സാമൂഹിക സമ്പര്‍ക്ക മാധ്യമം അഥവാ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നാല്‍ നമുക്ക് ഫേസ്ബുക്ക് തന്നെയാണ്, ട്വിറ്ററും ഡയ്‌സ്‌പൊറയും ഒക്കെ ഉണ്ടെങ്കിലും മലയാളി ഓണ്‍ലൈന്‍ ജനസംഖ്യ അധികമായി ചേക്കേറുന്നത് ഫേസ്ബുക്കില്‍ തന്നെ. ഇന്റര്‍നെറ്റ് പകര്‍ന്ന് തരുന്ന തുറന്നതും വിശാലവുമായ വിനിമയ സാങ്കേതികത ഉപയോഗിച്ച് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ പരസ്പരം കണ്ണികളാക്കപ്പെടുന്ന സൈബര്‍ സംവിധാനമാണ് സമൂഹസമ്പര്‍ക്ക മാധ്യമം എന്ന് പറയാം. വിശേഷിച്ച് ഒരു അധികപണച്ചെലവും ഇല്ലാതെ ഇന്റര്‍നെറ്റ് ബന്ധമുള്ള ഉപകരണത്തില്‍ നിന്നും ആര്‍ക്കും ഈ വിശ്വവ്യാപനവലയില്‍ അംഗങ്ങളാകാം. അംഗങ്ങളായാല്‍ നമുക്ക് എഴുതാം, ഫോട്ടോകള്‍ പങ്കുവയ്ക്കാം, പരിപാടികള്‍ (ഇവന്റ്) ആസൂത്രണം ചെയ്യാം. അങ്ങനെ നാനാവിധ ഉപയോഗങ്ങള്‍. ഇനി ഒന്നും പറയാനും എഴുതാനും ഇല്ലങ്കില്‍ പോലും അവരവരുടെ ചങ്ങാതി വലയത്തില്‍ ഉള്ളവര്‍ എഴുതിയത്, അവര്‍ പങ്കിട്ടത് ഒക്കെ വായിക്കാം. അതായത് സ്വന്തമായി എഴുതാന്‍ അത്ര താത്പര്യം ഇല്ലാത്തവര്‍ പോലും നന്നായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന തരത്തില്‍ ആണ് കാര്യങ്ങളുടെ ഘടന.

സ്വഭാവികമായും ഇങ്ങനെയുള്ള ഒരു അവനവന്‍ മാധ്യമത്തില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് പഴയകാല സുഹൃത്തുക്കളെ എളുപ്പത്തില്‍ കണ്ടെത്താനാകുന്നു, പുതിയ ചങ്ങാത്തങ്ങള്‍ സംഘടിപ്പിക്കാനാകുന്നു. സംഘടനകള്‍ അല്ലെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അണികളെ തമ്മില്‍ സദാ സമ്പര്‍ക്കത്തില്‍ ആയി നിലനിര്‍ത്താന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ നല്ലത് പോലെ സഹായകരമാകുന്നുണ്ട്. ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം സെലിബ്രിറ്റികള്‍ അഥവാ വാര്‍ത്താ താരങ്ങള്‍ ഇന്ന് ഈ സ്വതന്ത്രമായ മാധ്യമ ഇടത്ത് സക്രീയ സാന്നിദ്ധ്യമാണ്. സിനിമാ/സ്‌പോര്‍ട്ട്‌സ് മേഖല മാത്രമല്ല രാഷ്ട്രീയക്കാരും എന്തിനധികം ഉദ്യോഗസ്ഥരും ഇവിടെ നിത്യ സാന്നിദ്ധ്യം. ചിലയിടങ്ങളില്‍ ട്വിറ്ററിനാണ് പ്രാമുഖ്യം കൂടുതല്‍, മറ്റ് ചിലയിടങ്ങളില്‍ ഫേസ്ബുക്കും. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ട്വിറ്ററില്‍ സജീവ സാന്നിദ്ധ്യമാണ്, പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടക്കം സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ വഴി പങ്ക് വച്ച് ജനങ്ങളുമായി തല്‍ക്ഷണം ബന്ധപ്പെടാന്‍ സാധിക്കുന്ന ഈ നവസാങ്കേതിക രൂപത്തെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ആകെട്ടെ ഫേസ്ബുക്ക് പേജ് വഴി ജില്ലാഭരണകൂടത്തെ ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഇടനിലക്കാരില്ലാത്ത ചാനല്‍ ആക്കി മാറ്റി. ജനങ്ങളില്‍ നിന്നുള്ള പരാതികളും അവരുടെ ആശയാഭിലാഷങ്ങളും സ്വീകരിച്ച്, ജനാഭിപ്രായം എളുപ്പത്തില്‍ സ്വരൂപിച്ച് ആസൂത്രണത്തിലും പദ്ധതി നിര്‍വഹണത്തിലും പുതുമകള്‍ പരീക്ഷിക്കുന്നു. ഇതിനുള്ള ജനങ്ങളുടെ പ്രതികരണം ഒരു ദിശാസൂചകം ആണ്. സമീപഭാവിയില്‍ തന്നെ ഇത് എങ്ങനെ സര്‍ക്കാര്‍ തലത്തില്‍ ഉപയോഗിച്ച് തുടങ്ങും എന്നതിന്റെ ചില സാധ്യതകള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ (https://www.facebook.com/CollectorKKD) ഫേസ്ബുക്ക് വാളില്‍ നിന്ന് നമുക്ക് അറിയാം.


