ദേശസംസ്‌കൃതിയുടെ നട്ടെല്ലാണ് മാതൃഭാഷ. മൗലികവും അടിസ്ഥാനപരവുമായ ആശയവിനിമയം, സങ്കീര്‍ണമായ മാനസികഭാവങ്ങളുടെ സംവേദനം എന്നീ ധര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴും ഭാഷ ഒരു ജനതയ്ക്ക് പകര്‍ന്നുനല്‍കുന്നത് നാടിന്റെ സംസ്‌കൃതിയും പാരമ്പര്യവും പൈതൃകവുമാണ്. ഇന്ത്യന്‍ ഭാഷകളില്‍ ദ്രാവിഡഗോത്രത്തിലെ ഏറെ വികസിതമായ ഭാഷയായി ഇന്ന് മലയാളം അംഗീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നമ്മുടെ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാതൃഭാഷ അവഗണന നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണരംഗത്ത് മാത്രമല്ല മറ്റ് രംഗങ്ങളിലും മാതൃഭാഷ അപായകരമാംവിധം പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കുന്ന 1969 ലെ ഔദ്യോഗിക ഭാഷാ നിയമം (1973 ലെ ഭേദഗതി സഹിതം) റദ്ദുചെയ്ത് മലയാളം ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്ന പുതിയ നിയമം നിലവില്‍വന്നിരിക്കുന്നത്. ഭാഷാസ്‌നേഹിയായ ഓരോ മലയാളിയുടെയും ദീര്‍ഘകാല സ്വപ്‌നമാണ് ഈ നിയമനിര്‍മാണത്തിലൂടെ സഫലമാകുന്നത്. ഇതിലൂടെ മാത്രം മലയാളം നാളെ മുതല്‍ സാര്‍വത്രികമാവുമെന്ന മിഥ്യാധാരണയൊന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കില്ല. എന്നാല്‍ സാംസ്‌കാരിക കേരളത്തിന്റേയും മലയാള ഭാഷാപരിപോഷണത്തിന്റേയും ചരിത്രത്തില്‍ ഇതൊരു സുവര്‍ണ രേഖയാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഭാഷാപോഷണവും ഭരണഭാഷാമാറ്റവും ത്വരിതഗതിയില്‍ നടന്നിട്ടുള്ള അയല്‍ സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കര്‍ണാടകവും. ഈ സംസ്ഥാനങ്ങളില്‍ ഭരണഭാഷാമാറ്റത്തെ പ്രധാനമായും നിയന്ത്രിക്കുന്ന ഘടകങ്ങളായ രാഷ്ട്രീയ ഇച്ഛാശക്തി, ഉദ്യോഗസ്ഥരുടെ പരിശ്രമം, ബഹുജനങ്ങളുടെ സഹകരണം, മാധ്യമ പങ്കാളിത്തം എന്നിവ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള ഭാഷാ (വ്യാപനവും പരിപോഷണവും) ബില്‍ നിയമമായി മാറുമ്പോള്‍ അതിനാധാരമായ നിയമസഭാ സമിതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. 2003 ലാണ് ഭരണഭാഷയ്ക്കുവേണ്ടി സംസ്ഥാനത്ത് ആദ്യമായി ഒരു നിയമസഭാ സമിതിക്ക് രൂപം നല്‍കിയത്. 2011 ഒക്‌ടോബര്‍ 20 ന് രൂപം നല്‍കിയ നിലവിലുള്ള സമിതി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭാഷാ വിദഗ്ധരും സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും വിവിധ വകുപ്പു മേധാവികളും സര്‍വകലാശാല അധികൃതരുമായൊക്കെ വിശദമായ ചര്‍ച്ചകള്‍ നടത്തിയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ നാലു റിപ്പോര്‍ട്ടുകള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ സഭയില്‍ സമര്‍പ്പിച്ചിരുന്നു. അതിലെ മൂന്നാമത് റിപ്പോര്‍ട്ടിലെ 11 ശുപാര്‍ശകളാണ് ഇപ്പോഴത്തെ നിയമനിര്‍മാണത്തിനാധാരം ഒരു നിയമസഭാ സമിതി സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അപൂര്‍വമായാണ് ഇത്തരത്തിലുള്ള നിയമനിര്‍മാണം നടക്കുന്നത്.

മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയായി പഠിപ്പിക്കുന്നതിനും അത് നിയമപരമായി ഉറപ്പിക്കുന്നതിനും മലയാള ഭാഷാനിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടാകണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. എല്ലാ നിയമനിര്‍മാണ അവസരങ്ങളിലും മലയാളം നിയമനിര്‍മാണ ഭാഷയായി ഉപയോഗിക്കുക, വിവര സാങ്കേതിക രംഗത്ത് മലയാള ഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കുക, മാധ്യമവാര്‍ത്തകളിലും പരിപാടികളിലും ഭാഷാശുദ്ധി നിരീക്ഷിക്കുന്നതിന് സംവിധാനമുണ്ടാക്കുക, മലയാളത്തനിമയുള്ള ചലച്ചിത്രങ്ങള്‍ക്ക് നികുതിയിളവ് നല്കുക, മലയാളഭാഷാ പരിപോഷണത്തിനായി ബജറ്റ് ഔട്ട്‌ലേയുടെ 0.05 ശതമാനം തുക വകയിരുത്തുക, മലയാളത്തിലുള്ള  വിദ്യാഭ്യാസം നിയമനയോഗ്യതയായി ഉള്‍പ്പെടുത്തുക, പ്രത്യേക വകുപ്പും  ഡയറക്ടറേറ്റും വിവിധ സമിതികളും രൂപീകരിക്കുക എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍. നിയമനിര്‍മാണം നടപ്പില്‍വരുമ്പോള്‍ ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഹാനികരമായ ഒരു വ്യവസ്ഥയും ഉണ്ടാകരുതെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അധ്യക്ഷനായ സബ്ജക്റ്റ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തി ബില്‍ നിയമമാക്കിയിരിക്കുന്നത്. എല്ലാ ശുപാര്‍ശകളും നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ നിയമനിര്‍മാണം സംസ്ഥാനത്തിന്റെ സാംസ്‌കാരികമേഖലയില്‍ സുസ്ഥിരപുരോഗതിയിലേക്കുള്ള സുപ്രധാന ചുവടുവയ്പാണെന്ന കാര്യം അംഗീകരിച്ചേ മതിയാവൂ.
കേരളത്തിന്റെ ഔദ്യോഗികഭാഷ മലയാളമായിരിക്കണമെന്ന് 1965 ഒക്‌ടോബര്‍ 19 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.  അതിനായി പ്രത്യേകം ഒരു വകുപ്പും രൂപീകരിച്ചു. എന്നാല്‍ ഔദ്യോഗിക രംഗത്ത് ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കാന്‍ ഈ ഉദ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇതിന് വിഘാതമായി നില്‍ക്കുന്നത് നിയമങ്ങളുടേയും നിര്‍ദേശങ്ങളുടേയും അഭാവത്തിലുപരി മനോഭാവത്തിന്റെ പ്രശ്‌നമാണെന്നത് സുവ്യക്തമാണ്. ഭരണഭാഷാരംഗത്തെ ഈ ദുസ്ഥിതിക്ക് മാറ്റം വരുത്തണം എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പതിമൂന്നാം കേരള നിയമസഭയുടെ ഔദ്യോഗികഭാഷാ സമിതി മേലുദ്ധരിച്ച വിഷയങ്ങളിന്മേല്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ഇന്ത്യയില്‍ പ്രാദേശികഭാഷയില്‍ സംസാരിക്കുന്നവരുടെ കണക്കെടുത്താല്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഇവിടെ മലയാളം ഉപയോഗിക്കുന്നവര്‍ 96.55 ശതമാനമാണ്. തമിഴ്‌നാടില്‍ തമിഴ് സംസാരിക്കുന്നവര്‍ 86.71 ശതമാനം. ആന്ധ്രയില്‍ തെലുങ്ക് ഉപയോഗിക്കുന്നവര്‍ 84.77 ശതമാനം. കര്‍ണാടകത്തിലാകട്ടെ കന്നട സംസാരിക്കുന്നവര്‍ 66.22 ശതമാനം മാത്രം.  മാത്രമല്ല ഭാഷാടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും രൂപം കൊണ്ടത്. സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 16 ഭാഷാ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍ ഇന്നും ഭാഷയ്ക്കായി നിയമനിര്‍മാണങ്ങള്‍ തുടരുന്നു എന്നത് വിചിത്രമായി തോന്നിയേക്കാം.
