തൃശ്ശൂര്‍ കാഴ്ചകളുടെ പൂരപ്പറമ്പാണെന്ന് ചിലര്‍ പറയും. മേളക്കാരുടെതും ആനകളുടേതുമാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ തനതു കേരളീയ സദ്യയുടെയും കോള്‍ നിലങ്ങളുടെയും നാടാണെന്നതും വിസ്മരിക്കാന്‍ കഴിയില്ല. സമ്മിശ്രമായ ജനവിഭാഗത്തിന്റെ ജീവിതചര്യകള്‍ ഇഴപിരിയുന്ന സാംസ്‌കാരിക ഭൂമിയില്‍ വലിയ ആല്‍മരങ്ങള്‍ പോലെ ആകാശത്തിലേക്ക് ശിഖരങ്ങള്‍ നീട്ടി ആഴങ്ങളിലേക്ക് വേരുകളാഴ്ത്തി എല്ലാ കാലത്തിനും സാക്ഷിയായി മായ്ച്ചുകളയാന്‍ കഴിയാത്തവിധം അലിഞ്ഞു ചേര്‍ന്നതാണ് ഈ നാടിന്റെ ചൈതന്യം. ചെണ്ട മേളം മുറുകുമ്പോള്‍ പൂരങ്ങളുടെ നാട്ടില്‍ ഉത്സവമായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും ആലവട്ടവും വെഞ്ചാമരവും ഈ നാടിന് നല്‍കിയ പേരാണ് തൃശ്ശിവപേരൂര്‍. നീട്ടിയും കുറുക്കിയുമുള്ള ഭാഷാശൈലിയും ചരിത്രത്തോളം വളര്‍ന്ന ആനക്കഥകളും ആകാശത്ത് പൊട്ടിവിടരുന്ന അമിട്ടിന്റെ വിസ്മയങ്ങളുമെല്ലാം കാഴ്ചകളിലേക്ക് മിന്നിമറയുമ്പോള്‍ ഈ ദേശം ഉണരുകയായി. എണ്ണിയാലൊടുങ്ങാത്ത പുരുഷാരത്തിനെ സാക്ഷിനിര്‍ത്തി വടക്കും നാഥന്‍ എഴുന്നെള്ളുമ്പോള്‍ യുഗാന്തരങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട തൃശ്ശൂരിന്റെ സാംസ്‌കാരിക ഗാഥകള്‍ക്കെല്ലാം നൂറ് നൂറ് ഭാവങ്ങളായി. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന ഖ്യാതി എക്കാലവും സ്വന്തമാക്കിയിരിക്കുന്ന ഈ മണ്ണില്‍ മുളപൊട്ടി വളര്‍ന്നതെല്ലാം മലയാളത്തിന്റെ അഭിമാനവുമാണ്.


