ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍
-
1. വിവാഹ സഹായം
ദാരിദ്ര്യരേഖയ്ക്ക് താഴെയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായമായി കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവര്‍ക്ക് 50000 രൂപ നല്കുന്നു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിന്റെ സമുദായസംഘടനയുടെ/ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/മുനിസിപ്പല്‍ കോര്പ്പറേഷന് /പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. -
2. മിശ്രവിവാഹിതര്‍ക്ക് ധനസഹായം
മിശ്ര വിവാഹിതരായ ദമ്പതിമാര്‍ (ഒരാള്‍ പട്ടികജാതിയിലും പങ്കാളി ഇതര സമുദായത്തില്പ്പെട്ടതുമായിരിക്കണം) വിവാഹാനന്തരമുണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കുവാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 50,000 രൂപവരെ ഗ്രാന്റായി നല്കുന്നു. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനകം അപേക്ഷിക്കേണ്ടതാണ്. ഭാര്യാഭര്ത്താക്കന്മാരുടെ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് കുടുംബ വാര്‍ഷിക വരുമാനം, വിവാഹശേഷം ഒരു വര്‍ഷത്തിലധികമായി ഒരുമിച്ചുതാമസിക്കുന്ന സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹസര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍മാര്‍ വഴി ജില്ലാ പട്ടിക വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രതിവര്‍ഷ വരുമാന പരിധി 22,000 രൂപയില്‍ താഴെ ആയിരിക്കണം. അപേക്ഷാ ഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. -
3. ഭൂരഹിത പുനരധിവാസ പദ്ധതി
ദാരിദ്ര്യരേഖയ്ക്കു താഴെയുളള ഭൂരഹിതരായ പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിവഴി ഗ്രാന്റ് നല്‍കുന്നത്. ഗ്രാമങ്ങളില്‍ കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയും, മുനിസിപ്പല്‍, കോര്പ്പറേഷന് പ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നരസെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമങ്ങളില്‍ 1,50,000 രൂപയും മുനിസിപ്പല്‍ പ്രദേശത്ത് 1,75,000/ രൂപയും കോര്‍പ്പറേഷനുകളില്‍ 2,00,000 രൂപയും ഗ്രാന്റായി നല്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങാവുന്നതാണ്.അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
-
4. ഭവന നിര്‍മ്മാണ ഗ്രാന്റ്
ഗ്രാമ പ്രദേശത്ത് സ്വന്തമായി രണ്ട് സെന്റും, നഗര പ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഭവന രഹിതരായ പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് 2,00,000 രൂപ ഭവന നിര്‍മ്മാണ ഗ്രാന്റായി നല്കുന്നു. 30,000/, 60,000/, 80,000/, 30,000/ എന്നീ ക്രമത്തില്‍ നാലു ഗഡുക്കളായി നിര്‍മ്മാണ പുരോഗതിയനുസരിച്ച് തുക ഓണ്‍ലൈനായി അനുവദിച്ച് പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുന്നു.ജാതി, വരുമാനം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍, വാസയോഗ്യമായ ഭവനമില്ലായെന്ന ബന്ധപ്പെട്ട അധികാരിയുടെ സാക്ഷ്യപത്രം, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭവന നിര്‍മ്മാണ ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവസഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാഫോറത്തിന്റെ കോപ്പി അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
-
5. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി
പട്ടികജാതിയിലെതന്നെ അതി ദുര്‍ബല സമുദായങ്ങളായ വേടര്നായാടി, വേട്ടുവ, ചക്ലിയ, കല്ലാടി, അരുന്ധതിയാര്‍ എന്നിവയിലെ ദാരിദ്യരേഖയ്ക്കു താഴെയുളള ഭൂരഹിതരും ഭവന രഹിതരുമായവര്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി 4,50,000 രൂപ (ഭൂമി വാങ്ങുന്നതിന് 2,50,000/ രൂപയും വീട് വയ്ക്കുന്നതിന്2,00,000 / രൂപയും ഒരൊറ്റ യൂണിറ്റായി കണക്കാക്കി) ഗ്രാന്റ് നല്കുന്നു.
ജാതി, വരുമാനം,ഭൂമിയില്ലന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്ന് ഈ ആവശ്യത്തിനായി ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന സക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പല്‍, കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. -
6. വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധി
1998ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികജാതി കുടുംബത്തിലെ വരുമാനദായകര്‍ രോഗം മൂലം മരണപ്പെടുക, കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുക, തീപിടുത്തം, പ്രകൃതിക്ഷോഭം എന്നിവമൂലം ചെലവുവരിക തുടങ്ങിയ അത്യാഹിത സന്ദര്‍ഭത്തില്‍ 25,000/ രൂപ ധനസഹായം നല്കിവരുന്നു. 2012 ലെ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 50000/ രൂപ ധനസഹായമായി നല്കുന്നു. ചികിത്സാ ധനസഹായമായി 1,00,000/ രൂപവരെയും നല്‍കുന്നതാണ്. ഗുണഭോക്താവിന്റെ വാര്‍ഷിക കുടുംബവരുമാനപരിധി 50,000/ രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ബ്ലോക്ക്/മുനിസിപ്പല്‍/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. -
7. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാബത്ത
പട്ടികജാതി വിഭാഗം ഉദ്യേഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി, യു.പിഎസ്.സി, വിവിധസര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും ഹാജരാകുന്നതിന് അര്‍ഹമായ യാത്രാപ്പടി നല്കുന്നു. അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമ/മുനിസിപ്പല്‍/കോര്പ്പറേഷന് സെക്രട്ടറിക്കു നല്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി യാത്രാബത്ത സ്വീകരിക്കാവുന്നതാണ്.