മലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ ചിരകാലസ്വപ്നമായ മലയാളം സര്‍വകലാശാല സ്ഥാപിച്ചതും ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട തമിഴിനെയും തെലുങ്കിനെയും കന്നടയെയും പോലെ മലയാളത്തിനും ശ്രേഷ്ഠഭാഷാപദവി ലഭ്യമാക്കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ജനകീയ ഭരണത്തില്‍ ഭരണഭാഷ ജനങ്ങളുടെ ഭാഷയായിരിക്കണമെന്നത് കേരളത്തിന്റെ പ്രഥമ സര്‍ക്കാരിന്റെ കാലം മുതലുള്ള തീരുമാനമാണ്. സ്‌കൂള്‍തലത്തില്‍ ഒന്നാം ഭാഷയായി മലയാളഭാഷയെ അംഗീകരിച്ച് ഉത്തരവിറക്കിയതും ഈ സര്‍ക്കാരാണ്. നിര്‍ഭാഗ്യകരമെന്നുപറയട്ടെ മലയാളഭാഷയ്‌ക്കെതിരെ സ്വകാര്യസ്‌കൂളുകളുടെ മാനേജര്‍മാരായ മലയാളികള്‍ തന്നെ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങി. ഇതിനൊരു പരിഹാരം കാണുവാനായാണ് മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ 2015 മന്ത്രിസഭ അംഗീകരിച്ച് 13 ാം കേരള നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.  ഭാഷയുടെ വികസനത്തിന്റെ പാതയിലെ നാഴികക്കല്ലാണിത്. ''ഭാരതത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായി സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയായി മലയാളത്തെ സ്വീകരിക്കുന്നതിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം ഉപയോഗിക്കുന്നതിനും കേരളത്തിന്റെ സമസ്തമേഖലകളിലും മലയാളഭാഷയുടെ ഉപയോഗം വ്യവസ്ഥ ചെയ്യുന്നതിനും മലയാളഭാഷയുടെ വളര്‍ച്ചയും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷിംഗികമായതോ ആയ കാര്യങ്ങള്‍ക്കുംവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ബില്‍'' എന്നാണ് ഈ ബില്ലിന്റെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
 

ഇംഗ്ലീഷും മലയാളവും ഭരണഭാഷയാക്കിക്കൊണ്ടുള്ള 1969 ലെ കേരള ഔദ്യോഗിക ഭാഷാ ആക്ട് റദ്ദാക്കി എന്നതാണ് മലയാളഭാഷാ ബില്‍ 2015 ന്റെ മുഖ്യനേട്ടം. സംസ്ഥാനത്തിന്റെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കണമെന്നും ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലുള്ളവയ്ക്കു പുറമേ ഭാവിയില്‍ രൂപീകരിക്കുന്ന വകുപ്പുകള്‍ക്കും അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുന്നതാണ്.

 

 ബ്രിട്ടീഷ് ആധിപത്യത്തിനുമുന്‍പ് ഭരണഭാഷ മലയാളമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുപോലും കീഴ്‌ക്കോടതി വിധികളും സര്‍ക്കാര്‍ ഉത്തരവുകളും മലയാളത്തിലായിരുന്നു പുറപ്പെടുവിച്ചിരുന്നത്.

 

കമ്മിഷന്‍ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ ഉത്തരവുകളുമുണ്ടായിട്ടും ഔദ്യോഗികഭാഷ പൂര്‍ണമായി മലയാളമാകാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ ജോലി ലഭിച്ച ''നിശ്ചിതകാലയളവിനുള്ളില്‍ മലയാള ഭാഷാ പ്രാവീണ്യപരീക്ഷ പാസാകണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടുന്നവരില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരാണ്. അവരാണ് മലയാളം ഔദ്യോഗികഭാഷയാകുന്നതിന് പ്രതിബന്ധമാകുന്നത്. ഇതിനു പരിഹാരമായാണ് ഉദ്യോഗം ലഭിക്കാന്‍ മലയാളപ്രാവീണ്യപരീക്ഷ കൂടി പാസാകണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ഈ ഉത്തരവിനെ തുടര്‍ന്ന് മലയാളഭാഷ പഠിക്കാന്‍ പ്രവാസികളുടെ കുട്ടികളും താല്‍പ്പര്യമെടുത്തു. മാധ്യമം പത്രവും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് ഗള്‍ഫ് നാടുകളിലെ പ്രവാസി കുട്ടികള്‍ക്കുവേണ്ടി മലയാളപഠന കോഴ്‌സും പരീക്ഷയും ഓണ്‍ലൈനില്‍ നടത്തി. മലയാളം ട്യൂട്ടര്‍ എന്ന പേരില്‍ സ്വയം മലയാളം പഠിക്കാനുപകരിക്കുന്ന സോഫ്റ്റ്‌വെയറും അനുബന്ധ പുസ്തകവും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തയാറാക്കിയിട്ടുണ്ട്.
 
