കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍
കേരളത്തിലെ പട്ടികജാതിപട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തി അവരെ ക്രിയാത്മകമായ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുത്താന്‍ പ്രാപ്തരാക്കുകയും അതുവഴി അവരെ ദേശീയവികസനത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയും അവരുടെ സര്‍വ്വതോന്മുഖമായ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്ന പരമമായ ലക്ഷ്യം മുന്‍നിര്‍ത്തി രൂപംകൊണ്ട സ്ഥാപനമാണ് തൃശ്ശൂരിലുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗവികസന കോര്‍പ്പറേഷന്‍. കോര്‍റേഷന്‍ വിവിധ സ്വയം തൊഴില്‍ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികളും തൊഴിലധിഷ്ഠിതമായ പരിശീലന പരിപാടികളും നടപ്പിലാക്കിവരുന്നു. സമൂഹത്തിലെ പാവപ്പെട്ടവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പദ്ധതിയെക്കുറിച്ച് അറിയുന്നതിനും എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടി 14 മേഖലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേഷന് വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി.)ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ടി.എഫ്.ഡി.സി.) എന്നിവിടങ്ങളില്‍ നിന്നാണ്. കോര്‍പ്പറേഷന്‍ മാത്രമായി വായ്പ നല്‍കുന്ന പദ്ധതികളും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെ വായ്പയും കോര്‍പ്പറേഷന്‍റെ സ്വന്തംവായ്പാ വിഹിതവും ചേര്‍ന്നുള്ള പുനര്‍വായ്പാ പദ്ധതികളുമുണ്ട്. ഇവ കൂടാതെ തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നു.
കോര്‍പ്പറേഷന്‍ മാത്രമായി വായ്പാസഹായം നല്‍കുന്ന പദ്ധതികള്‍
i. ബെനിഫിഷ്യറി ഓറിയന്‍റഡ് പദ്ധതി
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് ചെറിയ ഇടത്തരം സ്വയംതൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുവേണ്ടി വായ്പ നല്‍കുന്നു. ഈ പദ്ധതി പ്രകാരം 1,00,000 രൂപവരെ അനുവദിക്കുന്നതാണ്. അതില്‍ പരമാവധി 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി അനുവദിക്കുന്നുണ്ട്. പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രത്യേക സമയപരിധിയില്ല.
ii. പ്രൊഫഷണല്‍ സര്‍വ്വീസ് പദ്ധതി
നിശ്ചിത സാങ്കേതിക യോഗ്യതയും വൈദഗ്ദ്ധ്യവുമുള്ള (വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ലബോറട്ടറിടെക്‌നീഷ്യന്‍, ഡോക്ടര്‍, എഞ്ചീനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്, ഫാര്‍മസിസ്റ്റ് തുടങ്ങിയവ) പട്ടികജാതിയില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വന്തമായി പ്രാക്ടീസ് ചെയ്യുന്നതിനും സ്വയംതൊഴില്‍ ചെയ്യുന്നതിനുമായി കോര്‍പ്പറേഷന്‍ പരമാവധി 1.50 ലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണ്. അതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നു. വായ്പയുടെ പലിശനിരക്ക് 7ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് പ്രത്യേക സമയപരിധിയില്ല.
