കേരള കെട്ടിടവും മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്
22. കേരള കെട്ടിടവും മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്
കേരള കെട്ടിടവും മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് വഴി നല്‍കി വരുന്ന വിവിധ ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
(1) പെന്‍ഷന്‍ ക്ഷേമ ബോര്‍ഡില്‍ ഒരു വര്‍ഷത്തെയെങ്കിലും സജീവ അംഗത്വമുളള 60 വയസ്സ് തികഞ്ഞവര്‍ക്ക് മിനിമം പെന്‍ഷന്‍ നല്‍കിവരുന്നു. അംഗമായി ചേര്‍ന്ന തീയതി മുതല്‍ റിട്ടയര്‍ ചെയ്യുന്ന തീയതി വരെയുളള കാലയളവില്‍ ഏറ്റവും കുറഞ്ഞത് 12 ഗഡു അംശാദായം അടച്ചിരിക്കേണ്ടതാണ്. ആദ്യ 5 വര്‍ഷത്തെ സര്‍വ്വീസിന് 400/ രൂപയും പിന്നീട് പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 20/ രൂപ ക്രമത്തിലുമാണ് പെന്‍ഷന്‍ ലഭിക്കുക (പരമാവധി 600/ രൂപ).
(2) അവശതാ പെന്‍ഷന്‍ രോഗമോ, അപകടമോ മൂലം സ്ഥായിയായ അവശത സംഭവിച്ച് സ്ഥിരമായി ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന അംഗ തൊഴിലാളിക്ക് പ്രതിമാസം 400/ രൂപ അവശതാ പെന്‍ഷന്‍ നല്‍കുന്നു. ഇതോടൊപ്പം എക്‌സ് ഗ്രേഷ്യാ ധന സഹായകമായി അവശതയുടെ ശതമാനത്തിന്റെ അടസ്ഥാനത്തില്‍ 5000/ രൂപ വരെ ധന സഹായമായി നല്‍കുന്നു.
(3) കുടുംബ പെന്‍ഷന്‍ ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗ തൊഴിലാളി മരണപ്പെടുകയാണെങ്കില്‍ ടിയാന്റെ ഭാര്യയ്ക്ക്/ ഭര്‍ത്താവിന് 200/ രൂപയോ പെന്‍ഷന്‍ തുകയുടെ പകുതിയോ ഏതാണ് കൂടുതല്‍ ആ തുക കുടുംബ പെന്‍ഷനായി നല്‍കി വരുന്നു.
(4) സാന്ത്വന ധന സഹായം മരണമടയുന്ന അംഗ തൊഴിലാളികളുടെ ഭാര്യ ഇല്ലെങ്കില്‍ മൈനര്‍ നോമിനികളായ മക്കള്‍ ഇല്ലെങ്കില്‍ മാതാവിന് പ്രതിമാസം 400/ രൂപ നിരക്കില്‍ സാന്ത്വന ധന സഹായം നല്‍കി വരുന്നു.
(5) വിവാഹ ധന സഹായം ഒരു വര്‍ഷത്തെ സര്‍വ്വീസ്സുളള അംഗത്തിന് സ്വന്തം വിവാഹത്തിനും 3 വര്‍ഷം സര്‍വ്വീസ്സുളള തൊഴിലാളിക്ക് 2 മക്കളുടെ വിവാഹത്തിനും ധന സഹായം ലഭിക്കും. സ്ത്രീകളുടെ വിവാഹത്തിന് 3000/ രൂപയും പുരുഷന്‍മാരുടെ വിവാഹത്തിന് 2500/ രൂപയും ലഭിക്കുന്നതാണ്.
(6) പ്രസവ ധനസഹായം ക്ഷേമ ബോര്‍ഡ് അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി 3000/ രൂപ നല്‍കിവരുന്നു. ക്ഷേമ ബോര്‍ഡില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയിരിക്കണം. രണ്ട് പ്രസവങ്ങള്‍ക്ക് മാത്രമേ ധന സഹായം അനുവദിക്കുകയുളളൂ.