പുലികള്‍ പിന്നെ പൂരങ്ങള്‍

തൃശ്ശൂര്‍ പൂരത്തിന് പകരമാകാന്‍ മറ്റൊരു പൂരമില്ല. കാലങ്ങള്‍ക്ക് മുമ്പേ ഇലഞ്ഞിത്തറയില്‍ മേളം മുറുകുമ്പോള്‍ ഈ നാടിന്റെ സിരകളില്‍ ആരവങ്ങള്‍ അലയടിച്ചുയര്‍ന്നിരുന്നു. ലോകത്തിന്റെ ഏതു കോണിലായാലും പൂരത്തിനും പുലികളിക്കും നാട്ടിലെത്തുകയെന്ന വീണ്ടുവിചാരം തൃശ്ശൂര്‍ക്കാരൊന്നും തെറ്റിക്കാറില്ല. അത്രയുമധികം ഈ നാടിനോട് ഇതെല്ലാം സൗഹൃദം സ്ഥാപിച്ചിരിക്കുന്നു.
ശക്തന്‍ തമ്പുരാന്റെ കാലത്താണ് പൂരം പിറവിയെടുത്തതെന്ന് പറയപ്പെടുന്നു. രണ്ടു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമാണ് പൂരത്തിനുള്ളത്. അതിനു മുമ്പ് വരെ ആറാട്ട്പുഴയില്‍ മാത്രമായിരുന്നു പൂരം. മുപ്പത്തിമുക്കോടി ദേവന്‍മാരും ഈ പൂരത്തിന് എത്തുന്നുവെന്നാണ് വിശ്വാസം. ഒരിക്കല്‍ ആറാട്ട്പുഴ പൂരത്തിന് ദേവിദേവന്‍മാര്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതിന് പ്രായശ്ചിത്തമെന്നോണമാണ് ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥന്റെ മണ്ണില്‍ പൂരം തുടങ്ങിയതെന്നാണ് ഐതീഹ്യം. ചെറുപൂരങ്ങള്‍ ഇടകലര്‍ന്നതോടെ തൃശ്ശൂരിലെ വലിയ പൂരത്തിന് പിന്നീടിങ്ങോട്ട് വളര്‍ച്ചയുടെ പടവുകളായി. തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിമരം ഉയര്‍ന്നാല്‍ പിന്നെ പൂരത്തിന് പിറ്റേന്ന് പുലര്‍ച്ചെയുള്ള വെടിക്കെട്ടിനുശേഷമാണ് ജനാവലി ഇവിടെ നിന്നും മടക്കയാത്ര തുടങ്ങുക.
പൂരം കഴിഞ്ഞാല്‍ തൃശ്ശൂരില്‍ പുലികളിക്കാണ് പ്രധാന്യം.പുലിമുഖത്തിന്റെ മുഖംമൂടിയണിഞ്ഞ് ശരീരത്തില്‍ പുലി വരയിട്ട് കുംഭകുലുക്കി ഇറങ്ങുന്ന മനുഷ്യപ്പുലികള്‍ നഗരത്തിനെ ഉത്സവത്തില്‍ ആറാടിക്കുന്നു. തിരുവോണ പിറ്റേന്നാണ് തൃശ്ശൂരിന്റെ പുലികളി.


