കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.) ചരിത്രത്തില്‍ വേറിട്ടുനിന്ന മേളയായിരുന്നു 20 ാമത് ചലച്ചിത്രമേള. വലിയ പ്രശ്‌നങ്ങളും പരാതികളുമില്ലാതെ, പാക്കേജുകളുടെ കാര്യത്തില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും പ്രശംസ നേടിക്കൊണ്ടാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കൊടിയിറങ്ങിയത്. പോയ വര്‍ഷങ്ങളിലെ പോലെ സിനിമ കാണുവാന്‍ മണിക്കൂറുകള്‍ക്കു മുമ്പ് ക്യൂ നില്‍ക്കേണ്ടിവരുന്ന സ്ഥിതി മാറി തിയേറ്ററുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനായത് പ്രതിനിധികള്‍ക്ക് വലിയ ആശ്വാസം നല്‍കി. സീറ്റുകളില്‍ 60 ശതമാനം റിസര്‍വേഷന്‍ എന്നത് ഡെലിഗേറ്റുകള്‍ പ്രയോജനപ്പെടുത്തിയത് തിരക്ക് നിയന്ത്രണവിധേയമാകുവാന്‍ കാരണമായി.

നിശാഗന്ധി ഓപ്പണ്‍ എയര്‍ തിയറ്ററിനെ താല്‍ക്കാലികമായി 1200 ലധികം സീറ്റുകളുള്ള വേദിയാക്കി മാറ്റിയതും ടാഗോര്‍ പ്രധാന വേദിയായതും കൈരളി കോംപ്ലക്‌സിലെ തിക്കും തിരക്കും വന്‍തോതില്‍ കുറയാന്‍ കാരണമായി. ഇത്തവണത്തെ മേളയില്‍ ഓപ്പണ്‍ ഫോറം, മീറ്റ് ദ പ്രസ്, മീറ്റ് ദ ഡയറക്ടര്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറിയത് ടാഗോറിലായിരുന്നു. ധാരാളം സ്ഥലവും ഫലവൃക്ഷ സമൃദ്ധിയുമുള്ള ടാഗോര്‍ പരിസരം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉചിതമായ വേദിയായി മാറുകയും ചെയ്തു. 20 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്രം സൃഷ്ടിച്ച പടമാണ് ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍'. സുവര്‍ണ ചകോരമടക്കം പ്രധാന അവാര്‍ഡുകളെല്ലാം ഒറ്റാല്‍ കരസ്ഥമാക്കി. മികച്ച രചനയ്ക്കുള്ള ഫിപ്രെസി, നെറ്റ്പാക്ക് അവാര്‍ഡുകള്‍ കൂടാതെ ഏറ്റവും നല്ല ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തതും 'ഒറ്റാലി'നെ തന്നെയാണ്.

രണ്ട് മലയാള പടങ്ങളും രണ്ട് ഇന്ത്യന്‍ സിനിമകളുമടക്കം 14 ചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രചനകളാണ് മാറ്റുരച്ചത്.

ഐ.എഫ്.എഫ്.കെ. യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാള ചിത്രം സുവര്‍ണചകോരം നേടുന്നത്. പ്രകൃതി രമണീയമായ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ താറാവു കൃഷിക്കാരന്റെ ജീവിതം ആലേഖനം ചെയ്ത ചിത്രം ബാലവേലയും വിദ്യാഭ്യാസ കച്ചവടവുമടക്കമുള്ള സമകാലിക വിഷയങ്ങള്‍ സ്പര്‍ശിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ നിന്ന് സംവിധായകന്‍ ജയരാജ് കണ്ടെത്തിയവരാണ് ചായക്കൂട്ടുകളില്ലാതെ ക്യാമറയ്ക്കുമുമ്പില്‍ വന്നത്. ചിത്രത്തിന്റെ എടുത്തുപറയാവുന്ന മറ്റൊരു നേട്ടമാണ് എം.ജെ. രാധാകൃഷ്ണന്റെ അനുപമമായ ഛായാഗ്രഹണം. പ്രമേയത്തിന്റെ ശക്തിയും സൗന്ദര്യവും വരച്ചുകാട്ടുകയാണ്, രാധാകൃഷ്ണന്റെ ക്യാമറ. കുട്ടനാടിന്റെ അഴക് വഴിഞ്ഞൊഴുകുന്ന ഫ്രെയിമുകള്‍ ചിത്രത്തെ താരതമ്യത്തിനതീതമാക്കുന്നു. ഒറ്റാലില്‍ അഭിനേതാക്കള്‍ക്ക് പകരം കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. ഈ ചിത്രത്തില്‍ അധികപറ്റാകുന്ന രംഗങ്ങളോ കഥാപാത്രങ്ങളോ ഇല്ല.