iii. വിദേശ തൊഴില്‍ വായ്പാ പദ്ധതി
നിയമാനുസരണം പാസ്‌പോര്‍ട്ട്, വര്‍ക്ക്എഗ്രിമെന്‍റ്, വിസ എന്നിവ നേടിയവരും വിദേശത്ത് തൊഴില്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശതൊഴില്‍ സംബന്ധമായ ധനസഹായം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. പരമാവധി 50,000 രൂപവരെയാണ് വായ്പ നല്‍കുന്നത്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലയളവ് 34 മാസവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iv. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഓട്ടോറിക്ഷ വായ്പാ പദ്ധതി
ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ഉപാധിയെന്ന നിലയില്‍ ഓട്ടോറിക്ഷാ വായ്പ നല്‍കുന്ന പദ്ധതിയാണിത്. പരമാവധി 1,60,000 രൂപവരെയാണ് വായ്പ ന്‌ലകുന്നത്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
v. വിദ്യാഭ്യാസ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, മാനേജ്‌മെന്‍റ്, നഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ച്ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കോര്‍പ്പറേഷന്‍ വായ്പനല്‍കുന്നു. വായ്പ പഠിക്കുന്ന കോഴ്‌സിന്‍റെ സ്വഭാവത്തിനും അംഗീകാരത്തിനും അനുസൃതമായി മാത്രമേ ലഭിക്കുകയുള്ളു. സംസ്ഥാനത്തിനകത്തെ പ്രൊഫഷണല്‍ ബിരുദ/ ബിരുദാനന്തര ബിരുദ പഠനത്തിന് വായ്പാതുക പരമാവധി 1,00,000 രൂപയും മറ്റ് സംസ്ഥാനങ്ങളിലെ പഠനത്തിന് 2,50,000 രൂപയാണ്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി പഠനംകഴിഞ്ഞുള്ള 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
vi. വിദേശ വിദ്യാഭ്യാസ വായ്പാ പദ്ധതി
ഈ പദ്ധതി പ്രകാരം വിദേശത്തുള്ള ഏതെങ്കിലും സര്‍വ്വകലാശാലകളിലോ സ്ഥാപനങ്ങളിലോ വച്ചുള്ള പ്രൊഫഷണല്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നീ തലങ്ങളിലെ പഠനത്തിന് ഒരാള്‍ക്ക് പരമാവധി 10,00,000 രൂപവരെ നിബന്ധനകള്‍ക്കു വിധേയമായി വായ്പ നല്‍കുന്നു. 5 ലക്ഷംരൂപവരെ പലിശനിരക്ക് 6 ശതമാനവും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 8.5 ശതമാനവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
vii. വിവാഹ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതും ദാരിദ്ര്യരേഖക്കു താഴെയുള്ളതുമായ കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനായി 1,00,000 രൂപവരെ വായ്പ നല്‍കുന്നു. പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയ പരിധിയില്ല.
viii. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവരും എട്ടാംതരം മുതല്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്, എം.എഡ്. എന്നീ തലങ്ങളില്‍ സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണിത്. പദ്ധതി പ്രകാരം കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി പരമാവധി 40,000 രൂപവരെ വായ്പയായി അനുവദിക്കുന്നു. 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമയപരിധിയില്ല.
ix. പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള വ്യക്തിഗത വായ്പാ പദ്ധതി
ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്‍റെ വിപണി സജീവമാക്കുന്നതില്‍ ഇടത്തരം വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് വലുതാണ്. ആയതിനാല്‍ വിപണിയില്‍നിന്നും ആവശ്യങ്ങള്‍ നിറവേറ്റാന്‍ പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി കോര്‍പ്പറേഷന്‍ വ്യക്തിഗത വായ്പാ സൗകര്യം ലഭ്യമാക്കുന്നു. പരമാവധി വായ്പാ തുകയായി 50,000 രൂപയും പലിശനിരക്ക് 7ശതമാനവും തിരിച്ചടവ് കാലപരിധി 5 വര്‍ഷവുമായി നിജപ്പെടുത്തിയിരിക്കുന്നു.
x. പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വായ്പ കോര്‍പ്പറേഷന്‍ നല്‍കുന്നു. പരമാവധി 50,000 രൂപവരെ ഒരാള്‍ക്ക് വായ്പയായി നല്‍കുന്നു. വായ്പയുടെ പലിശനിരക്ക് 7ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ പുനര്‍വായ്പാ സഹായം ഉപയോഗിച്ചുകൊണ്ടുള്ള സംയുക്ത പദ്ധതികള്‍
എന്‍.എസ്.എഫ്.ഡി.സി. പദ്ധതികള്‍
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ (എന്‍.എസ്.എഫ്.ഡി.സി.) പുനര്‍വായ്പാ സഹായത്തോടുകൂടി പട്ടികജാതിക്കാര്‍ക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികള്‍.
