല്‍കിവരുന്നു.
5.    മരണാനന്തര ധനസഹായം
അവകാശിക്ക് മരണാനന്തര ധനസഹായമായി 10,500/ രൂപയും അതോടൊപ്പം അംഗത്തിന്റെ സര്‍വ്വീസിന്  ആനുപാതികമായ റിട്ടയര്‍മെന്റ് ആനുകൂല്യവും നല്‍കി വരുന്നു.
6.    ചികില്‍സാ ധനസഹായവും അവശതാ പെന്‍ഷനും
സ്ഥായിയായ അവശത സംഭവിച്ച്‌തൊഴില്‍ ചെയ്യാന്‍ കഴിയാത്ത അംഗത്തിന്‌മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി തീരുമാനത്തിന് വിധേയമായി ചികില്‍സാ ധനസഹായമായി3,000/ രൂപയോ അഥവാ അംഗത്വ കാലാവധിക്ക്  ആനുപാതികമായ   റിട്ടയര്‍മെന്റ്   ആനുകൂല്യമോ ഏതാണ് കൂടുതല്‍ അത് നല്‍കി അംഗത്വം അവസാനിപ്പിക്കുന്നതും കൂടാതെ അവശതാ പെന്‍ഷനും നല്‍കി വരുന്നു. നിലവില്‍ 400/ രൂപയാണ് അവശതാ പെന്‍ഷനായി നല്‍കി വരുന്നത്. അംഗമായി 2 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ  ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. കൂടാതെ ക്യാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി തകരാര്‍ മുതലായ മാരകമായ അസുഖത്തിന് ചികില്‍സാ ധനസഹായമായി അംഗങ്ങള്‍ക്ക് അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ചികില്‍സാ ധനസഹായമായി 3,000/ രൂപ അനുവദിക്കുന്നു.  ഈ ആനുകൂല്യത്തിന് ഒരു വര്‍ഷത്തെ അംഗത്വം നിലനിര്‍ത്തിയിരിക്കേണ്ടതാണ്. ഇത് സര്‍വ്വീസ് കാലയളവില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂ.
പെന്‍ഷന്‍
10 വര്‍ഷത്തെ അംഗത്വം നിലനിര്‍ത്തി 60 വയസ്സ് പൂര്‍ത്തിയാക്കി റിട്ടയര്‍മെന്റാനുകൂല്യം കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് കേരള അണ്‍ ഓര്‍ഗ്ഗനൈസ്ഡ് റിട്ടയേര്‍ഡ് വര്‍ക്കേഴ്സ് പെന്‍ഷന്‍ ഫണ്ട് സ്കീം 2008 പ്രകാരം സംസ്ഥാന തൊഴില്‍ വകുപ്പ് മുഖേന പെന്‍ഷന്‍ നല്‍കി വരുന്നു. ഈ പദ്ധതിയില്‍ അംഗമായി ചേര്‍ന്നു 10 വര്‍ഷം പൂര്‍ത്തിയാക്കി റിട്ടയര്‍മെന്റ് ആനുകൂല്യം വാങ്ങിയവര്‍ക്കാണ് തൊഴില്‍ വകുപ്പ് മുഖാന്തിരം പെന്‍ഷന്‍ നല്‍കി വരുന്നത്.

Copyright © 2014 State Planning Board .All Rights Reserved. C-DIT