സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ)

1)    സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ)
കേന്ദ്രാവിഷ്‌കൃത ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന  സ്വയം തൊഴില്‍ പരിപാടിയായ സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന 1999 ഏപ്രില്‍ ഒന്നിനു നിലവില്‍ വന്നു.  1978 ലും അതിനുശേഷം വിവിധ വര്‍ഷങ്ങളിലായും നിലവില്‍വന്ന ഐ.ആര്‍.ഡി.പി, ട്രൈസം, മില്യണ്‍വെല്‍ പദ്ധതി, ഗംഗാകല്യാണ്‍ യോജന, ഡി.ഡബ്ല്യൂ.സി.ആര്‍.എ, ഗ്രാമീണ കൈതൊഴിലുപകരണ പദ്ധതി എന്നീ പദ്ധതികള്‍ സമന്വയിപ്പിച്ചാണ് ഈ പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കും ആവശ്യമായ പരിശീലനങ്ങള്‍, സാങ്കേതിക പരിജ്ഞാനം, അടിസ്ഥാന സൗകര്യങ്ങള്‍, വായ്പ, സബ്‌സിഡി, വിപണന സൗകര്യം എന്നിവ ലഭ്യമാക്കി ഗുണഭോക്താക്കളെ ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.  ഈ പദ്ധതി 75:25 എന്ന അനുപാതത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെലവ് വഹിച്ചു വരുന്നു.

ബ്ലോക്കുതലത്തില്‍ തെരഞ്ഞെടുക്കുന്ന മുഖ്യ സാമ്പത്തിക പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതി നടപ്പിലാക്കുന്നു.  ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് എസ്.ജി.എസ്.വൈ സഹായം  നല്‍കുന്നത്.  ഈ പദ്ധതിയില്‍ മൊത്തം ധനസഹായഫണ്ടിന്റെ 75 ശതമാനം സ്വയം സഹായ സംഘങ്ങള്‍ക്കും 25 ശതമാനം വ്യക്തിഗത തൊഴില്‍ സംരംഭകര്‍ക്കും സബ്‌സിഡിയായി നല്‍കുന്നു.  ഇതിനുപുറമേ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയും ലഭ്യമാക്കുന്നു. മൊത്തം ഫണ്ടിന്റെ 50 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും  15 ശതമാനം മതന്യൂനപക്ഷ വിഭാഗത്തിനും 3 ശതമാനം ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും നല്‍കുന്നതാണ്.  ഇതില്‍ തന്നെ 40 ശതമാനം തുക  സ്ത്രീകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുക.

പൊതു വിഭാഗത്തിലുള്ള വ്യക്തിഗത തൊഴില്‍ സംരംഭകര്‍ക്ക് പദ്ധതി അടങ്കല്‍ തുകയുടെ 331/3 ശതമാനം വരുന്ന തുകയും (പരമാവധി 7500 രൂപ) പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അടങ്കല്‍ തുകയുടെ 50 ശതമാനം വരുന്ന തുകയും (പരമാവധി 10000 രൂപ) ധനസഹായം നല്‍കുന്നു.  സ്വയംസഹായസംഘങ്ങള്‍ക്കുള്ള പരമാവധി ധനസഹായം, അടങ്കല്‍തുകയുടെ 50 ശതമാനം  വരുന്ന ആളോഹരി 10,000/ രൂപ എന്ന പരിധിയ്ക്ക്  വിധേയമായി പരമാവധി  1,25,000/ രൂപ ധനസഹായം നല്‍കുന്നു.  എന്നാല്‍ 1,25,000/ രൂപ പരമാവധി ലഭ്യമാകണമെങ്കില്‍ 13 അംഗങ്ങള്‍ സ്വയം തൊഴില്‍  സംരംഭത്തില്‍ ഏര്‍പ്പെടണം.  13 അംഗങ്ങളില്‍  കുറവാണെങ്കില്‍ ഓരോരുത്തര്‍ക്കും 10,000/ രൂപ ക്രമത്തില്‍ ആയിരിക്കും ധനസഹായം ലഭിക്കുക.  ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വായ്പയ്ക്ക് അതാതിടത്തെ വായ്പാ നിബന്ധനകളും പലിശതിരിച്ചടവ് വ്യവസ്ഥകളും ബാധകമായിരിക്കും.

Copyright © 2014 State Planning Board .All Rights Reserved. C-DIT