i) കര്‍ഷകതൊഴിലാളികള്‍ക്കുള്ള കൃഷിഭൂമി വായ്പാപദ്ധതി
ഭൂരഹിതരായ കര്‍ഷകതൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 50 സെന്‍റ് എങ്കിലും കൃഷിക്ക് അനുയോജ്യമായ ഭൂമി വാങ്ങുന്നതിനും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് ഭൂമിയില്‍നിന്നുമുള്ള വരുമാനം വഴി ഉപജീവനം നടത്തുന്നതിനുമുള്ള പദ്ധതിയാണിത്. പദ്ധതി തുകയായ 1,50,000 രൂപയില്‍ പരമാവധി 1 ലക്ഷംരൂപവരെ വായ്പയായും 50,000 രൂപവരെ സബ്‌സിഡിയായും നല്‍കുന്നു. പലിശനിരക്ക് 6ശതമാനവും തിരിച്ചടവ് 8 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
ii) മൈക്രോ ക്രെഡിറ്റ് ഫൈനാന്‍സ് പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവരും സാമ്പത്തികമായി ഏറ്റവും പിന്നോക്കവസ്ഥയിലുള്ളവരുമായ ലഘുസംരംഭകര്‍ക്ക് ഏറ്റവും ചുരുങ്ങിയ മുതല്‍മുടക്ക് ആവശ്യമുള്ളമേഖലകളില്‍ സ്വന്തമായോ കൂട്ടായോ സ്വയംതൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണിത്. പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. പരമാവധി 10,000 രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നതാണ്. വായ്പയുടെ പലിശനിരക്ക് 5%വും തിരിച്ചടവ്കാലാവധി 3 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iii) ത്രീവീലര്‍ ഓട്ടോപിക്കപ്പ്‌വാന്‍ പദ്ധതി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ഉപാധി എന്ന നിലയില്‍ ത്രീവീലര്‍ ഓട്ടോപിക്കപ്പ്‌വാന്‍ വാങ്ങുന്നതിനായി കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. പരമാവധി വായ്പാ തുക 1,50,000 രൂപയാണ്. ഇതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നു. വായ്പാ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
iv) മിനിവെഞ്ചര്‍ പദ്ധതികള്‍
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പനല്‍കുന്ന പദ്ധതികളാണിവ. ഇതിന്‍പ്രകാരം വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്കാവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയസാദ്ധ്യത അനുസരിച്ച് ധനസഹായം നല്‍കുന്നു. പരമാവധി 2 ലക്ഷംരൂപയാണ് ധനസഹായം. അതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
v) ലഘു വ്യവസായ വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട സംരംഭകര്‍ക്ക് ചെറിയ/ഇടത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പരമാവധി 2 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. അതില്‍ 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡി നല്‍കുന്നു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
vi) മഹിളാ സമൃദ്ധി യോജന
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ള ഈ പദ്ധതിയിന്‍ കീഴില്‍ പരമാവധി 30,000 രൂപ വായ്പ നല്‍കുന്നു. സ്ത്രീ സംരംഭകര്‍ക്ക് അവര്‍ക്ക് അനുയോജ്യമായതും എന്നാല്‍ കുറഞ്ഞ മുതല്‍മുടക്ക് മാത്രം വേണ്ടിവരുന്നതുമായ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ട് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനും അതുവഴി അവരുടെ സാമൂഹികസാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ പലിശനിരക്ക് 4 ശതമാനവും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പരമാവധി 10,000 രൂപവരെ സബ്‌സിഡി നല്‍കുന്നു.അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
vii) മഹിളാ കിസാന്‍ യോജന
പട്ടികജാതിയില്‍പ്പെട്ടവരും സംരംഭകത്വ ഗുണമുള്ളവരും സ്വന്തമായി ചെറിയതോതിലെങ്കിലും കൃഷിക്കനുയോജ്യമായ ഭൂമി ഉള്ളതുമായ വനിതകളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഇത്തരം ഗുണഭോക്താക്കള്‍ക്ക് കൃഷിയിലും അനുബന്ധമേഖലകളിലും ചെറിയ മുതല്‍മുടക്ക് ആവശ്യമുള്ള വരുമാനദായകമായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ പരമാവധി 50,000 രൂപവരെ വായ്പ നല്കുന്നു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 10,000 രൂപ വരെ സബ്‌സിഡി നല്‍കുന്നു. വായ്പ പലിശനിരക്ക് 5 ശതമാനവും തിരിച്ചടവ്കാലാവധി 5 വര്‍ഷവുമാണ്.
