ഉള്ളടക്കം
- സാമൂഹ്യനീതിവകുപ്പ്
- കേരള സംസ്ഥാനസാമൂഹ്യക്ഷേമബോര്‍ഡ്
- സാമൂഹ്യസുരക്ഷാമിഷന്
- സംസ്ഥാനവനിതാവികസനകോര്പ്പറേഷന്
- സംസ്ഥാനവനിതാകമ്മീഷന്‍
- സംസ്ഥാനവികലാംഗക്ഷേമകോര്പ്പറേഷന്
- നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്
- കൃഷി വകുപ്പ്
- വ്യവസായവകുപ്പ്
- തൊഴില്‍വകുപ്പ്
- ഗ്രാമവികസനവകുപ്പ്
- ലാന്റ്റവന്യൂ
- പട്ടികജാതി വികസന വകുപ്പ്
- പട്ടികവര്‍ഗ്ഗവികസന വകുപ്പ്
- ഉന്നത വിദ്യാഭ്യാസം
- സാങ്കേതികവിദ്യാഭ്യാസം
- സൈനികക്ഷേമം
- ഇന്‍ഫര്‍മേഷന്‍ & പബ്ളിസിറ്റി
- കേരളത്തിലെ ക്ഷേമനിധിബോര്‍ഡുകള്‍
തൊഴില്‍ വകുപ്പ് മുഖേന നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍
-
1. കേരള കര്‍ഷക തൊഴിലാളി പെന്ഷന് പദ്ധതി
ജി.ഒ.(ആര്.ടി) നമ്പര്‍ 31/80/ തൊഴില്‍ തീയതി 24-04-1980 ലെ ഉത്തരവിന് പ്രകാരം 1480 മുതല്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. കേരള കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുളള തൊഴിലാളികള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്ഷന് നല്കിവരുന്നു. ഒരു ഭൂഉടമ നല്കുന്ന കൂലിയ്ക്ക് പ്രതിഫലമായി ഭൂഉടമയുടെ കൃഷിഭൂമിയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത കാലം പണിയെടുക്കുകയും, ഉപജീവനത്തിനായി പ്രതിഫലത്തെ ആശ്രയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കര്‍ഷകതൊഴിലാളി. കര്‍ഷകതൊഴിലാളിയുടെ വാര്‍ഷിക വരുമാനം 11,000/ രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. പെന്ഷന് ലഭിക്കുന്നതിന് തൊഴിലാളിയുടെ ഗ്രാമപഞ്ചായത്തിലാണ് അപേക്ഷ കൊടുക്കേണ്ടത്. 400 രൂപയാണ് പ്രതിമാസ പെന്ഷന്. 549109 ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നല്കിവരുന്നു. -
2. കേരള മരം കയറ്റ തൊഴിലാളി ആശ്വാസ ധനസഹായ പദ്ധതി
പി.ഒ.(ആര്.ടി.) 41/80/ തൊഴില്‍ തീയതി 13580 ന് പ്രകാരം നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ചെത്തുതൊഴിലാളി ഒഴികെ, കൂലിക്കോ, പ്രതിഫലത്തിനോ വേണ്ടി മരംകയറ്റ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കവെ അപകടം മൂലം മരണം സംഭവിക്കുകയോ, സ്ഥായിയായ അവശത സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ ധനസഹായം നല്കുന്ന പദ്ധതിയാണിത്. സ്ഥായിയായ അവശത അനുഭവിക്കുന്ന തൊഴിലാളിക്ക് 25000/ രൂപയും മരണം സംഭവിക്കുന്ന തൊഴിലാളിയ്ക്ക് 50,000/ രൂപയും സഹായം നല്കിവരുന്നു. അത്യാഹിതം/മരണം സംഭവിച്ച ദിവസം മുതല്‍ 90 ദിവസത്തിനകം അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദിഷ്ഠ പ്രൊഫോര്‍മയില്‍ അപേക്ഷ നല്‍കേണ്ടതാണ്. അവശതയ്ക്ക് തൊഴിലാളിയും മരണത്തിന് ആശ്രിതനും അപേക്ഷിക്കേണ്ടതാണ്. -
3. 2007 ലെ എസ്റ്റേറ്റ് തൊഴിലാളി ദുരിതാശ്വാസ ധനസഹായ പദ്ധതി
പ്രകൃതിക്ഷോഭം, വെളളപ്പൊക്കം, പകര്‍ച്ചവ്യാധി, കഠിനമായ ദാരിദ്ര്യം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. പദ്ധതി പ്രകാരം തൊഴിലാളിയ്ക്ക് ഒറ്റത്തവണ ധനസഹായമായി 1000/ രൂപയുടെ സഹായം നല്കിവരുന്നു. അര്‍ഹതയുള്ള തൊഴിലാളികളെ ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് കണ്ടെത്തി ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള തുക ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന് അനുവദിക്കുന്നു. -
4. കേരള അണ്‍ഓര്‍ഗനൈസ്ഡ് റിട്ടയേര്‍ഡ് വര്‍ക്കേഴ്സ് പെന്ഷന് പദ്ധതി 2008
കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നും 60 വയസ്സ് പൂര്‍ത്തീകരിച്ച് റിട്ടയര്‍ ചെയ്തവര്‍ക്കും പത്ത് വര്‍ഷം അംഗത്വ കാലാവധിയുള്ളവരുമായ അംഗങ്ങള്‍ക്ക് ഈ സ്കീം പ്രകാരമുള്ള പെന്ഷന് ലഭിക്കുന്നതാണ്. നിലത്തെഴുത്താശാന്‍, ആശാട്ടി തുടങ്ങി വിവിധ സംഘടിത വിഭാഗങ്ങളിലായിട്ടുള്ളവര്ക്ക് പെന്ഷന് നല്‍കാനുള്ള ഈ പദ്ധതി 8/2008 ല്‍ നിലവില്‍ വന്ന ഒരു പെന്ഷന് പദ്ധതിയാണിത്. പെന്ഷന് ലഭിക്കുന്നതിന് അര്‍ഹരായവരുടെ പേരും വിശദാംശങ്ങളും ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷണര്‍ ഓഫീസ് മുഖാന്തിരം അയച്ചുകൊടുക്കുന്നു. തൊഴിലാളി ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുകയും അപേക്ഷ അതാത് ജില്ലകളിലെ ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് നല്‍കുകയും ചെയ്യുന്നു. നിലവില്‍ 400 രൂപ വീതം 6279 ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നല്കിവരുന്നു. -
5. 2007 ലെ സംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ആശ്വാസ ക്ഷേമ പദ്ധതി
സര്‍ക്കാരിന്റെ ജി.ഒ. (ആര്.റ്റി) നമ്പര്‍ 1172/08/തൊഴില്‍ 02072008 ഉത്തരവ് പ്രകാരം സംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. മാറാരോഗങ്ങളാല്‍ (ക്യാന്‍സര്‍, ഹൃദ്രോഗം, ടി.ബി, ട്യൂമര്‍) കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് 2000/ രൂപ വീതം ഒറ്റത്തവണ സഹായം അനുവദിച്ചു വരുന്നു. അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസിലാണ് നല്‍കേണ്ടത്. അപേക്ഷയിന്മേല് ആവശ്യമായ അന്വേഷണം നടത്തി പാസാക്കിയ ശേഷം ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന പ്രകാരം തുക അനുവദിച്ചു നല്കുന്നു. -
6. രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന (RSBY)
കേന്ദ്ര പ്ലാനിംഗ് കമ്മീഷന് നിര്‍ണ്ണയിച്ചിട്ടുള്ള സംസ്ഥാനത്തെ ബി.പി.എല്‍ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ച് 20-08-09 വര്‍ഷം ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. തൊഴിലാളി, ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, ആശ്രിതരായ രക്ഷാകര്ത്താക്കള് (ബി.പി.എല്‍ പട്ടികയിലുണ്ടെങ്കില്‍) ഉള്‍പ്പെടെ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വാര്‍ഷിക ചികിത്സാ ഇന്‍ഷ്വറന്‍സ് പരിരക്ഷ 30,000/ രൂപയാണ്. ഇതിന്റെ ചിലവ് 3:1 എന്ന അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരാണ് വഹിയ്ക്കുന്നത്. ചിയാക്കാണ് ആര്.എസ്.ബി.വൈ യുടെ നോഡല്‍ ഏജന്‍സി. രജിസ്ട്രേഷന് അക്ഷയ സെന്ററുകള്‍ നടത്തി വരുന്നു. ആയതിന് മാധ്യമങ്ങള്‍ വഴി പരസ്യം പ്രിദ്ധീകരിക്കും. അപ്പോള്‍ ബന്ധപ്പെട്ട അക്ഷയ സെന്ററില്‍ അപേക്ഷ നല്കി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ആര്.എസ്.ബി.വൈ ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. -
7. ആം ആദ്മി ബീമാ യോജന
കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ തുല്യ പങ്കാളിത്തത്തോടെ 200708ല്‍ ഗ്രാമീണ മേഖലയിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. ഈ പദ്ധതി അനസരിച്ച് ഓര്‍ഗനൈസ്ഡ് സെക്ടറില്‍ ജോലി ഇല്ലാത്ത കുടുംബനാഥനെയോ, അല്ലെങ്കില്‍ കുടുംബത്തിലെ വരുമാനമുള്ള (അണ്ഓര്ഗനൈസഡ് സെക്ടര്‍) ഒരു വ്യക്തിയെയോ ഇന്‍ഷ്വര്‍ ചെയ്യുന്നു. പദ്ധതിയുടെ പ്രീമിയം 200/ രൂപയാണ്. ഈ പദ്ധതിയിന്‍ കീഴില്‍ താഴെ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.