അതിരപ്പിള്ളിയിലേക്ക് പോകാം

നഗരത്തിരക്കുകളില്‍ നിന്നും അവധി പറഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് അതിരപ്പിള്ളിയിലെ കാട്ടുചോലകളും കാട്ടരുവികളും കുളിരുപകരും. പശ്ചിമ ഘട്ടത്തിന്റെ ഒരു പകുതിയില്‍ നിന്നും മറുപകുതിയിലേക്ക് പുറപ്പെട്ട അരുവി പാറക്കെട്ടുകള്‍ ചാടി ഇവിടെ നിന്നും താഴ്‌വാരത്തിലേക്ക് നിതാന്തമായി ഒഴുകുന്നു. തൃശ്ശൂരില്‍ നിന്നും 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ സഹ്യന്റെ മടിത്തട്ടിലെത്താം.ആകാശം തൊട്ടുവളര്‍ന്ന പച്ചപ്പ് നിറഞ്ഞ ഗിരിനിരകളില്‍ നിന്നും സമൃദ്ധമായുള്ള നീരൊഴുക്ക് അതിരപ്പിള്ളിയെ കാലങ്ങളായി സക്രിയമാക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നാണിത്. വാഴച്ചാലിനെയും തമിഴ് നാട്ടിലെ വാല്‍പ്പാറയെയും ബന്ധിപ്പിക്കുന്ന റൂട്ടായതിനാല്‍ എക്കാലത്തും ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഈ മഴക്കാടുകള്‍. വന്യജീവികളും പക്ഷികളും അപൂര്‍വ സസ്യങ്ങളുമെല്ലാം ഇവിടെ സൈ്വരജീവിതം പൂരിപ്പിക്കുന്നു. സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയവയുടെയും അനേകം ചിത്രശലഭങ്ങളുടെയും ആവാസ മേഖലകൂടിയാണിത്. ഇതിനരികില്‍ അഞ്ചു കിലോമീറ്ററോളം മുന്നോട്ടു പോയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടമായി. ഷോളയാര്‍ വനത്തിന്റെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. 800 അടി ഉയരത്തില്‍ നിന്നുമാണ് ഈ ജലപാതം താഴേക്ക് പതിക്കുന്നത്. പെരിങ്ങല്‍ക്കൂത്ത് അണക്കെട്ട്, ചാര്‍പ്പ വെള്ളച്ചാട്ടം, തുമ്പൂര്‍മുഴി, ഡ്രീംവേള്‍ഡ് സില്‍വര്‍‌സ്റ്റോം വാട്ടര്‍ തീം പാര്‍ക്കുകളും ഇതിനരികില്‍ തന്നെയുള്ള വിനോദ കേന്ദ്രങ്ങളാണ്.
പീച്ചി വാഴാനി വന്യജീവി സങ്കേതവും സഞ്ചാരികളുടെ പ്രിയ ഇടമാണ്. പ്രകൃതി ഒരുക്കിയ ഹരിതഭാവങ്ങള്‍ തേടി ഇവിടേക്ക് സഞ്ചാരികളുടെ ഇടമുറിയാത്ത ഒഴുക്കുണ്ട്. തൃശ്ശൂരിന് 20 കിലോ മീറ്റര്‍ കിഴക്ക് മാറിയാണ് ഈ വന്യജീവി സങ്കേതം. പാലപ്പിള്ളി നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണിത്. ശരാശരി വാര്‍ഷിക മഴ 3000 മില്ലിമീറ്റര്‍ ലഭിക്കുന്ന ഈ കാടുകള്‍  ജന്തുജാലങ്ങളുടെ കലവറകൂടിയാണ്. സഞ്ചാരികള്‍ക്കായി പീച്ചി ഗസ്റ്റ് ഹൗസില്‍ താമസസൗകര്യമുണ്ട്. 125 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലുള്ള ആ സങ്കേതം രാജവെമ്പാലയടക്കമുള്ള ഉരഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. പീച്ചി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളെ ചുറ്റിയുള്ള കാനന യാത്ര തന്നെയാണ് ഇവിടുത്തെ പ്രധാന വിനോദം. പ്രകൃതിയുടെ മടിത്തട്ടില്‍ കാടിനെ തൊട്ടറിഞ്ഞുള്ള യാത്ര ഇഷ്ടപ്പെടുന്നവരെ ഈ കേന്ദ്രം നിരാശരാക്കില്ല.

ചിമ്മിനി ഡാമിന്റെ മനോഹാരിത

കാഴ്ചകളുടെ കവാടമാണ് ചിമ്മിനി ഡാം. പശ്ചിഘട്ടത്തിലെ നെല്ലിയാമ്പതിയുടെ പടിഞ്ഞാറെ ചെരിവിലാണ് ഈ അണക്കെട്ട്. തൃശ്ശൂരില്‍ നിന്നും 40 കിലോമീറ്റര്‍ വന്ന് ആമ്പല്ലൂരില്‍ നിന്നും 28 കിലോമീറ്ററെത്തിയാല്‍ ചിമ്മിനി ഡാമെത്തി. 1984 ല്‍ പ്രഖ്യാപിതമായ വന്യജീവി സംരക്ഷണ കേന്ദ്രംകൂടിയാണിത്. ഇന്ത്യന്‍ ഉപദ്വീപിലെ നാനാതരം സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും  കലവറയാണ് ഈ ജൈവവൈവിധ്യ കൂടാരം. വിനോദ സഞ്ചാരികള്‍ക്കായി ട്രക്കിങ്ങ്, ബാംബൂ റാഫ്റ്റിങ്ങ്, ബട്ടര്‍ഫ്‌ളൈ സഫാരി തുടങ്ങിയവയെല്ലാം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറം ലോകത്ത് നിന്നും ഒഴിഞ്ഞ വിനോദ സഞ്ചാര മേഖലയാണിത്. കുറമാലി മൂപ്ലിയം പുഴ ചുറ്റി വളയുന്ന കുന്നുകള്‍ കൂടിയാണ് ചിമ്മിനിയില്‍ നിന്നുമുള്ള കാഴ്ചകള്‍. പീച്ചി വാഴാനി നെല്ലിയാമ്പതി തുടങ്ങിയ വനമേഖലയുടെ ഭാഗം കൂടിയാണിത്. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി രൂപവത്കരിച്ചിട്ടുള്ള ആനമുടി എലിഫന്റ് റിസര്‍വിന്റെ ഒരു ഭാഗം എന്ന നിലയിലും ചിമ്മിനി പ്രസിദ്ധമാണ്.


