തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വന്നുകഴിഞ്ഞു.  ത്രിതല പഞ്ചായത്തുകളില്‍ ആകെ 18,373 ജനപ്രതിനിധികളാണുള്ളത്. ഈ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതി കാര്യക്ഷമമായും സമയബന്ധിതമായും നിര്‍വഹിക്കുക നടത്തുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.

പദ്ധതിയില്‍ ഭേദഗതി അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ പൂര്‍ത്തിയായതും പ്രവര്‍ത്തനമാരംഭിച്ചതും തുടങ്ങാനിരിക്കുന്നതുമായ പരിപാടികളെക്കുറിച്ച് നിര്‍വഹണ ഉദ്യോഗസ്ഥരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ശേഖരിക്കുകയാണ്. കൂടാതെ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക പദ്ധതി അവലോകനം നടത്തി പദ്ധതി നിര്‍വഹണ കലണ്ടര്‍ തയാറാക്കേണ്ടതും പ്രാധാന്യ മര്‍ഹിക്കുന്നു. വിവിധ ഏജന്‍സികളുടെ സംയോജനം ആവശ്യമുള്ള പ്രോജക്ടുകളില്‍ അതിനുള്ള സംവിധാനം ഒരുക്കുകയും വേണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് മഴയ്ക്കു ശേഷം ചെയ്യാവുന്ന നിര്‍മാണ പ്രോജക്ടുകളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുകയാണ്. ഉദാഹരണമായി റോഡുകളുടെ പണി, കെട്ടിടങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റ പണിയും, കുടിവെള്ള-ജലസേചന പ്രോജക്ടുകള്‍ മുതലായവ പൂര്‍ത്തീകരിക്കേണ്ടത് ഏറെ ആവശ്യമാണ്. വിവിധ സ്രോതസ്സുകളിലൂടെലഭിക്കേണ്ട വിഭവസമാഹരണം പൂര്‍ണമാക്കുകയും എല്ലാ തനത് വിഭവ സ്രോതസ്സുകള്‍ ഉള്‍പ്പെടെ പരമാവധി വിഭവശേഖരണം നടത്തുകയുംവേണം.  

മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത സംസ്‌ക്കരണ സംവിധാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ മുന്‍ഗണന നല്‌കേണ്ടിരിരിക്കുന്നു. പുതിയ ജനപ്രതിനിധികള്‍ ശ്രദ്ധ ചെലുത്തേണ്ടുന്ന മറ്റൊരുകാര്യം 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണമാണ്. പുതിയവര്‍ഷത്തെ പദ്ധതി ജനുവരി 31 നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിവിധഘട്ട പ്രവര്‍ത്തനങ്ങള്‍ ജന-ഉദ്യോഗസ്ഥ-വിദഗ്ധ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കണം. അയല്‍സഭകളുടെ രൂപീകരണമാണ് ഇതില്‍ പ്രധാനം. വാര്‍ഡ് കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ഓരോ വാര്‍ഡിലും കമ്മ്യൂണിറ്റി പ്ലാന്‍ തയാറാക്കണം. വര്‍ക്കിങ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സ്റ്റാറ്റസ്‌റിപ്പോര്‍ട്ട്, പ്രോജക്ട് നിര്‍ദേശങ്ങള്‍, കരട് പദ്ധതിരേഖ, അന്തിമ പദ്ധതി രേഖ, പ്രോജക്ടുകള്‍ എന്നിവ തയാറാക്കണം. ഇതിനായി ഗ്രാമസഭ, സ്റ്റേക്ക്‌ഹോള്‍ഡര്‍ ചര്‍ച്ച, ധനകാര്യസ്ഥാപനങ്ങളുമായുള്ള ചര്‍ച്ച, വികസന സെമിനാര്‍ എന്നിവ സംഘടിപ്പിക്കണം. പ്രോജക്ടുകളുടേയും പദ്ധതിയുടേയും പരിശോധനക്ക് ശേഷം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് പദ്ധതിരേഖ സമര്‍പ്പിക്കാം.

വരും വര്‍ഷ പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിഗണന നല്‍കേണ്ട വിഷയങ്ങള്‍ പ്രധാനമായം കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച, നെല്ല്, പച്ചക്കറി, ഭക്ഷ്യവിളകളുടെ ഉത്പാദനം, പാല്‍, മുട്ട, മാംസം, മത്സ്യഉത്പാദന വര്‍ധനവ്, ജൈവകൃഷിയുടെ വ്യാപനം (ഭക്ഷ്യവിളകളുടെകാര്യത്തില്‍ പ്രത്യേകിച്ച്) എന്നിവ ആയിരിക്കണം. കൂടാതെ കാര്‍ഷിക അനുബന്ധ മേഖലയും ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്ന പരിപാടികളുംആവിഷ്‌ക്കരിക്കണം. സമ്പൂര്‍ണ കുടിവെള്ളസുരക്ഷക്കുള്ള പദ്ധതികള്‍ക്ക് (മഴവെള്ളസംരക്ഷണം, മഴവെള്ള സംഭരണം, ജലാശയസംരക്ഷണംഎന്നിവയിലൂടെ) പ്രാധാന്യംകൊടുക്കേണ്ടതായുണ്ട്.