പ്രേക്ഷകര്‍ ഉറ്റുനോക്കിയ ലോക സിനിമാവിഭാഗം ഇത്തവണ ഏറെ സമ്പന്നമായിരുന്നു. ത്രീഡി എക്‌സ്പീരിയന്‍സ് എന്ന പുതിയ വിഭാഗത്തിലാണ് ജര്‍മന്‍ ആചാര്യനായ വിം വെന്‍ഡേഴ്‌സിന്റെ 'എവരിതിംങ് വില്‍ബി ഫൈന്‍', 'ലൈഫ് ഓഫ് പൈ' (ആങ്ങ് ലി), 'ലൗ' (ഗാസ്‌പെര്‍ നോയ്), 'പാന്‍' (ജോ റൈറ്റ്), 'ദ മാര്‍ഷ്യാന്‍' (റിഡ്‌ലി സ്‌കോട്ട്), 'വോള്‍ഫ് ടോട്ടെം' (ജിന്‍ ജാക്‌സ് അനൗദ്) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ഉദ്ഘാടന ചിത്രവും 'വോള്‍ഫ് ടോട്ടെം' തന്നെയായിരുന്നു. ജൂറി ഫിലിംസ്, കണ്‍ട്രി ഫോക്കസ് (ലിത്വാനിയ, മ്യാന്‍മാര്‍) റെട്രോസ്‌പെക്ടീവ്, പനോരമ തുടങ്ങിയ വിഭാഗങ്ങളിലും മികച്ച രചനകളുണ്ടായിരുന്നു. റെട്രോയില്‍ ഡാരിയുഷ് മെഹ്‌റുജിയുടെ വിഖ്യാതമായ ഇറാനിയന്‍ ചിത്രങ്ങള്‍ 'ദ കൗ', 'ഹാമറണ്‍', 'സാറാ', 'മംമ്‌സ് ഗസ്റ്റ്', 'സന്തൂരി', 'ഗോസ്റ്റ്‌സ്' എന്നീ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. റിസ്റ്റോര്‍ഡ് ക്ലാസിക്‌സ് വിഭാഗത്തില്‍ 'ഗരം ഹവ' (എം.എസ്. സത്യു), 'ജെയ്ത് രെ ജെയ്ത്' (ജബ്ബാര്‍ പട്ടേല്‍), 'ഒക ഉരി കഥ' (മൃണാള്‍ സെന്‍), 'അമ്മ അറിയാന്‍' (ജോണ്‍ എബ്രഹാം), 'മതിലുകള്‍' (അടൂര്‍ ഗോപാലകൃഷ്ണന്‍) എന്നീ ചിത്രങ്ങളും കണ്ടംപററി മാസ്റ്റര്‍ സെക്ഷനില്‍ ടോണി ഗറ്റ്‌ലിഫിന്റെ 'ഗദ്‌ജോ ദിലോ', 'ചില്‍ഡ്രന്‍ ഓഫ് ദ സ്റ്റോര്‍ക്ക്', 'സ്വിംഗ്', 'എക്‌സൈല്‍സ്', 'ട്രാന്‍സില്‍വാനിയ' എന്നിവയുമാണ് പ്രദര്‍ശിപ്പിച്ചത്.

