കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്

6. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്
സംസ്ഥാനസര്‍ക്കാരിന്റെയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡാണ് നിധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.  സംസ്ഥാനത്തെ 730 ഫാക്ടറികളിലായി 1,62,483 കശുവണ്ടി തൊഴിലാളികള്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 90 ശതമാനം അംഗങ്ങള്‍ സ്ത്രീകളാണ്. കശുവണ്ടി ഫാക്ടറികളില്‍ 3 മാസം സേവനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാവുന്നതാണ്.
ഒരു ദിവസത്തെ  ജോലിക്കു ക്ഷേമനിധി അംഗമായ തൊഴിലാളിയ്ക്ക്  1 രൂപ  നിരക്കിലും അതേ പ്രകാരം തൊഴിലുടമ ക്ഷേമനിധി അംഗമായ തൊഴിലാളി ഒന്നിന് 1 രൂപ നിരക്കിലും നിധിയിലേയ്ക്ക് അംശാദായം  നല്‍കണം.  തൊഴിലാളികള്‍  അടയ്ക്കുന്ന അംശാദായം ഗ്രാന്റായി  നിധിയിലേയ്ക്ക് വര്‍ഷം തോറും സര്‍ക്കാര്‍ നല്‍കുന്നു.
ആനുകൂല്യങ്ങള്‍
1. പെന്‍ഷന്‍
60 വയസ്സ് തികഞ്ഞവരും ജോലിചെയ്യുവാന്‍ കഴിവില്ലാത്തവരുമായ കശുവണ്ടി തൊഴിലാളികള്‍ക്ക് ഇപ്പോള്‍  പ്രതിമാസം 500 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നു. ഇതിനായി വിരമിച്ചതിനുശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, ഇ.എസ്.ഐ കാര്‍ഡിന്റെ പതിപ്പ്, 2 പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  
2.    എക്‌സ്‌ഗ്രേഷ്യ സാമ്പത്തിക സഹായം
നീണ്ടു നില്‍ക്കുന്ന അസുഖം, ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥായിയായ  അവശത, അപകട മരണം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ അംഗത്തിനോ അവകാശിക്കോ 2500 രൂപ എക്‌സ്‌ഗ്രേഷ്യാ സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനായി കശുവണ്ടി തൊഴിലാളിയായി ജോലിയില്‍ തുടരാന്‍  കഴിയില്ലെന്ന് തെളിയിക്കുന്ന നിശ്ചിത  മാതൃകയിലുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ ആഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
3.    ശവസംസ്‌ക്കാരത്തിന് സാമ്പത്തിക ആനുകൂല്യം
ജോലിയിലിരിക്കുന്നവരും പെന്‍ഷന്‍ വാങ്ങുന്നവരും മരിച്ചാല്‍ അവകാശികള്‍ക്ക് 2000 രൂപയും 1000 രൂപയും നിരക്കില്‍ ശവസംസ്‌ക്കാരത്തിനായി സഹായം നല്‍കുന്നു. മരണം അറിയിച്ചു കഴിഞ്ഞ് 24 മണിക്കൂറിനകം തുക നല്‍കുന്നതാണ്.
4.    പ്രസവാനുകൂല്യം
 സ്ത്രീ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ നിയമപ്രകാരമുളള പ്രസവാനുകൂല്യത്തിന് അര്‍ഹതയില്ലാതെ വന്നാല്‍ 3000 രൂപ പ്രസവാനുകൂല്യ സാമ്പത്തിക സഹായമായി നല്‍കുന്നു.
5.     വിധവകളായ അംഗങ്ങളുടെ പെണ്‍മക്കള്‍ക്കുളള വിവാഹ ധനസഹായം
ക്ഷേമനിധിയില്‍ അംഗങ്ങളായ വിധവകളായവരുടെ രണ്ടു പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി ഫണ്ടില്‍ നിന്നും 1000 രൂപ ധനസഹായം നല്‍കുന്നു. നിശ്ചിത ഫോറത്തില്‍  വിവാഹ തീയതിയ്ക്ക് 30 ദിവസം മുന്‍പ് മുതല്‍ വിവാഹം കഴിഞ്ഞ്  30 ദിവസം വരെ ഇതിനായി അപേക്ഷിക്കാവുന്നതാണ്.  

6.    സ്‌ക്കോളര്‍ഷിപ്പും ക്യാഷ് അവാര്‍ഡും
അംഗങ്ങളുടെ കുട്ടികളെ പഠനത്തില്‍ പ്രോത്‌സാഹിപ്പിക്കുന്നതിനായി  ഹയര്‍ സെക്കന്‍ഡറി മുതല്‍  പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ വിവിധ തരം സ്‌ക്കോളര്‍ഷിപ്പ് നല്‍കി വരുന്നു.  ഹയര്‍ സെക്കന്‍ഡറി/ ഐ.ടി.ഐ/റ്റി.റ്റി.സി / ജനറല്‍ നഴ്‌സിംഗിന് 500 രൂപയും, ഡിഗ്രി/ പോളിടെക്‌നിക്  കോഴ്‌സുകള്‍ക്ക് 750 രൂപയും, ബിരുദാനന്തര ബിരുദം/എല്‍.എല്‍.ബി (3വര്‍ഷം)1000 രൂപയും,  പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 1500 രൂപയും നല്‍കി വരുന്നു.
7.    വസൂലാക്കപ്പെട്ട തുക നല്‍കല്‍
     സേവനത്തിലിരിക്കെ മരണമടയുന്ന അംഗങ്ങള്‍ക്കും  സ്വമേധയാ റിട്ടയര്‍മെന്റ് വാങ്ങിയവര്‍ക്കും മരണമടയുന്ന പെന്‍ഷന്‍കാര്‍ക്കും  അവരില്‍  നിന്നും വസൂലാക്കപ്പെട്ട തുക തിരികെ നല്‍കുന്നു.
8.    ക്യാഷ് അവാര്‍ഡ്
ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ സംസ്ഥാന തലത്തില്‍ ഓരോ വര്‍ഷവും എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപയും 1250 രൂപയും വീതവും നല്‍കിവരുന്നു.
9.    കുടിശ്ശിക പെന്‍ഷന്‍
പെന്‍ഷന്‍ പറ്റുന്നവര്‍ മരണമടഞ്ഞാല്‍ അവരുടെ മരണ ദിവസം വരെയുളള പെന്‍ഷന്‍ തുക നോമിനിക്ക്/നിയമാനുസൃത അവകാശിയ്ക്ക് തിരികെ നല്‍കുന്നു. ഇതിനായുളള അപേക്ഷകള്‍ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ ആഫീസിലേയ്ക്കാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായി അപേക്ഷയോടൊപ്പം പെന്‍ഷന്‍ പാസ്സ് ബുക്കിന്റെ കോപ്പിയും  നോമിനേഷന്‍ ഫയല്‍  ചെയ്തിട്ടില്ലാത്ത കേസുകളില്‍  അവകാശ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

Copyright © 2014 State Planning Board .All Rights Reserved. C-DIT