വിവരസാങ്കേതിക മേഖലയില്‍ അഗ്രഗണ്യരായ യുവതലമുറ, ഏതൊരു സംസ്ഥാനത്തോടും കിടപിടിക്കാവുന്ന ഐടി പാര്‍ക്കുകള്‍, അതിവേഗ ഇന്റര്‍നെറ്റ്, ഐടി വളര്‍ച്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ സംരംഭകനയം... ഐടി രംഗത്ത് കേരളത്തിന്റെ കുതിപ്പിന് അനുകൂലഘടകങ്ങള്‍ നിരവധി.
സര്‍ക്കാര്‍ തലത്തിലുള്ള വന്‍കിട ഐടി പാര്‍ക്കുകള്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ്, ടെക്‌നോലോഡ്ജുകള്‍, സ്വകാര്യ ഐടി പാര്‍ക്കുകള്‍, ഐടി അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംരംഭങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ഐടി വ്യവസായം. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ രാജ്യത്തെ മുന്‍നിര ഐടി കമ്പനികളുടെ ഓഫീസുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഐബിഎസ്, നെസ്റ്റ് തുടങ്ങി കേരളത്തില്‍ നിന്നും രാജ്യാന്തരതലത്തിലേക്കു വളര്‍ന്ന കമ്പനികളും കുറവല്ല. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആഗോള ഐടി കമ്പനികളിലെല്ലാം മലയാളി സാന്നിധ്യവുമുണ്ട്.

ഐടി പാര്‍ക്കുകള്‍

ഇന്ത്യയുടെ ഐടി കയറ്റുമതി 540,000 കോടി രൂപയാണ്. ഇതില്‍ കേരളത്തിന്റെ പങ്ക് കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലുള്ള ഐടി പ്രഫഷണലുകളില്‍ അധികവും മലയാളികളാണെന്നുള്ളതാണ് വസ്തുത. തിരുവനന്തപുരത്ത് 1990 ല്‍ ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നതോടെയാണ് ഐടി വ്യവസായം കേരളത്തില്‍ ആദ്യ ചുവടുവച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ 350 ല്‍പ്പരം കമ്പനികളിലായി 47,000 ത്തോളം ഐടി പ്രൊഫഷണലുകളാണ് ടെക്‌നോപാര്‍ക്കിലുള്ളത്. ടെക്‌നോപാര്‍ക്കിലെ കമ്പനികളില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ ഉത്പാദനം 12,000 കോടി രൂപയുടേതാണ്. കയറ്റുമതി 5,000 കോടിയും.
ടെക്‌നോപാര്‍ക്കിന്റെ വികസനത്തിന് 997.65 കോടി രൂപയുടെ പദ്ധതി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ഇതിലൂടെ 56,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒറാക്കിള്‍, യുഎസ്ടി ഗ്ലോബല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ നിര ടെക്‌നോപാര്‍ക്കിലുണ്ട്. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ടോറസ് ഡൗണ്‍ടൗണ്‍ 10 ഏക്കര്‍ സ്ഥലത്ത് ഐടി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 20,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ടെക്‌നോപാര്‍ക്ക് സ്ഥാപിച്ച് 14 വര്‍ഷത്തിനു ശേഷമാണ് രണ്ടാമത്തെ ഐടി പാര്‍ക്ക് - ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ ഉയരുന്നത്. കൊഗ്‌നിസന്റ്, ഇത്തിസലാത്ത്, ടിസിഎസ്, വിപ്രോ തുടങ്ങിയ 200 കമ്പനികള്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലുണ്ട്. 25,000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് 2013-14 ല്‍ 2,350 കോടി രൂപയുടെ ഐടി കയറ്റുമതി നടത്തി.2012-13 ല്‍ 1,534 കോടി രൂപയുടേതായിരുന്നു കയറ്റുമതി.
ഇന്‍ഫോപാര്‍ക്ക് 2,500 കോടി രൂപ മുതല്‍മുടക്കുള്ള രണ്ടാംഘട്ടം വികസനം നടപ്പാക്കിവരികയാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 80,000 ത്തോളം തൊഴിലവസരങ്ങള്‍ ഇവിടെയുണ്ടാകും. നാസ്‌കോമിന്റെ സ്റ്റാര്‍ട്ടപ്പ് വെയര്‍ഹൗസ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം 2016 ല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഐടി രംഗത്തെ വലിയ കുതിപ്പിന് കേരളം വേദിയാകും. 6.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള മന്ദിരസമുച്ചയമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 15 ഐടി കമ്പനികളിലായി 6000 തൊഴിലവസരങ്ങളാണ് സ്മാര്‍ട്ട്‌സിറ്റിയിലുണ്ടാവുന്നത്. അടുത്ത 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാംഘട്ടത്തില്‍ 45,000 നേരിട്ടുള്ള തൊഴിലവസരങ്ങളാണുള്ളത്. 47 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.
ലീല ഇന്‍ഫോപാര്‍ക്ക് (തിരുവനന്തപുരം), മുത്തൂറ്റ് ഐടിപാര്‍ക്ക് (കൊച്ചി), ലുലു ഐടി പാര്‍ക്ക് (കൊച്ചി), യു എല്‍ സൈബര്‍പാര്‍ക്ക് (കോഴിക്കോട്) തുടങ്ങി നിരവധി സ്വകാര്യ ഐടി പാര്‍ക്കുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

