സംസ്‌കൃത നാടകങ്ങള്‍ക്ക് കേരളത്തില്‍ ഉണ്ടായ ഒരു പ്രത്യേക അഭിനയരൂപമാണ് കൂടിയാട്ടം. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ സമ്പ്രദായം കേരളീയര്‍ ഇന്നും കാത്തുസൂക്ഷിച്ചുപോരുന്ന പൈതൃക സംസ്‌കൃതിയാണ്. അതുകൊണ്ടാണ് 'മാനവസംസ്‌കൃതിയുടെ വാമൊഴി പാരമ്പര്യത്തിന്റെ മഹാപൈതൃക സ്മാരക'മായി യുനെസ്‌കോ കൂടിയാട്ടത്തെ അംഗീകരിച്ചത്. ഭാരതീയ നാടകവേദിക്കും കേരള നാടകവേദിക്കും ലഭിച്ച മഹത്തായ അംഗീകാരമാണിത്.
12 ാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന കുലശേഖരവര്‍മന്‍ എന്ന രാജാവാണ് ഈ രംഗത്തെ ആദ്യ വിപ്ലവകാരി. കൂടിയാട്ടം രംഗത്തെ എക്കാലവും സ്മരിക്കപ്പെടുന്ന മറ്റൊരാള്‍ പൈങ്കുളം രാമചാക്യാര്‍ എന്ന കുലപതി തന്നെ. ചാക്യാര്‍ മഠങ്ങളുടെയും കൂത്തമ്പലങ്ങളുടെയും മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ഈ കലാരൂപത്തെ പൊതുജനമധ്യത്തില്‍ എത്തിച്ചതിന്റെ കീര്‍ത്തി അദ്ദേഹത്തിനുതന്നെ അവകാശപ്പെടാം.

ഇവരുടെ പാത പിന്തുടര്‍ന്ന മാര്‍ഗി സതി എന്ന അനുഗൃഹീത കലാകാരി കൂടിയാട്ടത്തിന് നല്‍കിയത് നിസ്തുലമായ സംഭാവനകളാണ്. നേട്ടങ്ങളുടെ നീണ്ട പട്ടികയുണ്ടതില്‍. സതിയുടെ സംഭാവനകള്‍ തന്നെയാണ് കൂടിയാട്ടവേദികളിലെ എക്കാലത്തെയും സ്ത്രീ സ്മരണ. കാരണം നങ്ങ്യാരമ്മക്കൂത്തിനായി പുതിയൊരു കഥാതന്തു ആവിഷ്‌കരിച്ച വിപ്ലവകാരി എന്ന പേര് സതിക്കു മാത്രം അവകാശപ്പെട്ടതാണ്.

കുലശേഖര വര്‍മന്റെ ശ്രീകൃഷ്ണചരിതം ആയിരുന്നു നങ്ങ്യാരമ്മക്കൂത്തിലെ ഇതിവൃത്തം. കലാമണ്ഡലത്തിലെ പഠനശേഷം തിരുവനന്തപുരത്ത് മാര്‍ഗിയില്‍ ഉപരിവിദ്യാഭ്യാസവും അരങ്ങില്‍ നിരവധി അവസരങ്ങളും ലഭിച്ച മാര്‍ഗി സതി എന്ന നര്‍ത്തകി ചിന്തിച്ചു: 'നങ്ങ്യാരമ്മക്കൂത്തിന് കൂടുതല്‍ രംഗാവതരണ പ്രമേയങ്ങള്‍ വേണ്ടതല്ലേ? എന്തുകൊണ്ട് ശ്രീരാമന്റെ കഥകള്‍ കൂടി ആയിക്കൂടാ?'' സതി ഗവേഷണം ആ വഴിക്കു തിരിച്ചുവിട്ടു. ഭവഭൂതിയുടെ ഉത്തമരാമചരിതത്തെ ആധാരമാക്കി, രാമായണം കഥയില്‍ സ്ത്രീവേഷത്തിന് പ്രാമുഖ്യമുള്ള ഭാഗങ്ങള്‍ തെരഞ്ഞെടുത്ത്, സീതയുടെ ജീവിതത്തില്‍ സംഘര്‍ഷഭരിതായ മുഹൂര്‍ത്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി, സീതയുടെ നിര്‍വഹണാഭിനയമായി ശ്രീരാമചരിതം നങ്ങ്യാരമ്മക്കൂത്ത് ആട്ടപ്രകാരം സതി രചിച്ചു. പിന്നീടതിന് പുസ്തകരൂപം കൈവന്നു. മാര്‍ഗിക്കകത്തും പുറത്തും നിരവധി അരങ്ങുകളില്‍ ഈ കഥ അവതരിപ്പിച്ച് ജനപ്രീതി നേടി. ഗുരുനാഥനായ പൈങ്കുളത്തിന്റെ പാത പിന്തുടര്‍ന്ന് കൂടിയാട്ടത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയ വിപ്ലവകരമായ ഒരു സംഭാവനയാണിത്; കൂടിയാട്ടത്തിലെ മൂന്നാമത്തെ വിപ്ലവകാരി. അതാണ് മാര്‍ഗി സതി.

കൂടിയാട്ടത്തില്‍ മാര്‍ഗി സതിയോളം രംഗശ്രീയുള്ള നര്‍ത്തകിമാര്‍ വിരളം. നങ്ങ്യാരമ്മക്കൂത്തെന്ന കലാരൂപത്തിന് സഹൃദയ പ്രശംസയും ജനപ്രീതിയും നേടിക്കൊടുത്ത സത്രീരത്‌നമാണവര്‍. ഇതിനിടെ നോട്ടം, ദൃഷ്ടാന്തം എന്നീ ചലച്ചിത്രങ്ങളിലും പ്രധാന നടിയായി. തന്നെ ഒരുതികഞ്ഞ കലാകാരിയാക്കിയ മാര്‍ഗിയോട് അവര്‍ എന്നും കൂറുപുലര്‍ത്തി. നല്ലൊരധ്യാപിക കൂടിയായ സതിയെ ദുരന്തങ്ങള്‍ പിന്തുടര്‍ന്നു. നോട്ടത്തിന്റെ ചിത്രീകരണവേളയില്‍ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ പോറ്റി ഷോക്കേറ്റ് മരണപ്പെട്ടു. 50 ാം വയസ്സില്‍ അനുഗൃഹീതയായ ആ നര്‍ത്തകിക്ക് അന്ത്യം സംഭവിച്ചു.

 സതി എന്ന വിഖ്യാത നര്‍ത്തകിയുടെ വിപ്ലവകരമായ സംഭാവനയായി ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് എന്നും നിലനില്‍ക്കും. കാരണം അതിനുള്ള രൂപഭംഗിയും ഭദ്രതയും കൂടിയാട്ടമെന്ന കലയുടെ ആത്മാവ് തൊട്ടറിഞ്ഞ ആവിഷ്‌കാരമാണ് എന്നതുതന്നെ.

Add comment


Security code
Refresh

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...