ആമുഖം
നമ്മുടെ സംസ്ഥാനം വിവിധ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നവര്ക്കും തകര്‍ന്ന കൂട്ടുകുടുംബ വ്യവസ്ഥിതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും ആനുകാലികമായി വര്‍ദ്ധിച്ചുവരുന്ന വ്യത്യസ്ത പീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നവര്ക്കും തണലേകിക്കൊണ്ട് സമൂഹനന്മയ് ക്കായി ധാരാളം സാമൂഹ്യ ക്ഷേമ പരിപാടികളും അതോടൊപ്പം അവശതര്ക്ക് പെന്ഷന് ആനുകൂല്യങ്ങളും വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. തൊഴിലെടുത്തു ജീവിക്കുന്ന മേഖലയിലെ സംഘടിതവും അസംഘടിതവുമായ തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ ക്ഷേമ ബോര്‍ഡുകള്‍ സ്ഥാപിച്ച് കഴിയുന്നത്ര ക്ഷേമ പരിപാടികള്‍ ഏര്‍പ്പെടുത്തി വിവിധ സഹായ പദ്ധതികള്‍ രൂപം നല്‍കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പല ക്ഷേമാനുകൂല്യങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടപ്പാക്കിവരുന്നു.
ഉയര്‍ന്ന സാക്ഷരതയും, അവകാശബോധവും, വിവരാവകാശനിയമപ്രഖ്യാപനവും ഒക്കെയുണ്ടെങ്കിലും യഥാസമയങ്ങളില്‍ ക്ഷേമ പരിപാടികളെപ്പറ്റിയും വിവിധ സഹായ പദ്ധതികളെക്കുറിച്ചും പെന്ഷന് വിവരങ്ങളെക്കുറിച്ചും യഥാസമയം അറിയാന്‍ കഴിയാത്ത ഒട്ടേറെപേര്‍ ഇന്നും സമുഹത്തിലുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇവര്‍ക്ക് വേണ്ടുന്ന വിവരങ്ങള്‍ നല്കാന് തദ്ദേശഭരണസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, മറ്റ് സ്വയംസഹായസമിതികള്, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബാധ്യതയുണ്ട്.