കേരളത്തില്‍ മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയിട്ട് നാലു വര്‍ഷമായെങ്കിലും അത് പൂര്‍ണാര്‍ഥത്തില്‍ ഇതേവരെ നടപ്പിലായിട്ടില്ല. കോടതിയില്‍ അത് ചോദ്യം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിയമത്തിന്റെ പരിരക്ഷ ആവശ്യമായി വന്നത്. ''ദേശീയോദ്ഗ്രഥനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍വഹിക്കുന്ന എല്ലാ കുട്ടികളും മലയാളഭാഷ നിര്‍ബന്ധമായും പഠിക്കേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹികജീവിതവുമായി ഇണങ്ങിച്ചേരുന്നതിനും ഭരണസംവിധാനങ്ങളുമായി ഇടപെടുന്നതിനുമുള്ള ശേഷി ആര്‍ജിക്കുന്നതിനും സാംസ്‌കാരികപൈതൃകത്തില്‍ അഭിമാനം കൊള്ളുന്നതിനും ഈ ഭാഷാ പഠനം സഹായമാകണം''.
സംസ്ഥാന സിലബസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭാഷ പഠിക്കുന്നതിനുള്ള അവസരം ലഭ്യമാകും. എന്നാല്‍ കേരളത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും മലയാളം പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല എന്നു പറയുന്നതാവും ശരി. ബിരുദതലത്തിലെത്തുമ്പോഴും 90 ശതമാനം വിദ്യാര്‍ഥികള്‍ക്കും മാതൃഭാഷാപഠനം സാധ്യമാകുന്നില്ല. എന്‍ജിനീയറിങ്, മെഡിക്കല്‍, പ്രൊഫഷണല്‍ കോഴ്‌സുകളിലെ വിദ്യാര്‍ഥികളുടെ സ്ഥിതിയും മറ്റൊന്നല്ല. ഈ വിദ്യാര്‍ഥികള്‍ തന്നെയാണ് ഭാവിയില്‍ കേരളത്തിന്റെ ഭരണ-സാമൂഹിക രംഗങ്ങളില്‍ ഉയര്‍ന്നുവരേണ്ടവര്‍. അതിനാല്‍ മാതൃഭാഷയോടുള്ള അവഗണന കേരളത്തിന്റെ വിദ്യാഭ്യാസവും സാമൂഹികവ്യവസ്ഥിതിയും ഒപ്പം വികസനവും നേരിടുന്ന വെല്ലുവിളികളില്‍ പരമപ്രധാനമായ ഒന്നാണ്.


പത്താം ക്ലാസ്സിന് ശേഷവും എന്തിന് മലയാളം പഠിക്കണം

മാതൃഭാഷാപഠനം വൈകാരിക വിദ്യാഭ്യാസം കൂടിയാണ്. അത് കുട്ടിയുടെ സൗന്ദര്യബോധത്തെയും വികസിപ്പിക്കുന്നു. മതപരമായ മൂല്യവിദ്യാഭ്യാസത്തിനപ്പുറത്ത് മാതൃഭാഷാസാഹിത്യ വിദ്യാഭ്യാസം കുട്ടിയുടെ മൂല്യബോധത്തെ വികസിപ്പിക്കുന്നു. അതായത് ബൗദ്ധികശേഷി വികസിക്കുന്നതോടെ വിദ്യാര്‍ഥിയുടെ വൈകാരികശേഷിയും വികസിക്കും. വൈകാരികതലത്തില്‍ വിദ്യാര്‍ഥി ആധുനികീകരിക്കപ്പെടുകയും സമകാലികവത്കരിക്കപ്പെടുകയും ചെയ്യും. പാരമ്പര്യമതമൂല്യങ്ങള്‍ വര്‍ഗീയതയിലേക്ക് വഴിതിരിയാതെ പൊതുവായ മാനവികമൂല്യങ്ങള്‍ക്കായി വികസിക്കണമെങ്കില്‍ അത് സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥി സ്വാംശീകരിക്കണം. അന്യ മതസ്ഥനോടും അന്യസമുദായക്കാരനോടും സഹിഷ്ണുതയോടെ പെരുമാറാനുള്ള ശേഷി ഒരു പഠിതാവ് ഇതിലൂടെയാണ് ആര്‍ജിക്കുക. സാമുദായികമൂല്യത്തെ സാമൂഹികമൂല്യമായി മാറ്റാനുള്ള ശേഷി വിദ്യര്‍ഥികളില്‍ ഉണ്ടാകാന്‍ ഇതുസഹായിക്കും.