വിധിവൈപരീത്യം എന്നുവേണമെങ്കില്‍ പറയാം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടശേഷമാണ് ഇംഗ്ലീഷ് ഇവിടെ ശരിക്കും ആധിപത്യമുറപ്പിച്ചത്. ബ്രിട്ടീഷ് മേല്‍ക്കോയ്മ നിലനില്‍ക്കുമ്പോള്‍ തന്നെ തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളില്‍ മഹാരാജാക്കന്മാര്‍ മലയാളം തന്നെയാണ് ഭരണഭാഷയായി ഉപയോഗിച്ചിരുന്നതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ആധിപത്യം നിലനിന്ന മലബാറില്‍പ്പോലും ജില്ലാതലംവരെ മലയാളമാണ് ഉപയോഗിച്ചിരുന്നത്. തിരുവിതാംകൂറിലും കൊച്ചിയിലും റസിഡന്റായിരുന്ന കേണല്‍ മണ്‍ട്രോ പോലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത് മലയാളത്തിലായിരുന്നു. ഇംഗ്ലീഷ് പഠനഭാഷയും ഭരണഭാഷയുമാക്കി മാറ്റാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിക്കുമ്പോള്‍ തന്നെ മലയാളം അതിനെ ചെറുത്തുനിന്നു എന്ന് വ്യക്തം.
സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂറില്‍ കീഴ്‌ക്കോടതി വിധികള്‍ മലയാളത്തിലായിരുന്നു. പ്രധാനപ്പെട്ട ഹൈക്കോടതി വിധികള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ലഭ്യമാക്കിയിരുന്നു. സി.വി.രാമന്‍പിള്ളയെപ്പോലുള്ള പ്രഗത്ഭരെയാണ് അതിന് ചുമതലപ്പെടുത്തിയിരുന്നത്.
മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സ്വാതന്ത്ര്യാനന്തരം ഭരണഘടനാശില്പികള്‍ മാതൃഭാഷയ്ക്ക് ഔദ്യോഗിക ഭാഷാപദവി നല്‍കുന്നതിനുള്ള വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഭരണഘടനയുടെ 345 ാം വകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്ത് നിയമം മുഖേന, ആ സംസ്ഥാനത്ത് ഉപയോഗത്തിലിരിക്കുന്ന ഒന്നോ അതിലധികമോ ഭാഷകള്‍ ഏതെങ്കിലും ഔദ്യോഗികാവശ്യത്തിനോ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കുമോ ഉപയോഗിക്കാന്‍ അധികാരം നല്‍കുന്നു. ഈ അധികാരം ഉപയോഗിച്ചാണ് 1969-ല്‍ ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണം) നിയമം പാസ്സാക്കിയത്. അതോടെ നിയമനിര്‍മാണത്തിന് മലയാളം ഉപയോഗിക്കുന്നതിലുള്ള സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ മാറി.
അതിനുമുന്‍പും പിന്‍പും ഭരണത്തില്‍ മലയാള ഭാഷാവ്യാപനത്തിനായി നിരവധി ഉത്തരവുകളും നടപടികളുമുണ്ടായിട്ടുണ്ട്. 1965-ലും 1966ലും സര്‍ക്കാര്‍ ഉത്തരവ് മുഖേന ചിലവകുപ്പുകളില്‍ മലയാളം ഭരണഭാഷയായി നിഷ്‌കര്‍ഷിച്ചിരുന്നു. പക്ഷേ അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല. പിന്നീടാണ് 1969-ല്‍ നിയമനിര്‍മ്മാണമുണ്ടായത്. 1973-ല്‍ ചില ഭേദഗതികള്‍ വരുത്തിയെങ്കിലും നിര്‍വഹണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
കോടതിവിധികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാമെന്ന് വ്യക്തമാക്കി 1973 മെയ് 11 ന് സര്‍ക്കാര്‍ അസാധാരണ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അതനുസരിച്ച് ചില ന്യായാധിപന്മാര്‍ വിധികള്‍ മലയാളത്തില്‍ എഴുതിയെങ്കിലും ക്രമേണ അതും നിലച്ചു. 1978 ജൂലൈ നാലിന് മറ്റൊരു ഉത്തരവിലൂടെ 1980-81 മുതല്‍ കോടതി ഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രശ്‌നം പഠിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി രൂപവത്കരിച്ചു. രണ്ടുകൊല്ലം കൊണ്ട് കോടതി നടപടികളും വിധിന്യായങ്ങളും മലയാളത്തിലാക്കണമെന്നാണ് നരേന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. അതിനുള്ള കാരണവും ആ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
1957 ലാണ് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ആദ്യ കമ്മിറ്റി രൂപീകരിച്ചത്. കോമാട്ടില്‍ അച്യുതമേനോന്‍ അദ്ധ്യക്ഷനായ സമിതി 1958 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏഴുവര്‍ഷംകൊണ്ട് എല്ലാ വകുപ്പുകളിലും മലയാളം ഭരണഭാഷയാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പക്ഷേ അവ റിപ്പോര്‍ട്ടില്‍ ഒതുങ്ങി. ഏഴുവര്‍ഷം കഴിഞ്ഞ് മലയാറ്റൂര്‍ രാമകൃഷ്ണനെ ഔദ്യോഗിക ഭാഷാ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചു. അദ്ദേഹം വിശദമായ മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ കാര്യമായി ഒന്നും സംഭവിച്ചില്ല.