സ്റ്റാര്‍ട്ടപ്പ് വില്ലേജ്

മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച കൊച്ചി കളമശേരിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരഭക സ്വപ്‌നങ്ങളുമായി എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള വഴികാട്ടിയാണ്. ശാസ്ത്ര സാങ്കേതിക വകുപ്പ്, ടെക്‌നോപാര്‍ക്ക്, മോബ്മി വയര്‍ലെസ് എന്നിവയുടെ സഹകരണത്തോടെ 2012 ല്‍ ആരംഭിച്ച ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബിസിനസ് ഇന്‍കുബേറ്ററാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്. ഇന്റര്‍നെറ്റ്, ടെലികോം, ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ക്കാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ അവസരം നല്‍കുന്നത്.
ആകെ 960 കമ്പനികള്‍ ഇന്‍കുബേറ്റ് ചെയ്തതില്‍  533 എണ്ണം സജീവമാണ്. 2,889 പേര്‍ക്ക് തൊഴിലും. സ്റ്റാര്‍ട്ടപ്പുകളുടെ ആകെ മൂല്യം 116 കോടി രൂപ. 37 സ്റ്റാര്‍ട്ടപ്പുകള്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് വഴിയും സീഡ് ഫണ്ടായും 27 കോടി സമാഹരിച്ചപ്പോള്‍ 161 കമ്പനികള്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും പ്രാഥമിക മൂലധനസമാഹരണം നടത്തി.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് നയം മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സഹകരണത്തോടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വിശാഖപട്ടണത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് തുടങ്ങിക്കഴിഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 സംരംഭങ്ങളാണ് ആന്ധ്രപ്രദേശിന്റെ ലക്ഷ്യം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ മാതൃകയില്‍ ഐടി വികസനപദ്ധതികള്‍ തയാറാക്കിവരികയാണ്.
കേരളം യുവ സംരംഭകര്‍ക്ക് പിന്തുണയേകാന്‍ സംസ്ഥാന ബജറ്റിന്റെ ഒരു ശതമാനം വിഹിതം നീക്കിവച്ചിട്ടുണ്ട്. കൂടാതെ സെപ്റ്റംബര്‍ 12  കേരളത്തില്‍ സംരംഭകത്വ ദിനമായി ആചരിക്കുകയും ചെയ്യുന്നു.
 

സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പുകള്‍

സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പുകള്‍. ആദ്യഘട്ടത്തില്‍ 25 കോളജുകളില്‍ ബൂട്ട് ക്യാമ്പുകള്‍ നടത്തി. ഇതിനു പുറമേ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഫിന്‍ടെക് സ്റ്റുഡിയോ എന്ന പേരില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ വീതമുള്ള 40 ടീമുകളെയാണ് തെരഞ്ഞടുക്കുന്നത്.
കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ താത്പര്യമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ലേണ്‍ ടു കോഡ് പദ്ധതിയുടെ ഭാഗമായി റാസ്പ് ബെറി പിഐ യൂണിറ്റുകള്‍ കേരളം വിതരണം ചെയ്യുന്നുണ്ട്. ലേണ്‍ ടു കോഡിന്റെ നോളജ് പാര്‍ട്ണറാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്. ഇത്തരത്തില്‍ 2,500 റാസ്പ് ബെറി പിഐ യൂണിറ്റുകളാണ് ഇത്തവണ സംസ്ഥാനത്ത് വിതരണം ചെയ്തത്.
 

ഇ-ഗവേണന്‍സ് പുതിയ വാതായനം


ഇ-ഗവേണന്‍സില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മുന്നേറുന്നത് ഐടി രംഗത്ത് പുതിയ സാധ്യത തുറക്കുന്നു. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ച ഒട്ടേറെ മേഖലകള്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. 4ജി സാങ്കേതിക വിദ്യ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 2ജി സാങ്കേതിക വിദ്യ പൂര്‍ണമായും പിന്‍വലിക്കപ്പെടും.
അതിവേഗ ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകുന്നതോടെ ഇ-ഗവേണന്‍സില്‍ മുന്നേറ്റം സാധ്യമാകും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സുഗമമാകുന്നതോടെ  വിദ്യാഭ്യാസരംഗത്തും വലിയ വളര്‍ച്ചയുണ്ടാകും. സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാലകള്‍ വരെ സ്മാര്‍ട്ട് ആകും. ആരോഗ്യം, സഹകരണം തുടങ്ങിയ മേഖലകളിലും വിവരസാങ്കേതിക വിദ്യ അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വികസന പദ്ധതികള്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് ഐടി രംഗത്ത് ഉണ്ടാകുന്നത്. ഇതിലൂടെ ഐടി വ്യവസായ രംഗത്ത് വലിയൊരു മുന്നേറ്റമാണ് യാഥാര്‍ഥ്യമാകുന്നത്.

Add comment


Security code
Refresh

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...