ഹൈക്കോടതി തീരുമാനിക്കുന്ന പ്രകാരമുള്ള കീഴ്‌ക്കോടതികളിലെയും കേസുകളിലെയും വിധി ന്യായങ്ങള്‍ മലയാളത്തില്‍ പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമത്തിലൂടെ കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള ചിരകാലയത്‌നത്തില്‍ ഒരു പടവുകൂടി കയറിയിരിക്കുകയാണ്. 1973 മേയ് 11 ലെ അസാധാരണ ഗസറ്റിലൂടെ കോടതി വിധികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ചില ന്യായാധിപന്‍മാര്‍ മലയാളത്തില്‍ വിധികളെഴുതിയെങ്കിലും അവ താനെ നിലച്ചുപോയി. കോടതിഭാഷ പൂര്‍ണമായി 80-81 മുതല്‍ മലയാളത്തിലാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് 1974 ജൂലൈയില്‍ മറ്റൊരുത്തരവുണ്ടായി. അത് പ്രാവര്‍ത്തികമായില്ല. ഇതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായ കമ്മിറ്റി നിയുക്തമായത്. രണ്ടുവര്‍ഷംകൊണ്ട് കോടതിഭാഷ   മലയാളമാക്കണമെന്ന് ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ഭരണഘടനയും 180-ല്‍പ്പരം കേന്ദ്ര നിയമങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് ഔദ്യോഗികഭാഷാ കമ്മിഷന്‍ കോടതിഭാഷയാക്കാന്‍ മലയാളത്തെ സജ്ജമാക്കിയിട്ടുണ്ട്.

 

ഭരണഭാഷാ നിയമം 2015 അനുസരിച്ചുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഔദ്യോഗികഭാഷാവകുപ്പിനെ ഭാഷാവികസനവകുപ്പായി രൂപാന്തരപ്പെടുത്തി.

 


നിയമനപരീക്ഷകള്‍ മലയാളത്തില്‍

    പബ്ലിക് സര്‍വീസ് കമ്മിഷനുള്‍പ്പെടെ സര്‍ക്കാര്‍തലത്തിലുള്ള എല്ലാ നിയമനങ്ങളുടെയും പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തില്‍കൂടി തയാറാക്കണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. അര്‍ധസര്‍ക്കാര്‍/സ്വയംഭരണ/പൊതുമേഖല/സഹകരണസ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും പരസ്യങ്ങളും ലഘുലേഖകളും അറിയിപ്പുകളും മലയാളത്തിലായിരിക്കണമെന്ന് ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 


ഏകീകൃത ലിപിവിന്യാസം

ആറ് മലയാളിക്ക് നൂറ് മലയാളമെന്നതാണ് മലയാളികളുടെ വ്യവസ്ഥ. ഒരു പദം തന്നെ പത്രത്തില്‍ പല രീതിയില്‍ എഴുതുന്നുണ്ട്. ഇതിനൊരു ശാശ്വതപരിഹാരമായി ഏകീകൃത ലിപിവിന്യാസം നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1973-ല്‍ എന്‍.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഏകീകൃത ലിപി വിന്യാസരീതി ആവിഷ്‌കരിച്ചിരുന്നു. രേഫം കഴിഞ്ഞാല്‍ 'കചടതപ' മാത്രം ഇരട്ടിച്ചാല്‍ മതിയെന്നായിരുന്നു ഇതിലെ മുഖ്യനിയമം. മലയാളം ഉച്ചരിക്കുന്നതുപോലെ എഴുതുന്ന ഭാഷയായതുകൊണ്ട് ഉച്ചാരണത്തില്‍ ഊന്നല്‍ ഉള്ളിടത്തുമാത്രം ഇരട്ടിപ്പ് മതിയെന്നതായിരുന്നു ഈ സിദ്ധാന്തത്തിന്റെ സത്ത. വ്യക്തികളുടെയും സ്ഥലങ്ങളുടെയും നാമങ്ങള്‍ അതാതു ഭാഷയില്‍ അതാതു സ്ഥലങ്ങളില്‍ ഉച്ചരിക്കുന്നതുപോലെ എഴുതണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. പത്രങ്ങളും ഗവണ്‍മെന്റും അംഗീകരിച്ച ഈ ഏകീകൃതലിപിവിന്യാസംപില്‍ക്കാലത്ത് പലരും അവഗണിച്ചു. മലയാള ഭാഷാ നിയമം 2015 ഓടെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഏകീകൃതലിപിവിന്യാസ രീതി പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