(7) സാധാരണ രോഗ ചികിത്‌സാ ധനസഹായം രോഗം ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ചോ അതില്‍ കൂടുതലോ ദിവസം കിടന്ന് ചികിത്‌സ നടത്തിയ അംഗ തൊഴിലാളിക്ക് ആദ്യത്തെ അഞ്ചു ദിവസത്തേയ്ക്ക് 400/ രൂപയും, തുടര്‍ന്നുളള ഓരോ ദിവസത്തേയ്ക്കും 70/ രൂപ വീതം പരമാവധി 5000/ രൂപ വരെ ചികിത്‌സ ധന സഹായം നല്‍കി വരുന്നു. നേത്ര സംബന്ധമായ രോഗങ്ങള്‍ മൂലം ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന അംഗ തൊഴിലാളിയ്ക്ക് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 2000/ രൂപ അനുവദിക്കുന്നതാണ്. നേത്ര ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രികളിലോ, ബോര്‍ഡ് അപകട ചികിത്‌സയ്ക്ക് അംഗീകരിച്ചിട്ടുളള സ്വകാര്യ ആശുപത്രികളിലോ നടത്താവുന്നതാണ്. ചിക്കന്‍ പോക്‌സ് രോഗം പിടിപെട്ട് ചികിത്‌സയില്‍ കഴിയുന്ന അംഗ തൊഴിലാളിയ്ക്ക് സര്‍ക്കാര്‍ ആയൂര്‍വേദ/ അലോപ്പതി/ ഹോമിയോ ആശുപത്രികളിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 2,000/ രൂപ ധന സഹായം നല്‍കി വരുന്നു.
(8) മാരക രോഗ ചികിത്‌സാ ധന സഹായം ഹൃദയ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, കിഡ്‌നി, മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ തളര്‍ വാതം, ടി.ബി, തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചതോ, പാമ്പു കടിയേറ്റതോ, പേപ്പട്ടി വിഷ ബാധയേറ്റതോ ആയ തൊഴിലാളികള്‍ക്ക് ചികിത്‌സയ്ക്കായി സര്‍ക്കാര്‍ സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പരമാവധി 20,000/ രൂപ വരെ ധന സഹായമായി നല്‍കിവരുന്നു.
(9) അപകട ചികിത്‌സാ ധന സഹായം അപകടത്തെ തുടര്‍ന്ന് ഇന്‍പേഷ്യന്റായോ പÿാസ്റ്ററിട്ട ഒഡട്ട് പേഷ്യന്റായോ സര്‍ക്കാര്‍ ആശുപത്രിയിലോ, ബോര്‍ഡ് അംഗീകരിച്ച സ്വകാര്യസഹകരണ ആശുപത്രികളിലോ അഞ്ചോ അതില്‍ കൂടുതലോ ദിവസം ചികിത്‌സ നടത്തുന്ന തൊഴിലാളിയ്ക്ക് ആദ്യ 5 ദിവസത്തിന് 500/ രൂപയും തുടര്‍ന്നുളള ഓരോ ദിവസത്തേയ്ക്കും 70/ രൂപ വീതം പരമാവധി 10,000/ രൂപയും ധന സഹായമായി നല്‍കി വരുന്നു. അപകടത്തെത്തുടര്‍ന്ന് താല്‍ക്കാലികമോ, സ്ഥിരമോ ആയ അവശത ഉണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവശതയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ 20,000/ രൂപ വരെ ധന സഹായം നല്‍കി വരുന്നു.
ജോലിക്കിടയില്‍ അപകടം സംഭവിച്ച് കൈകാലുകള്‍ക്ക് ഒടിവ് സംഭവിക്കുന്നത് മൂലം കമ്പിയിട്ട് ഒഡട്ട് പേഷ്യന്റായി ചികിത്‌സ നടത്തുന്നവര്‍ക്കും, ക്ലാവിക്കല്‍ ബ്രെയ്‌സ് ഇന്‍ മൊബിലൈസേര്‍, സെര്‍വിക്കല്‍ കോളര്‍, ഇലാസ്റ്റോ പ്ലാന്റ്, കോളര്‍ ബെല്‍റ്റ്, കംപ്രഷന്‍ ബാഡ്ജ്, പ്ലിന്റ്, ജെഴ്‌സ് ഡിസ്ട്രക്ഷന്‍, സ്‌പൈറല്‍ ബ്രേസ്, ടൈലേഴ്‌സ് ബ്രേസ് തുടങ്ങിയ അധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ചികിത്‌സ നടത്തുന്ന അംഗ തൊഴിലാളികള്‍ക്കും ധന സഹായം ലഭിക്കുന്നതാണ്. ജോലിക്കിടയിലു ണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് സ്ഥായിയായ അവശത സംഭവിക്കുന്ന തൊഴിലാളിക്ക് അവശതയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി 1,00,000/ രൂപ അപകട ധന സഹായമായി നല്‍കി വരുന്നു.
(10) എസ്.എസ്.എല്‍.സി പഠന സഹായം : ക്ഷേമ ബോര്‍ഡില്‍ ഒരു വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയ അംഗങ്ങളുടെ എസ്.എസ്.എല്‍.സിക്കു പഠിക്കുന്ന മക്കള്‍ക്ക് പഠന സഹായമായി 400/ രൂപ ധന സഹായം നല്‍കുന്നു.