ജ്ഞാനസമ്പാദനത്തോടൊപ്പം വ്യക്തിത്വവികാസം, സാമൂഹികവും ദേശീയവുമായ ഉദ്ഗ്രഥനം എന്നിവകൂടി വിദ്യാര്‍ഥിക്ക് സാധ്യമാകണമെങ്കില്‍ വിദ്യാഭ്യാസത്തിന് വൈകാരികമായ രീതിയില്‍ പദ്ധതികളും മൂല്യങ്ങളും കൂടി ഉണ്ടാകണം. ഇത് മാതൃഭാഷാപഠനത്തിലൂടെ മാത്രമേ കഴിയൂ. അതുകൊണ്ടാണ് വികസിതരാജ്യങ്ങളിലെ മെഡിക്കല്‍-എന്‍ജിനീയറിങ് കോഴ്‌സുകളില്‍പ്പോലും സാഹിത്യവും മാനവികശാസ്ത്രവും മാതൃഭാഷയില്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഉന്നതവിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ തലങ്ങളിലും മാതൃഭാഷാസാഹിത്യവിദ്യാഭ്യാസം ആവശ്യമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ചും ശാസ്ത്രമേഖലയില്‍ മലയാളത്തിന് അര്‍ഹമായ സ്ഥാനമുണ്ടാകണം. ശാസ്ത്രമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മാതൃഭാഷയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമ്പോള്‍ മാത്രമേ ഭാഷയുടെ ആരുറപ്പ് പ്രകടമാകൂ. ഇതിന് സര്‍വകലാശാലാതലത്തില്‍ ഗവേഷണപ്രബന്ധങ്ങള്‍ മാതൃഭാഷയില്‍ രചിക്കാനുള്ള അവസരം ഗവേഷകര്‍ക്കുണ്ടാകണം. ഉന്നതവിദ്യാഭ്യാസത്തിലെ ഗവേഷണപ്രബന്ധങ്ങളും അനുബന്ധ രേഖകളും മലയാളത്തില്‍ തയാറാക്കുമ്പോള്‍ അവ സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും സഹായഗ്രന്ഥങ്ങളായി പരിണമിക്കും. ചെറുപ്രായത്തില്‍ കുട്ടികളില്‍ ഗവേഷണത്വര ജനിപ്പിക്കാനും കുട്ടികളുടെ ഭാവനാ ചക്രവാളത്തെ വികസിപ്പിച്ച് മൗലികമായ ഗവേഷണമേഖലകളും വിഷയങ്ങളും കണ്ടെത്താനും ഇത് സഹായിക്കും. പൊതുവിദ്യാഭ്യാസ മേഖലയേയും ഉന്നതവിദ്യാഭ്യാസ മേഖലയേയും ഇത്തരത്തില്‍ ചാക്രികമായി ബന്ധിപ്പിക്കുന്നതിലൂടെ വിജ്ഞാനചക്രത്തിലെ പൂര്‍ത്തീകരണവും സാധ്യമാകും. മറ്റൊരുതരത്തില്‍ ഗവേഷണതലത്തെ സാമൂഹികതലവുമായി തിരശ്ചീനമായി നമുക്ക് ബന്ധിപ്പിക്കാം. (ഉദാഹരണത്തിന് കാര്‍ഷികസര്‍വകലാശാലയില്‍ നിന്നും മലയാളത്തില്‍ പുറത്തുവരുന്ന ഗവേഷണപ്രബന്ധങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനമാവും).