 ഈ നിയമത്തിനെക്കുറിച്ച് ചില പോരായ്മകളും ഭാഷാ സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസരംഗത്ത് മലയാളഭാഷയ്ക്ക് പ്രാധാന്യം നല്‍കിയില്ല, ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മലയാളമായി വ്യവസ്ഥ ചെയ്തിട്ടില്ല എന്നതാണ് മുഖ്യ ആരോപണം. കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമമായി പ്രാദേശികഭാഷകളെ സജ്ജമാക്കാന്‍ വേണ്ടിയാണ് എല്ലാ സംസ്ഥാനങ്ങളിലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് രൂപീകരിച്ചത്. ഇംഗ്ലീഷിനോടൊപ്പം മലയാളത്തെയും മാധ്യമമായി സര്‍വകലാശാലകള്‍ ഇതിനകം തന്നെ അംഗീകരിച്ചുകഴിഞ്ഞു. നിയമത്തില്‍ വ്യവസ്ഥ ചെയ്തതുകൊണ്ടും സര്‍വകലാശാലകള്‍ തീരുമാനമെടുത്തതുകൊണ്ടുംമാത്രം മലയാളഭാഷ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമമാകില്ല. സര്‍വകലാശാലകളുടെ സാരഥികള്‍ക്കു ഇച്ഛാശക്തിയും വിദ്യാര്‍ഥികള്‍ക്കു ഭാഷാ സ്‌നേഹവുമുണ്ടെങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമമായി മലയാളം മാറുകയുള്ളൂ.  മാതൃഭാഷയില്‍ പഠനം നടത്തുന്നതോടൊപ്പം വിശ്വവിജ്ഞാനത്തിന്റെ ജാലകമായ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടണമെന്നും നമ്മുടെ ഭാഷാ നയത്തില്‍ പറയുന്നുണ്ട്. ജപ്പാനിലും ചൈനയിലും റഷ്യയിലുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ പരിമിതമായ സമയത്തിനുള്ളില്‍ പഠിച്ച വിദേശഭാഷയിലാണ് ഉന്നതവിദ്യാഭാസം നേടുന്നത്. പാഠ്യവിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാതെ ചോദ്യോത്തരങ്ങള്‍ ഇംഗ്ലീഷില്‍ മനപ്പാഠമാക്കുന്ന വിദ്യാഭ്യാസസംവിധാനം മൂലമാണ് പുതിയ കണ്ടുപിടിത്തങ്ങളോ, ഗവേഷകരോ നമുക്കുണ്ടാകാത്തത്. ഈ നിയമത്തില്‍ ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചില്ലായെന്ന് ആക്ഷേപിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. 1956 നു കേരളം രൂപംകൊണ്ടതിനുശേഷം മലയാളഭാഷയ്ക്ക് ഇത്രയും നേട്ടങ്ങളുണ്ടായ ഒരുകാലം ഇതിനുമുന്‍പുണ്ടായിട്ടില്ല. മലയാളഭാഷാനിയമനിര്‍മാണത്തിലൂടെ ഭാഷാപ്രേമികളുടെ എല്ലാ സ്വപ്നങ്ങളും സഫലമായി എന്ന അവകാശവാദം ആര്‍ക്കുമില്ല. ഇന്നത്തെ അടിത്തറയില്‍ നിന്ന് ഭാഷാ വികസനത്തിന്റെ പാതയില്‍ ഏറെ മുന്നോട്ടുപോകാനുണ്ട്. ലോക പ്രശസ്ത നിഘണ്ടുകാരനായ ഡോ. ജോണ്‍സണ്‍ അദ്ദേഹത്തിന്റെ നിഘണ്ടുവിന്റെ മുഖവുരയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്-'' ഈ പുസ്തകത്തില്‍ പലതും വിട്ടുപോയിട്ടുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും. പക്ഷെ ഒട്ടേറെ കാര്യങ്ങള്‍ നന്നായി ക്ലേശിച്ച് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മറക്കരുത്''. നിയമത്തിന്റെ പോരായ്മകള്‍ മാത്രം പറയുന്നവര്‍ ഡോ. ജോണ്‍സണിന്റെ വാചകങ്ങള്‍ ഓര്‍ക്കുക.      
   
 (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ലേഖകന്‍)

Add comment


Security code
Refresh

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...