ആരോഗ്യസ്ഥാപനങ്ങളുടെ സേവന ഗുണമേ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മറ്റൊന്ന്. രോഗപ്രതിരോധ - പകര്‍ച്ച വ്യാധി തടയല്‍ - മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. വിദ്യാലയ ഭൗതികസൗകര്യ - വിദ്യാഭ്യാസഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി പരിഗണിക്കേണ്ടതാണ്. സമ്പൂര്‍ണ പാര്‍പ്പിടമെന്ന നേട്ടം കൈവരിക്കാന്‍ വിവിധ ഏജന്‍സികളുമായി സഹകരിച്ച് പദ്ധതി ഉണ്ടാക്കണം. കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവരുടെ വികസനവും സേവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മുന്‍ഗണന നല്‍കേണ്ടവ തന്നെ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വ്യക്തി-കുടുംബ അടിസ്ഥാനത്തിലുള്ള വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. പശ്ചാത്തല സൗകര്യമേഖലയില്‍ സ്ഥായിയായതും ഗുണനിലവാരമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടണം.

വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രാദേശികതലത്തിലെത്തുന്ന വികസനഫണ്ടുകളുടേയും സ്‌കീമുകളുടേയും ഏകോപനവും സംയോജനവുമാണ് മറ്റൊന്ന്. ഇതിലും ഉദ്ദേശിക്കുന്നത് ആവര്‍ത്തനവുംദുര്‍വ്യയവും ഒഴിവാക്കുകതന്നെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം നല്‍കുന്ന വികസന ഫണ്ടിനുപുറമെ, കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളും വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകളുമുണ്ട്. കൂടാതെ എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശികവികസന ഫണ്ടും പരിഗണിച്ചുകൊണ്ടായിരിക്കണം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി തുടങ്ങേണ്ടത്. ഈ പദ്ധതികളുടെ ആകെതുകയാണ് ഒരു ജില്ലാപദ്ധതി.

(സദ്ഭരണം തന്നെയായിരിക്കണം ഓരോ തദ്ദേശസ്വയംഭരണത്തിന്റെയും ആത്യന്തിക ലക്ഷ്യം. ഗുണമേന്മാ നിലവാരം ഉയര്‍ത്തിക്കൊണ്ട് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കരഗതമാക്കേണ്ടതായുണ്ട്. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, പ്രാധമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ട പരിപാടികള്‍ ആവിഷ്‌ക്കരിക്കണം. ഭരണത്തില്‍ സുതാര്യത ഉറപ്പു വരുത്താന്‍ ആധുനികസാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ കഴിയണം. - ബ്ലര്‍ബ്)
മഴലഭ്യതയുടെ കുറവും കാലാവസ്ഥവ്യതിയാനവും മൂലമുണ്ടാകാനിടയുള്ള ജലക്ഷാമം, വരള്‍ച്ച  എന്നിവയെ മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഈ മേഖലയിലെ വിദഗ്ധരും സ്ഥാപനങ്ങളുമായി കൂടിചേര്‍ന്നാണ് പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടത്.  പ്രാദേശികാവശ്യം പരിഗണിച്ച്, ജലസേചനം, മണ്ണ്-ജല-സംരക്ഷണം, കുടിവെള്ളം എന്നീ മേഖലകളില്‍ പ്രത്യേക പദ്ധതികള്‍. ആവിഷ്‌ക്കരിക്കാന്‍ സാധിക്കണം. ഭരണസമിതി അധികാരമേറ്റെടുത്ത് ആറു മാസത്തിനകം പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിക്കേണ്ടതാണ്. മൂന്നുമാസത്തിനകം തന്നെ ഗ്രാമസഭ വിളിച്ചുചേര്‍ക്കേണ്ടതായുമുണ്ട്്.  ഇതില്‍ പ്രസിഡന്റും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കേണ്ടതാണ്.
കുറേയധികം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മാതൃകാപരമായ അനവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. അവയുടെ ഫലപ്രദമായ തുടര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഭരണസമിതി ചര്‍ച്ച ചെയ്ത് ഏറ്റെടുക്കേണ്ടതാണ്. വിഭവസമാഹരണത്തിലും ധനമാനേജ്‌മെന്റിലുംകാര്യക്ഷമത കൈവരിക്കുന്നതിന് സാമ്പത്തികവര്‍ഷം അവശേഷിക്കുന്ന മാസങ്ങളിലേക്കുള്ളതീരുമാനങ്ങള്‍ സ്റ്റാന്റിങ് കമ്മിറ്റികളും ഭരണസമിതിയും കൈകൊണ്ട് നടപ്പാക്കേണ്ടതാണ്.

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...