(11) ക്യാഷ് അവാര്‍ഡ് ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളുടെ മക്കളില്‍ ഓരോ ജില്ലയിലും എസ്.എസ്.എല്‍.സി ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 3 ആണ്‍കുട്ടികള്‍ക്കും, 3 പെണ്‍കുട്ടികള്‍ക്കും 2500/ , 2000/, 1500/, രൂപ നിരക്കില്‍ എല്ലാ വര്‍ഷവും ക്യാഷ് അവാര്‍ഡ് നല്‍കുന്നു. കേരളത്തിലെ 5 സര്‍വ്വകലാശാലകളില്‍ ഓരോ സര്‍വ്വകലാശാലയും നടത്തുന്ന ബി.എ, ബി.എസ്.സി, ബി.കോം എന്നീ ഡിഗ്രി പരീക്ഷകളില്‍ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കുന്ന നിര്‍മ്മാണ തൊഴിലാളികളുടെ മക്കള്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.സി കോഴ്‌സിന് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടുന്ന നിര്‍മ്മാണ തൊഴിലാളികളുടെ മക്കള്‍ക്കും ക്യാഷ് അവാര്‍ഡും, സ്വര്‍ണ്ണമെഡലും നല്‍കി വരുന്നു. കൂടാതെ പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്കും, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഒന്നാം റാങ്ക് ലഭിക്കുന്ന ബോര്‍ഡിലെ അംഗ തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. ക്യാഷ് അവാര്‍ഡ് തുകകള്‍ അപ്പപ്പോഴുളള ബോര്‍ഡ് തീരുമാനമനുസരിച്ച് നല്‍കുന്നതാണ്.
(12) ഉന്നത വിദ്യാഭ്യാസത്തിനുളള സഹായം ക്ഷേമ ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനായി ബോര്‍ഡ് അംഗീകരിച്ച വിവിധ കോഴ്‌സുകള്‍ക്ക് വിവിധ നിരക്കിലുളള തുക സ്‌കോളര്‍ഷിപ്പായി നല്‍കുന്നു. 3 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ അംഗങ്ങളുടെ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുളള എന്‍ട്രന്‍സ് പരീക്ഷാ കോച്ചിംഗിനായി 5000/ രൂപ ധന സഹായം നല്‍കുന്നു. ഫീസ് അടച്ച രസീത്, പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഇതിന് ഹാജരാക്കണം
(13) മരണാനന്തര ധനസഹായം അംഗ തൊഴിലാളി മരണപ്പെട്ടാല്‍ ടിയാന്റെ നോമിനികള്‍ക്ക്/ ആശ്രിതര്‍ക്ക് മരണാനന്തരാനുകൂല്യമായി 15,000/ രൂപ നല്‍കുന്നു.
(14) അപകടമരണധനസഹായം അംഗ തൊഴിലാളി ജോലിക്കിടയിലുണ്ടാകുന്ന അപകടത്തെ തുടര്‍ന്ന് മരിക്കുകയാണെങ്കില്‍ ടിയാന്റെ അവകാശികള്‍ക്ക്/ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ അപകട മരണ ധന സഹായമായി ലഭിക്കും. ജോലിക്കിടയില്‍ പാമ്പ് കടിയേറ്റു മരിച്ചാലും ഇഡ ആനുകൂല്യം ലഭിക്കുന്നതാണ്.
(15) മരണാനന്തര ചെലവിന് ധനസഹായം അംഗ തൊഴിലാളി മരണപ്പെട്ടാല്‍ ടിയാളുടെ
നോമിനിക്ക് ആശ്രിതര്‍ക്ക് മരണാനന്തര ചെലവുകള്‍ക്കായി 2000/ രൂപ അടിയന്തിര സഹായമായി അനുവദിക്കും. അംഗമായി ചേര്‍ന്ന അവസരത്തില്‍ ഫോറം നമ്പര്‍ 27 ല്‍ നോമിനിക്കായി കാണിച്ചിരിക്കുന്ന വ്യക്തിക്കാണ് തുക ലഭിക്കുക.
(16) ഭവന നിര്‍മ്മാണ വായ്പ:ക്ഷേമ ബോര്‍ഡില്‍ 5 വര്‍ഷത്തെ സജീവ അംഗത്വമുളളവരും 45 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ തൊഴിലാളിക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ 1,00,000/ രൂപ വരെ വായ്പ ലഭിക്കും.
(17) ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ ക്ഷേമ ബോര്‍ഡില്‍ 3 വര്‍ഷത്തെ സജീവ അംഗത്വമുളളവരും 55 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിലിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000/ രൂപ വരെ വായ്പ നല്‍കുന്നു.
(18) റീഫണ്ട് മറ്റേതെങ്കിലും തൊഴില്‍ ലഭിച്ച് നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെടാതിരിക്കുന്നവര്‍ക്ക് അവര്‍ അടച്ചിട്ടുളള അംശാദായ തുക തിരികെ നല്‍കും. 60 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും മരണപ്പെടുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്കും ഇപ്രകാരം റീഫണ്ട് നല്‍കുന്നതാണ്.