കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി

18. കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി
കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധിയിലൂടെ അംഗങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. പെന്‍ഷന്‍
കുറഞ്ഞത് 1 വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരു അംഗത്തിന്, അറുപത് വയസ്സു തികയുന്ന മുറയ്‌ക്കോ സ്ഥിരമായ ശാരീരിക അവശത മൂലമോ അംഗവൈകല്യം മൂലമോ  ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലോ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.  നിലവില്‍ അറുപതു വയസ്സു കഴിഞ്ഞ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിധവാ പെന്‍ഷന്‍/വാര്‍ദ്ധക്യകാലപെന്‍ഷന്‍  തുടങ്ങി ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ലഭ്യമാകാതിരിക്കുകയോ/മറ്റ് ക്ഷേമപദ്ധതി അംഗത്വം ഒന്നും നേടാതിരിക്കുകയോ ചെയ്തിട്ടുള്ള പക്ഷം അവര്‍ക്കും ഈ പദ്ധതി മുഖേന പെന്‍ഷന്‍ ലഭ്യമാകുന്നതാണ്.
2.  കുടുംബ പെന്‍ഷന്‍
കുറഞ്ഞത് അഞ്ച് വര്‍ഷം അംശാദായം അടച്ച ഒരംഗമോ,  ഈ പദ്ധതി പ്രകാരം പെന്‍ഷന്‍് അര്‍ഹമായ അംഗമോ മരണപ്പെട്ടാല്‍ ടി അംഗത്തിന്റെ കുടുംബത്തിന് കുടുംബ പെന്‍ഷന്‍് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. കുടുംബ പെന്‍ഷന്‍ തുക സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി നടപ്പാക്കേണ്ടതാണ്.
3.  പ്രസവാനുകൂല്യം
അംഗത്വമെടുത്ത് 1 വര്‍ഷം പൂര്‍ത്തിയാകുന്ന വനിതാ അംഗത്തിന് പ്രസവധനസഹായമായി 7,500/ രൂപ ലഭിക്കുന്നതാണ്.  എന്നാല്‍ ഈ ആനുകൂല്യം പരമാവധി രണ്ട് തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.
4.  ചികില്‍സാ സഹായം
ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംഗത്വകാലാവധി 6 മാസമെങ്കിലും പൂര്‍ത്തിയാകുമ്പോള്‍ ആശുപത്രിയില്‍ കിടന്നുള്ള ചികില്‍സയ്ക്കു ചികില്‍സാ സഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.
5.  വിദ്യാഭ്യാസാനുകൂല്യം
ഒരു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ -മര്‍ത്ഥരായ മക്കള്‍ക്ക് നിധിയില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്. എസ്.എസ്.എല്‍.സി മുതലുള്ള ഉന്നതപഠനത്തിനാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
6.  മരണാനന്തരചെലവ്
കുറഞ്ഞത്  ഒരു വര്‍ഷമെങ്കിലും നിധിയിലേക്ക് അംശാദായം അടച്ച ഒരംഗം മരണപ്പെട്ടാല്‍ മരണാനന്തര ചെലവുകള്‍ക്കായി 1,000/ രൂപ നിധിയില്‍ നിന്നും ആശ്രിതന്/ആശ്രിതര്‍ക്ക് ലഭിക്കുന്നതാണ്.
7.  മരണാനന്തര സഹായം
അംഗത്വമെടുത്ത് ഒരു വര്‍ഷം കഴിയുന്ന ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ 1 വര്‍ഷത്തിന്നും 5 വര്‍ഷത്തിന്നുമിടയില്‍ അംഗത്വമുള്ളവര്‍ക്ക് 5,000/ രൂപയും, 5 വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ 10,000/ രൂപയും, 10 വര്‍ഷത്തിനും 15 വര്‍ഷത്തിനുമിടയില്‍ 15,000/ രൂപയും, 15 വര്‍ഷത്തിനും 20 വര്‍ഷത്തിനുമിടയില്‍ 20,000/ രൂപയും, 20 വര്‍ഷത്തിന്  മുകളില്‍ 30,000/ രൂപയും,മരണാനന്തര സഹായമായി ആശ്രിതന്/ആശ്രിതയ്ക്ക് ലഭിക്കുന്നതാണ്.
രാഷ്ട്രീയ സ്വസ്ഥ ബീമാ യോജന, ആം ആദ്മി ബീമാ യോജന, ഇതര ക്ഷേമപദ്ധതികള്‍ ഇവയില്‍ ഏതെങ്കിലും വഴി സമാനമായ ആനുകൂല്യങ്ങള്‍ ഏതെങ്കിലും ലഭിക്കുന്നവര്‍ക്ക് മേല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള യോഗ്യതകള്‍
18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളിക്ക് അംഗമായി  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  
അംഗമായി  രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍
അംഗമായി ചേരുന്ന ഗാര്‍ഹിക തൊഴിലാളി  അവര്‍ ജോലി ചെയ്യുന്ന ജില്ലയിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷയോടൊപ്പം രണ്ട് പാസ്‌പ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കേണ്ടതാണ്.  അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനുള്ള അടിസ്ഥാനരേഖയായി സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പോ, ജനനമരണ രജിസ്ട്രാറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ശരിപ്പകര്‍പ്പോ, അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
തിരിച്ചറിയല്‍ കാര്‍ഡ്
അംഗത്വം ലഭിച്ച തൊഴിലാളിക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറില്‍ നിന്നും ലഭിക്കുന്നതാണ്.
അംഗത്വം റദ്ദാക്കല്‍
തെറ്റായ വിവരങ്ങള്‍ നല്‍കി ആരെങ്കിലും അംഗത്വം നേടിയിട്ടുള്ളതായി ബോധ്യപ്പെട്ടാല്‍ അപ്രകാരമുള്ള അംഗത്വം റദ്ദാക്കാന്‍ ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍ക്കോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ  അധികാരം ഉണ്ടായിരിക്കും. എന്നാല്‍ ബന്ധപ്പെട്ട വ്യക്തിക്ക് തന്റെ ഭാഗം വിശദീകരിക്കുവാന്‍ ന്യായമായ അവ-രം നല്‍കിയതിനു ശേഷം മാത്രമായിരിക്കും അംഗത്വം റദ്ദ് ചെയ്യല്‍.