വിദ്യാഭ്യാസ രംഗത്ത് ജപ്പാന്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ പഠനാര്‍ഹമാണ്. വിദ്യാഭ്യാസ സംവിധാനം ജപ്പാന്റെ സംസ്‌കാരവും ചരിത്രവും രൂപപ്പെടുത്തുന്നതില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്. മാത്രമല്ല ജപ്പാന്റെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ന്ന സ്ഥാനത്താണ്. പുതിയ വിജ്ഞാനവും സാങ്കേതികതയും തങ്ങളുടെ ജീവിതവും സംസ്‌ക്കാരവുമായി ഉള്‍ച്ചേര്‍ത്തുകൊണ്ട് വിദ്യാഭ്യാസപദ്ധതിയില്‍ പ്രയോഗത്തില്‍ വരുത്താന്‍ ജപ്പാന്‍ ജനതയ്ക്കു കഴിഞ്ഞു. ബോധനവും പഠനവും വ്യക്തിവികാസത്തിന്റെയും സാമൂഹികപുരോഗതിയുടെയും പ്രധാന മാര്‍ഗമായി അവര്‍ തിരിച്ചറിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ദ്രുതഗതിയിലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തില്‍ ബോധപൂര്‍വമായിത്തന്നെ അവര്‍ നടപ്പാക്കി. വ്യക്തിത്വവികാസത്തോടൊപ്പം തന്നെ തനതുസംസ്‌കാരത്തിന്റെ തുടര്‍ച്ചയും സാര്‍വലൗകികതയും വിദ്യഭ്യാസപദ്ധതിയില്‍ ഉറപ്പാക്കി. സാംസ്‌കാരിക പ്രതിസന്ധിയില്ലാതെയുള്ള ആധുനികീകരണം ജപ്പാനില്‍ സാധ്യമായത് അങ്ങനെയാണ്. അറിവിന്റെ പ്രയോഗത്തിന് പ്രാഥമികവിദ്യാഭ്യാസത്തില്‍ തന്നെ പ്രാധാന്യം നല്‍കി. ഇന്ന്  പാശ്ചാത്യശക്തികളെ  ബഹുദൂരം പിന്തള്ളി പുതിയ സാങ്കേതികവിദ്യയുടെ മേഖലയിലും മറ്റും മുന്നേറാന്‍ ജപ്പാനെ പര്യാപ്തമാക്കിയത് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ മാതൃഭാഷാഭ്യസനത്തിലൂന്നിയ പരിഷ്‌ക്കാരങ്ങളാണെന്ന് അന്തര്‍ദേശീയതലത്തിലെ വിദ്യാഭ്യാസവിചക്ഷണന്മാര്‍ നിരീക്ഷിക്കുന്നു.

ഈ വിദ്യാഭ്യാസരീതി തന്നെയാണ് ചൈനയും കൊറിയയും മറ്റും പിന്തുടരാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ലോകവിജ്ഞാനമേഖലയില്‍ ഈ ഭാഷകള്‍ വളരെ കരുത്താര്‍ജിച്ചിട്ടുമുണ്ട്. ടെലികോം മേഖലയിലെ സങ്കീര്‍ണമായ പ്രയോഗ സോഫ്ട്‌വെയറുകളില്‍ (application softwares) പോലും ഈ ഭാഷകള്‍ക്ക് സര്‍വാംഗീകൃതമായ പ്രചാരമുണ്ട്. മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ജര്‍മനി, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, നോര്‍വെ തുടങ്ങി വിയറ്റ്‌നാം വരെയുള്ള രാഷ്ട്രങ്ങളില്‍ തദ്ദേശീയ സാങ്കേതികവിദ്യ വളരെയേറെ വികസിച്ചു എന്നു കാണാം. ലോകഭാഷകളില്‍ 26 ാം സ്ഥാനമുണ്ടെങ്കിലും വൈജ്ഞാനിക വ്യവഹാരങ്ങളിലെ മലയാളത്തിന്റെ നില ബഹുദൂരം പിറകിലാണ്. വിദ്യാഭ്യാസ മണ്ഡലത്തിലെ മൗലികചിന്തയെ ഇത് ബാധിക്കുന്നുണ്ട്. ഇതിന് മാറ്റം  വരണമെങ്കില്‍ ആസൂത്രിതമായ നടപടികളിലൂടെ ഭാഷയെ നാം ഉദ്ഗ്രഥിപ്പിക്കണം.