(എ) സ്വാഭാവിക മരണം 30,000/
(ബി) അപകട മരണം 75,000/
(സി) അപകടം മൂലം ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യം 75,000/
(ഡി) അപകടം മൂലം ഉള്ള അംഗവൈകല്യം ( ഒരു കണ്ണോ, ഒരു കാലോ നഷ്ടപ്പെടുക) 37,500/
(ഇ) ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ( ഒരു കുട്ടിക്ക് പ്രതിമാസം 100/ രൂപ വീതം ) 200/ രൂപ
ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ചിയാക്കാണ്. അപേക്ഷ ബന്ധപ്പെട്ട അക്ഷയ സെന്ററില്‍ ചിയാക്കിന്റെ പരസ്യം പ്രസിദ്ധീകരിക്കുമ്പോള്‍ നല്കിയാല് മതിയാകും. -
8. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ആര്.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജനങ്ങളാണ് ഈ പദ്ധതിയിന്‍ കീഴില്‍ വരുന്നത്. ഈ കുടുംബങ്ങളെ രണ്ടായി തരം തിരിക്കുന്നു. (എ) ആസൂത്രണ കമ്മീഷന്റെ പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരും (ബി) ആസൂത്രണ കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് തയ്യാറാക്കിയിട്ടുള്ള പട്ടികയിലും സംസ്ഥാനസര്‍ക്കാരിന്റെ പട്ടികയിലും ഉള്‍പ്പെടാത്ത എ.പി.എല്‍ കുടുംബങ്ങള്‍ ആദ്യത്തെ വിഭാഗത്തില്‍ ആര്.എസ്.ബി.വൈ ഗുണഭോക്താക്കള്‍ക്ക് ബാധകമായ അതെ തുക ടി ഗുണഭോക്താക്കളും കൊടുക്കേണ്ടതാണ്. അവശേഷിക്കുന്ന എല്ലാ ചെലവുകളും സ്മാര്‍ട്ട് കാര്‍ഡിന്റെ ചെലവുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണ്. രണ്ടാമത്തെ വിഭാഗത്തിലുള്ള കുടുംബങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ ചെലവുള്‍പ്പെടെ പ്രീമിയം തുക മൊത്തം ഗുണഭോക്താക്കള്‍ വഹിക്കേണ്ടതാണ്.ബി.പി.എല്‍ വിഭാഗത്തിലുള്ള ക്യാന്‍സര്‍, ഹൃദയം, വൃക്കരോഗങ്ങള്‍ ബാധിച്ചവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ചിയാക്കിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. അപേക്ഷകള്‍ ബന്ധപ്പെട്ട അക്ഷയ സെന്റെര് വഴി സ്വീകരിക്കുന്നു.
-
9. 2012-ലെ കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്ഷന് പദ്ധതി
1980- ലെ കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം കീഴില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു മരംകയറ്റ തൊഴിലാളി വീഴുകയും പരിക്കു പറ്റുകയുമാണെങ്കില് 25,000 രൂപയും മരിക്കുകയാണെങ്കില്‍ 50,000 രൂപയും നല്കിവരുന്നു. ഒറ്റത്തവണ നല്കുന്ന ഈ സഹായത്തിന് പുറമേ, വീണു ജോലി ചെയ്യാന്‍ കഴിയാത്ത വിധം പരിക്ക് പറ്റുന്ന തൊഴിലാളിയുടെ മരണം വരെയോ, മരത്തില്‍ നിന്ന് വീണ് മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതയ്ക്ക് പ്രായമോ, വരുമാനമോ ബാധകമാക്കാതെ ഒരു അവശതാ പെന്ഷന് പദ്ധതിയും തൊഴിലാളിയുടെ കുട്ടികള്‍ക്കു വേണ്ടി വിദ്യാഭ്യാസ സഹായ പദ്ധതിയുമുള്പ്പെടുന്നതാണ് ഈ പദ്ധതി.നിലവില്‍ പെന്ഷന് 400/ രൂപയാണ്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് മരംകയറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ആം ആദ്മി ബീമാ യോജന പ്രകാരമോ, മറ്റ് സമാന പദ്ധതി പ്രകാരമോ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമായില്ലെങ്കില്‍ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം 100/ രൂപ നിരക്കിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 200/ രൂപ നിരക്കിലും സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.