1968 ല്‍ രൂപീകൃതമായ ഔദ്യോഗിക ഭാഷാ കമ്മിഷന്റെ സേവനവും സ്മരണീയമാണ്. എം. പ്രഭ ആദ്യ ചെയര്‍മാനായിരുന്ന ആ സമിതി ഇന്ത്യന്‍ ഭരണഘടനയും നൂറ്റിയന്‍പതോളം കേന്ദ്രനിയമങ്ങളും മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തു. പക്ഷേ അവ ക്രമേണ അവഗണിക്കപ്പെട്ടു. അക്കൊല്ലംതന്നെ രൂപീകൃതമായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണഭാഷാമാറ്റത്തിന് ഊര്‍ജം പകര്‍ന്നു. മാനവിക-വൈജ്ഞാനിക മേഖലകളില്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചും മലയാളം ഭരണഭാഷയാക്കാന്‍ സഹായകമായ ശബ്ദാവലികള്‍, മലയാളം ടെപ്പ്‌റൈറ്റര്‍ കീബോര്‍ഡ് നിര്‍മാണം, ലിപി പരിഷ്‌കരണം എന്നിവയിലൂടെയും ഇന്‍സ്റ്റിറ്റിയൂട്ട് അതിന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ലും മാതൃഭാഷ ഭരണഭാഷയായി ഉപയോഗിക്കുമ്പോള്‍ മാത്രമേ മലയാളം കേരളത്തിന്റെ ഭരണഭാഷയായി എന്ന് പറയാന്‍ കഴിയൂ. ഇനി നമുക്ക് വേണ്ടത് മനോഭാവമാറ്റവും ഇച്ഛാശക്തിയുമാണ്. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മലയാളഭാഷാപഠനം അനിവാര്യമാക്കണം. നീതിനിര്‍വഹണത്തിലും ഭരണത്തിന്റെ ഏറ്റവും മുകള്‍ത്തട്ട് ഉള്‍പ്പെടെ എല്ലാതലങ്ങളിലും മലയാളം ഔദ്യോഗികഭാഷയാവണം.
ഭരണതലത്തില്‍ ഔദ്യോഗികഭാഷ ആംഗലേയമായി തുടരുന്നതിന്റെ കാരണം അന്വേഷിച്ചു ചെല്ലുമ്പോള്‍ സ്വന്തം ഭാഷയോടും സംസ്‌കൃതിയോടും മമതയില്ലാത്ത ഒരു ജനവിഭാഗമായി നമ്മില്‍ ഏറെ പേരും മാറിയിരിക്കുന്നു എന്ന അത്യന്തം ഖേദകരമായ വസ്തുതയാണ് വെളിവാകുന്നത്. ഭരണീയരെക്കാള്‍ ഭരണതലത്തിലുള്ളവരാണ് ഇതിന് കാരണക്കാര്‍ എന്ന തിരിച്ചറിവിലാണ് നാം ചെന്നെത്തുന്നതും. അവശ്യം വേണ്ടവയൊഴിച്ചാല്‍ സര്‍ക്കാര്‍ തലത്തിലുള്ള കത്തിടപാടുകള്‍, വിജ്ഞാപനങ്ങള്‍, പൊതുജനങ്ങള്‍ അറിയേണ്ട മറ്റുവിധത്തിലുള്ള ഉത്തരവുകള്‍ മലയാളത്തില്‍ മാത്രമേ നടത്താന്‍പാടുള്ളൂ എന്ന് നിര്‍ബന്ധമാക്കണം. ഇതിനായി സമഗ്ര കര്‍മപദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
മാതൃഭാഷ, ഭരണഭാഷയാകുന്നതോടുകൂടി ഭരണരംഗത്ത് ഉദാത്തമായ മാറ്റങ്ങള്‍ തന്നെ ദര്‍ശിക്കാവൂ. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ പിന്തുണയോടെ മാത്രമേ ശരിയായ മാതൃഭാഷാവബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ലളിതവും സുതാര്യവും അര്‍ഥശങ്കയ്ക്കിടനല്‍കാത്തതും ഔചിത്യപൂര്‍ണവുമായ മലയാളം, ഭരണഭാഷയായി മാറ്റുന്നതില്‍ ഓരോ വ്യക്തിക്കും നിര്‍ണായക പങ്കുവഹിക്കാനുണ്ട്. നിയമപരമായ ബാധ്യത എന്നതിലുപരി സ്വന്തം ഭാഷയോടുള്ള പ്രതിബദ്ധതയില്‍ ആരോഗ്യകരമായ മാറ്റം നമ്മള്‍ വരുത്തേണ്ടതാണ്. ഭാഷ നമ്മുടെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും ഉറവിടമാണ് എന്ന ധാരണയോടെ പ്രവര്‍ത്തിച്ചാല്‍ ഭരണഭാഷാമാറ്റം ത്വരിതഗതിയിലാക്കാം.