ഫേസ്ബുക്ക് എഴുത്ത് എവിടെ വരെ ആകാം?

സാധാരണ പൗരന്മാര്‍ ആകട്ടെ, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ഈ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. എഡിറ്റര്‍ ഇല്ലാത്ത മാധ്യമം ആയതിനാല്‍ സ്വാഭാവികമായും മനസില്‍ തോന്നുന്നത് ടൈംലൈനില്‍ ഇടം പിടിക്കും. അവരവര്‍ക്ക് തോന്നുന്ന ശരി മറ്റൊരാള്‍ക്ക് ശരി ആകണമെന്നില്ല എന്നത് കൊണ്ട് തന്നെ, ഈ അവനവനെഴുത്ത് പലപ്പോഴും വ്യക്തികള്‍ തമ്മിലുള്ള ഉരസലിനും വാഗ്വാദത്തിനും എത്തിച്ചേരുന്നു എന്നതില്‍ തര്‍ക്കമില്ല. മറ്റ് ചില അവസരങ്ങളില്‍ അത് വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ എതിരെയുള്ള അപകീര്‍ത്തി ആയി മാറുന്നുമുണ്ട്. ഇന്റര്‍നെറ്റ് ഇതര ഇടങ്ങളില്‍ അഭിപ്രായം പറയുന്ന ആളിനെ പല തരത്തില്‍ അറിയാന്‍ സാധിക്കും, എന്നാല്‍ സൈബര്‍ സ്‌പെയ്‌സില്‍ വ്യാജപ്പേരിലോ അല്ലെങ്കില്‍ ഒളിഞ്ഞിരുന്നോ നടത്തുന്ന ഇടപാടുകള്‍ക്ക് ആളെ തിരിച്ചറിയാന്‍ പ്രയാസമാണല്ലോ, അങ്ങനെയെങ്കില്‍ ആ പഴുത് ഉപയോഗിച്ച് ആര്‍ക്കെതിരെയും എന്തും പറയാം എന്നത് പെട്ടെന്ന് സാധ്യമാണന്ന് തോന്നുമെങ്കിലും ശരിയായ സാങ്കേതിക തെളിവെടുപ്പിന്റെ പിന്‍ബലമൂണ്ടങ്കില്‍ കുറ്റക്കാരെ പിടികൂടാന്‍ അത്ര താമസമൊന്നും എടുക്കില്ല. ഐടി ആക്ടിലെ 66A റദ്ദ് ചെയ്‌തെങ്കിലും മറ്റ് പല വകുപ്പുകളും, ഐടി ആക്ടിനു പുറത്തെ ശിക്ഷാ നിയമങ്ങളും ചട്ടങ്ങളുമെല്ലാം അപകീര്‍ത്തി, ദേശവിരുദ്ധത തുടങ്ങിയ വിഷയങ്ങള്‍ ഒക്കെ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണ്.

മറ്റാളുകളുടെ പേരില്‍ വിലാസം ഉണ്ടാക്കി പറ്റുമെങ്കില്‍ അവരുടെ ഫോട്ടോ കൂടി ചേര്‍ത്ത് വച്ച് എഴുതി പൊല്ലാപ്പ് ഉണ്ടാക്കുന്നവര്‍ക്ക് ഒരു പഞ്ഞവുമില്ല ഇന്ന് സൈബര്‍ ഇടനാഴികളില്‍. മുന്‍പ് സെലിബ്രിറ്റികള്‍ക്കായിരുന്നു ഈ വ്യാജപ്പേരിന്റെ തലവേദന എങ്കില്‍, അതിപ്പോള്‍ അതിര്‍ത്തികള്‍ കടന്ന് അയല്‍പക്ക തര്‍ക്കമോ അല്ലെങ്കില്‍ രണ്ട് പേര്‍ തമ്മിലുള്ള വെറുപ്പും വിദ്വേഷവുമൊക്കെ തീര്‍ക്കാന്‍ വ്യാജപ്പേരില്‍ ഫേസ്ബുക്കില്‍ അടക്കം എഴുതി തീര്‍ക്കുന്നത് വരെ എത്തി നില്‍ക്കുന്നു. Hacking, Identtiy Theft, Fake Facebook Account, Libelous Facebook Pages ഒക്കെ ശിക്ഷയിലേക്ക് നയിക്കുന്ന ഇലക്ട്രോണിക് ഇടപാടുകളായി വന്ന് ഭവിക്കും എന്നത് ഓര്‍മിക്കുക.

