ഇന്ദിരാ ആവാസ് യോജന

ഇന്ദിരാ ആവാസ് യോജന
ഗ്രാമ പ്രദേശങ്ങളിലെ ഭവന രഹിതരായ പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍ മറ്റു പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വീടു നിര്‍മ്മിക്കുവാന്‍ ധനസഹായം നല്‍കുകയെന്നതാണ് ഇന്ദിരാ ആവാസ് യോജനയുടെ ലക്ഷ്യം.  കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇതില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ ധനവിനിമയം 75:25 എന്ന  അനുപാതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  ഗ്രാമ സഭകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.  വാസയോഗ്യമായ വീടില്ലാത്തവരും രണ്ട് സെന്‍റ്  ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കണം ഗുണഭോക്താക്കള്‍. കുടുംബത്തിലെ വനിതാ അംഗത്തിന്‍റെയോ അഥവാ  ഭാര്യയുടേയും ഭര്‍ത്താവിന്‍റെയും കൂട്ടായ പേരിലോ ആണ് ധനസഹായം നല്‍കുന്നത്.  പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന് 20 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം.  എന്നാല്‍ നിശ്ചിത പ്ലാനും ഡിസൈനും നിര്‍ബന്ധമില്ല. 2012ലെ പുതുക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് 2,00,000 രൂപയും പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് 2,50,000 രൂപയും പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2,00,000 രൂപയും ആയി ധനസഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.   ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ധന സഹായം നല്‍കുന്നു.  ഗുണഭോക്താക്കളെ  തെരഞ്ഞെടുക്കുന്നതിനുള്ള മുന്‍ഗണനാക്രമം താഴെ കൊടുത്തിരിക്കുന്നു.


1)    മോചിക്കപ്പെട്ട അടിസ്ഥാന തൊഴിലാളികള്‍
2)    അതിക്രമങ്ങള്‍ക്കു വിധേയരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
3)    വിധവകളും അവിവാഹിതകളും കുടുംബനാഥരായിട്ടുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
4)    വെള്ളപ്പൊക്കം, തീപിടുത്തം, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്കിരയായ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
5)    അംഗവൈകല്യമുള്ളവര്‍/മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍
6)    ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മറ്റ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത കുടുംബങ്ങള്‍
7)    ജവാന്മാരുടെ വിധവകള്‍ കൃത്യനിര്‍വ്വഹണത്തില്‍ മരണപ്പെട്ട പാരാ മിലിറ്ററി സൈന്യത്തില്‍പ്പെട്ടവരുടെ വിധവകള്‍/കുടുംബങ്ങള്‍.

Copyright © 2014 State Planning Board .All Rights Reserved. C-DIT