പിന്നീട്, മുഖ്യമന്ത്രിമാരായ സി. അച്യുതമേനോനും കെ. കരുണാകരനും എ.കെ. ആന്റണിയും മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തി. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മലയാളം വ്യാപിപ്പിക്കാന്‍ എ.കെ. ആന്റണി നടപടി സ്വീകരിച്ചു. അതിനായി പഞ്ചവത്സര പദ്ധതിക്കുതന്നെ അദ്ദേഹം രൂപം നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ എല്ലാ ജില്ലകളിലും സംവിധാനമൊരുക്കി. ഭരണഭാഷ എന്ന പേരില്‍ പ്രതിമാസ പ്രസിദ്ധീകരണം തുടങ്ങി. നവംബര്‍ ഒന്നുമുതല്‍ ഒരാഴ്ച ഭരണഭാഷാവാരമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മലയാളം ടൈപ്പ്‌റൈറ്റിംഗ് പരിശീലനം ഊര്‍ജിതപ്പെടുത്തി. സര്‍ക്കാരിന്റെ ഒന്നാം ഭാഷ മലയാളമാണെന്ന തോന്നലുണ്ടാക്കാന്‍ എ.കെ. ആന്റണിയുടെ 19 മാസക്കാലത്തെ ഭരണത്തിന് കഴിഞ്ഞു എന്ന് അക്കാലത്ത് സര്‍ക്കാര്‍ വകുപ്പുതലവനായിരുന്ന ടി.എന്‍. ജയചന്ദ്രന്‍ എഴുതിയത് ഓര്‍ക്കുന്നു.
50 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവും മലയാളം ഭരണഭാഷയാക്കുന്നതില്‍ താത്പര്യമെടുത്തു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഔദ്യോഗിക ഭാഷാ ദിനമായി ആചരിക്കാന്‍ ഉത്തരവിട്ടത് സി.എച്ച് ആണ്. ബില്ലുകളെല്ലാം ഇംഗ്ലീഷില്‍ തയാറാക്കിയിരുന്ന കാലത്ത് നിയമസഭയില്‍ മലയാളത്തില്‍ ബില്ല് അവതരിപ്പിച്ചാണ് കുഞ്ഞമ്പു തന്റെ ഭാഷാസ്‌നേഹം പ്രഖ്യാപിച്ചത്.
1983 ല്‍ വി.എം. സുധീരന്‍ അദ്ധ്യക്ഷനായ നിയമസഭാ സമിതിയുടെ മൂന്നാമത് റിപ്പോര്‍ട്ടില്‍ എല്ലാ തലങ്ങളിലും മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിനുള്ള ശിപാര്‍ശകള്‍ അവതരിപ്പിച്ചിരുന്നു. മറ്റു സംസ്ഥാന നിയമസഭകളിലെന്നപോലെ കേരളത്തിലും മാതൃഭാഷയില്‍ ബില്ലുകള്‍ അവതരിപ്പിക്കുന്നതില്‍ ഇനിയും കാലതാമസം പാടില്ലെന്ന സമിതിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അതേപടി അംഗീകരിച്ചു. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 2003 ല്‍ ഭരണഭാഷയ്ക്കുവേണ്ടി ഒരു നിയമസഭാ സമിതിക്ക് രൂപം നല്‍കിയത്.
2011 ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ ചാണ്ടി 2012 നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷം ഭരണഭാഷാ വര്‍ഷമായി പ്രഖ്യാപിച്ചു.
പരിമിതികള്‍ ഏറെയുണ്ടെങ്കിലും മലയാള ഭാഷയുടെ വ്യാപനത്തില്‍ നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കുന്നതില്‍ വിജയിച്ചു. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ നാമധേയത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നതിന് മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കുന്നതിന് നടപടി എടുത്തു. എന്നാല്‍ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിനിര്‍വഹണം എന്നിങ്ങനെ ഭരണസംവിധാനത്തിന്റെ മൂന്നുമേഖലകളി

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...