മതമൈത്രിയുടെ ആത്മീയവഴികള്‍

ഭാരതത്തിലേക്ക് ക്രൈസ്തവരുടെ വരവിന് മുസരിസ് എന്ന കൊടുങ്ങല്ലൂര്‍ സാക്ഷ്യമാണ്. യഹൂദരാണ് ഈ തീരത്ത് ആദ്യമെത്തിയതെന്ന അനുമാനമുണ്ട്. ക്രിസ്തുവര്‍ഷം 52 ല്‍ വിശുദ്ധ തോമാസ്ലീഹ മാല്യങ്കരയിലെത്തി ജില്ലയിലെ മിക്കയിടങ്ങളിലും സന്ദര്‍ശിച്ചു. പാലയൂര്‍ തീര്‍ഥാടന കേന്ദ്രം, റോമിലെ ബസലിക്കയുടെ മാതൃകയില്‍ നിര്‍മിച്ച പുത്തന്‍ പള്ളി എന്നിവയെല്ലാം സ്ഥാപിച്ചത് അദ്ദേഹമാണെന്നാണ് നിഗമനം. ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന മുസ്‌ലീം പള്ളി ചേരമാന്‍ ജുമാ മസ്ജിദ് കൊടുങ്ങല്ലൂരിലാണ്. അര്‍ണോസ് പാതിരിയടക്കമുള്ളവരുടെ സന്ദര്‍ശനം കൊണ്ട് പ്രസിദ്ധമായ ആമ്പല്ലൂര്‍ പള്ളി, കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് ചര്‍ച്ച്, കൊരട്ടി സെന്റ് മേരീസ് ചര്‍ച്ച്, മാപ്രാണം ഹോളി ക്രോസ് പള്ളി, മാര്‍ത്താ മറിയം ബിഗ് ചര്‍ച്ച്, പഴഞ്ഞി പള്ളി എന്നിവയെല്ലാം ഇവിടുത്തെ പ്രമുഖ ക്രിസ്ത്യന്‍ ആരാധനാലയങ്ങളാണ്. സെന്റ് തോമസ് കപ്പലിറങ്ങിയതും കൊടുങ്ങല്ലുരാണെന്നാണ് ചരിത്രമതം.