സമൂഹമാധ്യമങ്ങളില്‍ അസഭ്യത (obscene), അശ്ലീലത (pornography) എന്നിവ പ്രസരിപ്പിക്കുന്നത് ഓണ്‍ലൈന്‍ പരിസരത്ത് കുറ്റകൃത്യമാണ്. വ്യക്തിസ്വകാര്യതയെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാട് എന്ന പോലെ ക്യാമറ ഉള്ള ഫോണ്‍ ഉണ്ടെങ്കില്‍ അതെന്തും പകര്‍ത്താന്‍ ഉള്ള ലൈസന്‍സ് അല്ല, മറുഭാഗത്ത് വരുന്ന ആളിന്റെ അനുമതി കിട്ടിയിട്ടേ അതൊക്കെ ഫേസ്ബുക്കില്‍ ഇടാവൂ എന്ന് ശഠിക്കുന്നത് പ്രായോഗികമായി നടപ്പാവുമെന്ന് കരുതാനാവില്ല, പക്ഷെ എടുത്ത ചിത്രത്തില്‍ അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ സംഗതി കൈവിട്ട് പോകും. സ്വകാര്യത എന്നത് വളരെ ആപേക്ഷികമാണ്, പല ആളുകളും അതിനെ പല അളവുകോല്‍ ഉപയോഗിച്ച് കാണുന്നു. അത്‌കൊണ്ട് തന്നെ അപരന്റെ സ്വകാര്യതയെ മാനിക്കുക. എന്തെങ്കിലും പ്രശ്‌നമുണ്ടായ ശേഷം അത് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മായിച്ചു കളഞ്ഞ് തടി തപ്പാം എന്നും കരുതേണ്ട. ഇതിനോടകം തന്നെ പ്രസ്തുത ചിത്രം/എഴുത്ത് പകര്‍ത്തി വച്ചിട്ടുള്ളവര്‍ ഉണ്ടാകും, മറ്റ് ചിലരാകട്ടെ അത് തന്‍ പടി സ്‌ക്രീന്‍ ഷോട്ട് എടുത്ത് വാട്ട്‌സ് അപ്പിലോ ടെലഗ്രാമിലോ ഇട്ട് കറക്കുന്നു, അല്ലെങ്കില്‍ അവരുടെ റ്റൈം ലൈനിലും പതിപ്പിച്ചിട്ടുണ്ടാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംഗതി കൈവിട്ട് പോകാന്‍ ഇടയുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞ വാക്കും, കൈ വിട്ട ആയുധവും പോലെ ആണ് സൈബര്‍ എഴുത്ത്. നമ്മുടെ നിയന്ത്രണത്തില്‍ എല്ലായ്‌പ്പോഴും നില്‍ക്കണമെന്നില്ല. എന്ന് വച്ച് എന്തിനെയും ഏതിനേയും സംശയദൃഷ്ടിയോടെ സമീപിക്കേണ്ട കാര്യവുമില്ല. ജനാധിപത്യ ലോകത്ത് ഇന്നിന്റെ സാധ്യത തന്നെയാണ് സാമൂഹിക മാധ്യമങ്ങള്‍, അത് യുക്തമായി ഉപയോഗിക്കുന്നത് ഭരണത്തെ, സാമൂഹിക ചുറ്റുപാടുകളെ മെച്ചപ്പെട്ട സുതാര്യതയില്‍ കൊണ്ട് വരാന്‍ ഉപകരിക്കും. വര്‍ധിച്ച സുതാര്യത എന്നാല്‍ കുറഞ്ഞ അഴിമതി എന്നോ മെച്ചപ്പെട്ട ഭരണ നിര്‍വഹണം എന്നോ വായിക്കാം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഡയസ്‌പൊറ തുടങ്ങി യുട്യൂബ് വരെ പലതരത്തില്‍ ദൈനംദിന ജീവിതത്തെ സ്വാധിനിക്കുന്നു. അതിനിടയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അതിനെ എടുത്ത് പുറത്തെറിയുക തന്നെ വേണം. മെച്ചപ്പെട്ടതും സ്വതന്ത്രമായതുമായ ഓണ്‍ലൈന്‍ സ്‌പെയ്‌സ് നമ്മള്‍ക്ക് ആവശ്യമാണ്. അത് അനിവാര്യതയുമാണ്.
(ലേഖകന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ടെക്‌നിക്കല്‍ മാനേജരാണ്)

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...