-
10. 2012 - ലെ സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളി പ്രസവാനുകൂല്യ പദ്ധതി
കേരളത്തിലെ ക്ഷേമനിധി ബോര്‍ഡുകള്‍/ പദ്ധതികള്‍ പ്രസവാനുകൂല്യം നല്‍കുന്നത് സ്ത്രീ തൊഴിലാളികളുടെ ശമ്പളം നിലനിര്‍ത്തിക്കൊണ്ടാണ്. 500 മുതല്‍ 3000 രൂപ വരെ വ്യത്യസ്ത നിരക്കില്‍ നല്കി വരുന്നു. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി അര്‍ഹതപ്പെട്ട കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഈ പുതിയ പദ്ധതി. ജി.ഒ (എം.എസ്) 52/12/തൊഴില്‍ തീയതി 27-03-2012 പ്രകാരം ഈ പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.ഓരോ ക്ഷേമനിധി ബോര്‍ഡിലും/ പദ്ധതിയിലും അംഗമായിട്ടുള്ള തൊഴിലാളി പ്രസവാവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. പ്രസവാനുകൂല്യം ലഭ്യമാക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബോര്‍ഡിന്റെ പദ്ധതിയിലെ വ്യവസ്ഥ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്കുന്നതിനോടൊപ്പം പ്രസവാവധി ആരംഭിച്ച തീയതി മുതല്‍ മൂന്ന് മാസക്കാലയളവിലേക്ക് നിയമപ്രകാരം ടി തൊഴിലാളിക്ക് ലഭ്യമാകാന്‍ അര്‍ഹതയുള്ള മിനിമം വേതനം തൊഴിലാളിക്ക് ലഭ്യമാക്കുന്നതിന് പ്രസവാനുകൂല്യമായി തൊഴിലാളിക്ക് ലഭ്യമാകുന്ന തുകയും മൂന്ന് മാസത്തെ അര്‍ഹതപ്പെട്ട മിനിമം വേതനവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ടി തുക ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ്/ പദ്ധതി തുക തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് മുഖേന തൊഴിലാളിക്ക് നല്കുന്നു. ഇപ്രകാരം അധികമായി തൊഴിലാളിക്ക് നല്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍, തൊഴിലാളി തുക കൈപ്പറ്റിയ രസീതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ലേബര്‍ കമ്മീഷണര്‍ക്ക് മേല്‍വിവരങ്ങള്‍ ബോദ്ധ്യപ്പെടുന്ന പക്ഷം അധികമായി നല്കിയ തുക ബോര്‍ഡിന്/ പദ്ധതിക്ക് ലേബര്‍ കമ്മീഷണര്‍ പ്രതിപൂരണം ചെയ്ത് നല്‍കുന്നതാണ്.
-
11. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമ്പത്തിക താങ്ങല് പദ്ധതി
പരമ്പരാഗത മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള 25,000/ രൂപയോ, അതില്‍ കുറവോ വാര്‍ഷിക വരുമാനമുള്ള തൊഴിലാളികള്‍ക്ക് സാമ്പത്തിക താങ്ങല് നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയാണിത്. 20-10-11 ല്‍ ആരംഭിച്ച ഈ പദ്ധതിയിന്‍ കീഴില്‍ മത്സ്യത്തൊഴിലാളികള്‍ ബീഡി/ഖാദി/കയര്‍, മത്സ്യ സംസ്ക്കരണം, കൈത്തറി, കുട്ട, പായ്നെയ്ത്ത് തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രതിവര്‍ഷം ഏകദേശം 1000/ രൂപ നിരക്കില്‍ സാമ്പത്തിക പിന്തുണ സഹായമായി നല്‍കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. തൊഴില്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി കയര്‍, കൈത്തറി, ഫിഷറീസ്, വ്യവസായ വാണിജ്യ വകുപ്പ്, ഖാദി തുടങ്ങിയ വകുപ്പുകളിലൂടെയും, ഈറ്റ കാട്ടുവള്ളി, ബീഡി സിഗാര്‍, കൈത്തറി എന്നീ ബോര്‍ഡുകളിലൂടെയും പദ്ധതി തുക ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് നല്കുന്നു.