വടക്കുംനാഥ ക്ഷേത്രം തൃശ്ശൂരിന്റെ ആത്മീയ തേജസ്സിന്റെ മുഖമുദ്രയാണ്. തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തന്‍ തമ്പുരാനാണ് ഈക്ഷേത്രത്തെ പുതുക്കി പണിതത്. വടക്കും നാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട് എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. തൃശ്ശൂരിലെത്തുന്ന ആര്‍ക്കും ഈ ക്ഷേത്രത്തെ വലം വെക്കാതെ പോകാന്‍ കഴിയാത്ത വിധമാണ് ടൗണിന്റെ രൂപകല്പ്പന. തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് കേരളത്തിലെ തന്നെ പ്രശസ്ത ആരാധനലായമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ ഏക ടൗണ്‍ഷിപ്പ് കൂടിയാണിത്. ഈ ക്ഷേത്രത്തിന് 5000 ത്തിലേറെ വര്‍ഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് പുന്നത്തൂര്‍ കോട്ട. ക്ഷേത്രത്തിന്റെ ഉയമസ്ഥതയിലുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണിത്. 66 ആനകള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ക്ഷേത്രത്തിലെത്തുന്നവര്‍ ഇവിടവും സന്ദര്‍ശിക്കാറുണ്ട്. പാറമേക്കാവ് ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ആറാട്ടുപുഴ, പെരുവനം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ക്ഷേത്രം, ആര്യന്നൂര്‍ ക്ഷേത്രം, ശ്രീ മഹേശ്വര ക്ഷേത്രം, ഉത്രാളിക്കാവ് ക്ഷേത്രം തിരുവാണിക്കാവ് ക്ഷേത്രം, തിരുവില്വാമല എന്നിങ്ങനെ ധാരാളം ഹൈന്ദവ ആരാധനാലയങ്ങളും ഇവിടെയുണ്ട്.


കൈരളിയുടെ സാംസ്‌കാരിക ഭൂമിക

കൈരളിയുടെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശ്ശൂര്‍. സാംസ്‌കാരിക മേഖലക്ക് ഈ മണ്ണ് നല്‍കിയത് ഒട്ടേറെ സംഭാവനകളാണ്. കലയ്ക്കും സാഹിത്യത്തിനും നല്ല വേരോട്ടമുള്ള ഈ മണ്ണിലാണ് കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിത കലാ അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ആസ്ഥാനം. 1930 ല്‍ വള്ളത്തോള്‍ നാരായണമേനോനും മുകുന്ദ രാജയും ചേര്‍ന്ന് സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്. ഈ സ്വയം കല്പ്പിത സര്‍വകലാശാലയില്‍ ഭരതകലകള്‍ അഭ്യസിപ്പിക്കുന്നു. കഥകളി, കൂടിയാട്ടം, ഭരതനാട്യം, ഓട്ടം തുള്ളല്‍, മോഹിനിയാട്ടം, പഞ്ചവാദ്യം എന്നിങ്ങനെയുള്ള കലകള്‍ക്ക് ഈ സ്ഥാപനം നല്‍കുന്ന സംഭാവന ചെറുതല്ല. അന്യം നിന്നുപോകുന്ന കേരളീയ കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ സംരക്ഷിച്ച് പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയെന്ന ലക്ഷ്യമാണ് ഇവിടെ നിറവേറുന്നത്. കൂത്തമ്പലങ്ങളും കളരികളുമുള്ള ഈ കലാക്ഷേത്രത്തില്‍ പഠനം നടത്താന്‍ വിദേശീയര്‍ പോലും എത്താറുണ്ട്. പേരുകേട്ട കലാകാരന്‍മാരുടെ ശിക്ഷണവും ഇവിടെ ലഭ്യമാണ്.

മലയാള ഭാഷയെയും അതിന്റെ പൈതൃകങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി സ്ഥാപിതമായതാണ് കേരള സാഹിത്യ അക്കാദമി. തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ് കനകക്കുന്നില്‍ ഇത് സ്ഥാപിച്ചത്. പിന്നീട് 1958 ല്‍ ഈ സ്ഥാപനം തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. പ്രമുഖ സാഹിത്യകാരന്‍ മാരുടെ പോര്‍ട്രെയിറ്റ് ഗാലറിയും ശബ്ദലൈബ്രറിയും ഇവിടെയുണ്ട്. വിവിധ സര്‍വകലാശാലകളുടെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യവും ലൈബ്രറിയില്‍ ലഭ്യമാണ്. സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍. കലാ പരിപോഷണത്തിനായി നിലകൊള്ളുന്ന ലളിതകലാ അക്കാദമി കേരളത്തിന്റെ അഭിമാനമാണ്. സമ്പന്നമായൊരു ആര്‍ട്ട് ഗാലറിയും ഇവിടെ ഒരുക്കിയിരിക്കുന്നു. സംഗീത നാടക അക്കാദമിയും അരങ്ങുണര്‍ത്തുന്നു.

