കുടുംബശ്രീ

Category: ഗ്രാമ വികസന വകുപ്പ്

കുടുംബശ്രീ
1.    ആശ്രയഅഗതി പുനരധിവാസ പദ്ധതി
സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ഇടം ലഭിക്കാത്ത നിരാലംബരായ അഗതികള്‍ക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസന ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള പരിചരണ സേവനങ്ങള്‍  ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ആശ്രയ. മനുഷ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, വീട്, ശുദ്ധജലം, ശുചിത്വ സംവിധാനം, തൊഴിലവസരങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയവ ലഭ്യമാക്കാനായി കുടുംബശ്രീയുടെ സാമ്പത്തികേതര ക്ലേശഘടകങ്ങള്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നു.  ഓരോ കുടുംബത്തിനും ആവശ്യമായ പരിചരണ സേവനങ്ങളുടെ പാക്കേജുകള്‍ മൂന്നു വര്‍ഷത്തേയ്ക്കു തയ്യാറാക്കുന്നു.  സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ ഇവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാകുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 9 ക്ലേശഘടകങ്ങളില്‍  ഏറ്റവും കുറഞ്ഞത് 7 ക്ലേശ ഘടകങ്ങളെങ്കിലുമുള്ള കുടുംബങ്ങളെയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളും കുടുംബശ്രീ, സി. ഡി.എസ് തദ്ദേശഭരണ സ്ഥാപന സമിതി എന്നിവര്‍ സംയുക്തമായി അര്‍ഹരായ ഗുണഭോക്താക്കളായി കണ്ടെത്തുന്നത്.


ക്ലേശഘടകങ്ങള്‍
1.    ഉറപ്പുള്ള തറയും സ്ഥിരമായ മേല്‍ക്കൂരയുമില്ല
2.    വീടിന് 300 മീറ്റര്‍ സമീപമെങ്കിലും ശുദ്ധജലം ലഭ്യമല്ല
3.    സാനിറ്ററി കക്കൂസ് ഇല്ല
4.    രണ്ടുനേരം മതിയായ ആഹാരം കഴിക്കാനില്ല
5.    അഞ്ചുവയസ്സിനുതാഴെ പ്രായമായ കുട്ടികള്‍
6.    ഒരാള്‍ മാത്രമോ അല്ലെങ്കില്‍ ആരും തന്നെയോ തൊഴില്‍ ചെയ്യാനില്ലത്ത കുടുംബം
7.    മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട ആരെങ്കിലുമുള്ള കുടുംബം
8.    പ്രായപൂര്‍ത്തിയായ ഒരാളെങ്കിലും നിരക്ഷരന്‍
9.    പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍.


ഓരോ കുടുംബത്തിന്‍റേയും ദാരിദ്ര്യത്തിന്‍റെ തോതളക്കുന്നതിന് മുകളില്‍ സൂചിപ്പിച്ച ഈ ക്ലേശഘടകങ്ങള്‍ ഫലപ്രദമാണ്.  7 മുതല്‍ 9 വരെ ക്ലേശഘടകങ്ങള്‍ ബാധകമായ ഒരു കുടുംബം തീര്‍ച്ചയായും കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവരായിരിക്കും.  ഈ ക്ലേശഘടകങ്ങള്‍ക്കു പുറമേ ചുവടെ ചേര്‍ക്കുന്ന പ്രത്യേക ക്ലേശഘടകങ്ങളില്‍ ഒരെണ്ണമെങ്കിലും ബാധകമായ കുടുംബങ്ങളെ അഗതികുടുംബമായി കണക്കാക്കുന്നു.


1)    സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന തീരാവ്യാധികള്‍ പിടിപ്പെട്ട അംഗങ്ങള്‍ ഉള്ള കുടുംബം
2)    പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍, കടത്തിണ്ണകളിലും, പൊതുസ്ഥലങ്ങളിലും അന്തിയുറങ്ങുന്നവര്‍
3)    ഭിക്ഷയാചിച്ചു കഴിയുന്നവര്‍
4)    അവിവാഹിതരായ അമ്മ, താല്ക്കാലിക വിവാഹബന്ധങ്ങളിലേര്‍പ്പെട്ട ശേഷം ഭര്‍ത്താവിനാലുപേക്ഷിക്കപ്പെട്ടവര്‍
5)    മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമില്ലാത്ത, ഭൗതിക ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട, അകാലത്തില്‍ വിധവകളാകേണ്ടി വന്ന സ്ത്രീകളും വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരാന്‍ നിര്‍ബന്ധിതരായ സ്ത്രീകളും
6)    ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരും ചികിത്സയ്‌ക്കോ പുനരധിവാസത്തിനോ പറ്റിയ ജീവിതസാഹചര്യമില്ലാത്തതുമായ കുടുംബങ്ങള്‍
7)    പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ഒരുവ്യക്തിയും ഇല്ലാത്ത കുടുംബം
8)    അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളുള്ള കുടുംബം


പദ്ധതി കാലാവധി തീരുന്ന മുറയ്ക്ക് തുടര്‍ സേവനം ആവശ്യമുള്ള ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനവും സി.ഡി.എസും ചേര്‍ന്ന് തീരുമാനിക്കുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകുയും ചെയ്യുന്നു.


2.    ബഡ്‌സ് (മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍)
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാര്‍വ്വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പ്രത്യേക വിദ്യാലയങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍.  സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബശ്രീമിഷനാണ് ഇതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നത്.


ബഡ്‌സ് സ്‌കൂളിന്‍റെ ലക്ഷ്യങ്ങള്‍
i)    മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് (ബുദ്ധിമാന്ദ്യം, സെറിബറല്‍ പാള്‍സി, ഓട്ടിസം, മര്‍ട്ടിപ്പിള്‍ ഡിസബിലിറ്റി) പ്രത്യേക വിദ്യാഭ്യാസം ഒരുക്കുക
ii)    ഈ കുട്ടികള്‍ക്ക് അനുയോജ്യമായ വ്യക്തിനിഷ്ട പഠനപരിപാടി (ഐ.ഇ.പി) ആസൂത്രണം ചെയ്യുക
iii)    അനുയോജ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കഴിയാവുന്നത്ര കുട്ടികളെ പൊതു വിദ്യാഭ്യാസ ശൃംഖലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക
iv)    പ്രീ വൊക്കേഷണല്‍ പരിശീലനം ഏര്‍പ്പെടുത്തുക
അനുബന്ധ സേവനങ്ങള്‍
i)    പ്രത്യേക അയല്‍കൂട്ടങ്ങള്‍ മാനേജ്‌മെന്‍റ് സമിതി എന്നിവയുടെ സഹകരണത്തോടെ തൊഴില്‍ പരിശീലനം, പകല്‍ പരിപാലനം, വരുമാനദായക പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക
ii)    21 വയസ്സ് കഴിഞ്ഞവര്‍ക്ക് ആവശ്യ സന്ദര്‍ഭങ്ങളില്‍ പകല്‍പപരിപാലനം ഏര്‍പ്പെടുത്തുക
iii)    ഈ വിഭാഗത്തിന് ആരോഗ്യ പരിശോധന ഉച്ചഭക്ഷണം, ഫിസിയോതെറാപ്പി തുടങ്ങിയവ ഏര്‍പ്പെടുത്തുക