viii) ശില്‍പി സമൃദ്ധി യോജന പദ്ധതി
സംസ്ഥാനത്തെ പട്ടികജാതിയില്‍പ്പെട്ട കരകഡശല വിദഗ്ദ്ധര്‍, ശില്‍പികള്‍ എന്നിവര്‍ക്ക് അവര്‍ പ്രാവീണ്യം നേടിയ അഥവാ വ്യക്തിമുദ്രപതിപ്പിച്ച മേഖലയില്‍ അനുയോജ്യമായ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്നു. അപേക്ഷകര്‍ക്ക് ഭാരതസര്‍ക്കാരിന്‍റെ ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്‌മെന്‍റ് കമ്മീഷണര്‍ അനുവദിച്ചുനല്‍കിയ ആര്‍ട്ടിസാന്‍ ഐഡന്‍റിറ്റികാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. പരമാവധി വായ്പതുക 50,000 രൂപയാണ്. വായ്പ പലിശനിരക്ക് 5 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
എന്‍.എസ്.എഫ്.ഡി.സി.യുടെ വിദ്യാഭ്യാസ വായ്പാപദ്ധതി
പട്ടികജാതിയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍/സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിനോ അഥവാ എം.ഫില്‍/പി.എച്ച്ഡി. തലങ്ങളില്‍ ഉപരിവിദ്യാഭ്യാസത്തിനോ വേണ്ടി പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നു. പലിശനിരക്ക് ആണ്‍കുട്ടികള്‍ക്ക് 4 ശതമാനവും പെണ്‍കള്‍ക്ക് 3.5 ശതമാനവും ആണ്. തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
എന്‍.എസ്.ടി.എഫ്.ഡി.സി. പദ്ധതികള്‍
ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ പുനര്‍വായ്പാ സഹായത്തോടുകൂടി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നടപ്പിലാക്കുന്ന പദ്ധതികള്‍.
i) ഓട്ടോറിക്ഷ വായ്പാ പദ്ധതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും ഓട്ടോ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജുമുള്ള തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ ഉപാധിയെന്ന നിലയില്‍ പെട്രോള്‍ ഓട്ടോറിക്ഷാവായ്പ നല്‍കുന്നു. പരമാവധി 1,45,000 രൂപയാണ് ധനസഹായം. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
ii) സ്‌മോള്‍ എന്‍റര്‍പ്രൈസസ് പദ്ധതികള്‍
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പനല്‍കുന്ന പദ്ധതികളാണിവ. ഇതിന്‍പ്രകാരം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്കാവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയസാദ്ധ്യത അനുസരിച്ച് ധനസഹായം നല്‍കുന്നു. പരമാവധി 50,000 രൂപവരെ വായ്പ നല്‍കുന്നു. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iii) ആദിവാസി മഹിളാ ശക്തീകരണ്‍ യോജന
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ സഹായത്തോടുകൂടി വളരെകുറഞ്ഞ പലിശനിരക്കില്‍ അവര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം വ്യക്തിഗതയൂണിറ്റൊന്നിന് പരമാവധി 50,000 രൂപവരെ ധനസഹായം അനുവദിക്കുന്നു. വായ്പയുടെ പലിശനിരക്ക് 4 ശതമാനവും തിരിച്ചടവ് കാലാവധി 5വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
iv) പട്ടികവര്‍ഗ്ഗസംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകരെ അവര്‍ക്കനുയോജ്യമായ മേഖലകളില്‍ മുതല്‍മുടക്ക് നടത്തി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. പദ്ധതിയിന്‍കീഴില്‍ വിജയസാദ്ധ്യത പരിശോധിച്ചതിനുശേഷം പരമാവധി 75,000 രൂപവരെ വായ്പ നല്‍കുന്നതാണ്. വായ്പയുടെ പലിശനിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധിയില്ല.
v) സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ)
ഭാരതസര്‍ക്കാരിന്‍റെ ഗ്രാമ വികസന മന്ത്രാലയത്തിന്റെ പദ്ധതിയായ സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന കോര്‍പ്പറേഷന്‍ നടപ്പാക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിപ്രകാരം പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട പരമാവധി 13 അംഗങ്ങളുള്‍പ്പെട്ട ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പദ്ധതിയുടെ വിജയസാദ്ധ്യത അനുസരിച്ച് വായ്പ നല്‍കുന്നു. പരമാവധി 3 ലക്ഷംരൂപ വരെയാണ് ഒരു ഗ്രൂപ്പിന് അനുവദിക്കുന്നത്. ഇതില്‍ പരമാവധി 1,75,000 രൂപവരെ വായ്പയും ബാക്കിതുക സബ്‌സിഡിയുമാണ്. വായ്പ തുക കോര്‍പ്പറേഷനും സബ്‌സിഡി ഗ്രാമവികസന വകുപ്പുമാണ് നല്‍കുന്നത്.
vi) തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍
ദേശീയ പട്ടികജാതി/പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ധന സഹായത്തോടുകൂടിയും കോര്‍പ്പറേഷന്‍ സ്വന്തമായും പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ മാനുഷിക വിഭവശേഷി വളര്‍ത്തിയെടുക്കുവാന്‍ പര്യാപ്തമായ വിധത്തിലുള്ള വിവിധയിനം തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടപ്പാക്കുന്നു. സംരംഭകത്വവികസനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, കൃഷി എന്നീ മേഖലകളിലുള്ള പരിശീലന പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.