ശക്തന്‍ തമ്പുരാന്‍ പാലസ് ഈ നഗരത്തിന്റെ വശ്യതകളില്‍ ഒന്നാണ്.വടക്കേക്കര കൊട്ടാരം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഡച്ച് വാസ്തു ശില്പകലയുടെ നേര്‍ക്കാഴ്ചയാണിത്. ഉദ്യാനവും സര്‍പ്പക്കാവും കുളങ്ങളുമെല്ലാം ഇവിടെ സമ്പന്നമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം പഴയകാലത്തെ മെഗാലിത്തുകളുടെ ശേഖരം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വീരക്കല്ലുകള്‍, ഓലയിലെഴുത്തുകള്‍ എന്നിവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെ ചെറുരൂപങ്ങളും പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഇവിടെയുണ്ട്. തൃശ്ശൂര്‍ ടൗണില്‍ നിന്നും മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മ്യൂറല്‍ ആര്‍ട്ട് മ്യൂസിയം, വള്ളത്തോള്‍ മ്യൂസിയം, വൈദ്യരത്‌നം ആയുര്‍വേദ മ്യൂസിയം തുടങ്ങിയവയും തൃശ്ശൂരിന് തിലക ചാര്‍ത്തായുണ്ട്. ക്രാങ്ങന്നൂര്‍ ഫോര്‍ട്ട്, വില്യം ഫോര്‍ട്ട് എന്നിവയും ആകര്‍ഷണങ്ങളാണ്.

ബീച്ചുകളും മ്യൂസിയവും മൃഗശാലയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും എപ്പോഴും ഇവിടെ തിരക്കിലമരുന്നു. ക്ഷേത്രങ്ങള്‍ വന്യജീവി സങ്കേതങ്ങള്‍ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ തിരയുന്നതൊക്കെ തൃശ്ശൂരിലുണ്ട്. ചാവക്കാട് ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് പെരുമാളിന്റെ നാട്ടിലെത്തുന്ന സഞ്ചാരികള്‍ കുറവല്ല. നാട്ടിക ബീച്ച്, സ്‌നേഹതീരം ബീച്ച് പോലുള്ള കടല്‍ക്കരയില്‍ സമയം ചെലവിടാന്‍ ധാരാളം വിനോദ സ്ഞ്ചാരികള്‍ എത്താറുണ്ട്. കൊടുങ്ങല്ലൂരിന്റേത് ചരിത്ര പ്രാധാന്യമുള്ള കടല്‍ത്തീരമാണ്. ഇവിടെയാണ് നൂറ്റാണ്ടുകള്‍ മുമ്പ് കടല്‍ കടന്ന് വന്ന മതപ്രബോധകര്‍ കാലുകുത്തിയത്. ഭരണി ഉത്സവങ്ങള്‍ക്ക് പേരുകേട്ട കൊടുങ്ങല്ലൂര്‍ ക്ഷേത്രവും പങ്കിടുന്നത് മാനവികതയുടെ സന്ദേശമാണ്. വിശാലമായ കോള്‍ നിലങ്ങളും ഉയര്‍ത്തുന്ന വിജയഗാഥകളും ഈ നാടിന്റെ പാരമ്പര്യമാണ്. കാഴ്ചകളാല്‍ സമ്പന്നമായ തൃശ്ശൂരിന്റെ ഖ്യാതികള്‍ ഇങ്ങനെയൊക്കെ നീളുകയാണ്.

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...