കേരളത്തിന്റെ മതേതരത്വം, സമഭാവന, സമത്വം എന്നിവയിലൂന്നിയുള്ള സമഗ്രവികസനത്തന്റെയും അതുമൂലം ആര്‍ജിക്കുന്ന സാമൂഹിക-സാമ്പത്തിക-കാര്‍ഷിക-വ്യാവസായിക പുരോഗതിയുടെയും അതിലൂടെ കൈവരിക്കുന്ന സ്വയംപര്യാപ്തതയുടെയും സാംസ്‌കാരികമായ ഔന്നത്യത്തിന്റെയും കാരണം മലയാളഭാഷയാണ്. അതുകൊണ്ടുതന്നെ കേരളീയരുടെ വിദ്യാഭ്യാസം, ഭരണം, നിയമം എന്നിങ്ങനെ പ്രധാനപ്പെട്ട സാമൂഹികമണ്ഡലങ്ങളില്‍ മലയാളത്തിന്റെ വ്യാപ്തിയും പ്രയോഗക്ഷമതയും ഉറപ്പുവരുത്താനുള്ള നടപടികള്‍ ശ്ലാഘനീയം തന്നെ. 'ശ്രേഷ്ഠഭാഷ' എന്ന അഭിമാനാര്‍ഹമായ ദേശീയാംഗീകാരത്തിലേക്കും പദവിയിലേക്കും മലയാളം ഉയര്‍ത്തപ്പെട്ടുകഴിഞ്ഞിട്ട് നാളുകളേറെയായി. എങ്കിലും കേരളീയരുടെ സമസ്തജീവിതമേഖലകളിലും പൂര്‍ണമായും ഉപയോഗക്ഷമമാകുമ്പോഴേ മലയാളം യഥാര്‍ഥത്തില്‍ ശ്രേഷ്ഠഭാഷയായിത്തീരുകയുള്ളൂ.
ഒരേ ഭാഷയില്‍ വ്യവഹരിക്കുന്ന ജനവിഭാഗങ്ങളുടെ ദേശം എന്ന നിലയില്‍ കേരളസംസ്ഥാനം രൂപീകൃതമായ 55 വര്‍ഷം കഴിഞ്ഞാണ് അതിനു കാരണമായ മലയാളത്തെ പഠനതലത്തിലെ ഒന്നാം ഭാഷയാക്കി മാറ്റിയത്. ഏത് സാംസ്‌കാരിക പശ്ചാത്തലത്തില്‍ വളര്‍ന്നവര്‍ക്കും ഐക്യപ്പെടാനുള്ള പൊതു ഘടകമായി കേരളത്തില്‍ മലയാളത്തെ കണ്ടുകൊണ്ടും വിഭാഗീയചന്തകള്‍, ഭീകരവാദം, മറ്റു ഛിദ്രവാസനകള്‍ തുടങ്ങിയവ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ ഐക്യപ്പെടലിന്റെ അടിസ്ഥാനഘടകം എന്ന നിലയില്‍ ദേശത്തിന്റെ ഭാഷ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മുഖ്യഘടകമായി മാറണമെന്ന ഉദ്ദേശ്യത്തിലാണ് ഈ ഉത്തരവിറങ്ങിയത്. ഡോ. ആര്‍.വി.ജി. മേനോന്റെയും പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന്റെയും നേതൃത്വത്തിലുള്ള രണ്ടു വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങളായിരുന്നു ഒന്നാം ഭാഷാ ഉത്തരവിനടിസ്ഥാനം. മാതൃഭാഷാപഠനം സംബന്ധിച്ച വ്യവഹാരങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും ഭാഷയുടെ വികാസവിനിമയ വ്യാപനങ്ങളില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നതിനും പുതിയ നിയമം അനിവാര്യം തന്നെ. എന്നാല്‍ ഈ നിയമത്തിന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മലയാളസാഹിത്യപഠനം ഉള്‍പ്പെടുത്തുന്നതിനും മലയാള മാധ്യമത്തില്‍ ഏതു ഘട്ടം  വരെയും പഠിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനും ഭരണം, നിയമം, ശാസ്ത്രം, ഗവേഷണം തുടങ്ങി സമസ്തമേഖലകളിലും മലയാളഭാഷയുടെ വ്യാപനവും അര്‍ഥപൂര്‍ണമായ പ്രയോഗവും വികസനവും ഉറപ്പുവരുത്തുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ അത്യന്താപേക്ഷിതമാണ്. വരും തലമുറകളുടെ സ്മരണകളില്‍ നിതാന്തമായി നില്‍ക്കുന്ന ശ്രേഷ്ഠമുഹൂര്‍ത്തമായിരിക്കും മലയാളഭാഷാ നിയമത്തിന്റെ ആവിഷ്‌കാരമെന്നതില്‍ സംശയമില്ല. ഭാവി തലമുറകളുടെ നല്ല സംസ്‌കാരത്തിനായി ഇന്നത്തെ കേരളത്തിന് ചെയ്യാന്‍ കഴിഞ്ഞ മഹത്തായ കര്‍മമാണിത്.

(മലയാള ഭാഷാനിയമത്തിനായി പ്രാഥമിക രൂപരേഖ തയാറാക്കിയ ഔദ്യോഗിക ഭാഷാവകുപ്പിലെ ഭാഷാ വിദഗ്ധനാണ് ലേഖകന്‍)

Add comment


Security code
Refresh

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...