വേള്‍ഡ് സിനിമാ വിഭാഗത്തിലെ മികച്ച ചിത്രങ്ങളില്‍ 'അബ്‌സൊല്യൂഷന്‍', 'ആന്‍ണ്‍ ചെക്കോവ് 1890', 'ഡീഗ്രേഡ്', 'ദീപന്‍', 'ഡയറി ഓഫ് എ ചേംബര്‍ മെയ്ഡ്', 'ഡോണ്‍ട് ടെല്‍ മി ദ ബോയ് വാസ്മാഡ്', 'എംബ്രേസ് ഓഫ് സെര്‍പന്റെ', 'ഫാത്തിമ', 'ദ ഫയര്‍', 'ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി', 'ഫ്രാങ്കോഫോണിയ', 'ദ ഹൈസന്‍', 'ദ ഐഡല്‍', 'ദ ലോവര്‍ ഡെപ്ത്', 'മുസ്താംഗ്', 'പൗലിന', 'ടാക്‌സി', 'വിക്‌ടോറിയ', 'വണ്ടറസ്റ്റ് ബൊകാഷ്യോ' തുടങ്ങിയവയാണ് ഉള്‍പ്പെട്ടിരുന്നത്. പതിവുപോലെ കിം കി ഡുക്കിന്റെ പടത്തിനു തന്നെയായിരുന്നു ഏറ്റവും വലിയ തിരക്ക്! കൂടാതെ 'ലൗ' എന്ന ഇറോട്ടിക്ക് പടം സ്‌ക്രീന്‍ ചെയ്ത സ്ഥലങ്ങളിലൊക്കെ വന്‍ ജനക്കൂട്ടമാണ് കാണപ്പെട്ടത്. ഓപ്പണ്‍ ഫോറം പോയകാലങ്ങളിലെ പോലെ പ്രക്ഷുബ്ധവും സംഘര്‍ഷഭരിതവുമായിരുന്നില്ല. ഏറെക്കുറെ 'ഓര്‍ഡര്‍' ആയിത്തന്നെയാണ് സംവാദങ്ങളും ചര്‍ച്ചകളും അരങ്ങേറിയത്. ഇടയ്ക്ക് ചില വാഗ്വാദങ്ങളും തര്‍ക്കങ്ങളും ഉണ്ടായെങ്കിലും അവയൊന്നും പരിധിവിട്ട് പോയില്ലെന്ന് പറയാം.

മലയാള സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗങ്ങളില്‍ ഏഴ് ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെയും മലയാള സിനിമയുടേയും വര്‍ത്തമാന കാലത്തിന്റെ പരിച്ഛേദമായി ഈ വിഭാഗത്തിലെ പടങ്ങള്‍ മാറി. 'ഇന്ത്യന്‍ സിനിമ ഇന്നി'ല്‍ കൂടുതല്‍ പടങ്ങള്‍ ബംഗാളിയില്‍ നിന്നാണ് ഉണ്ടായിരുന്നത് - മൂന്ന്. ഈ വിഭാഗങ്ങളിലെ പടങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. പ്രസ് കോണ്‍ഫറന്‍സുകളും ശ്രദ്ധേയമായി. സ്‌ക്രീനിങ്ങ് ഷെഡ്യൂളില്‍ വലിയ മാറ്റങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായില്ല എന്നതും ആശ്വാസകരമായിരുന്നു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരത്തിന് അര്‍ഹനായത് ബംഗ്ലാദേശില്‍ നിന്നുള്ള അബു ഷെഹെദ് എമോണ്‍ ആണ് (ജലാല്‍സ് സ്റ്റോറി). ഈ പടം നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ രചനയാണ്.

ഇത്തവണ ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കുറവായിരുന്നു. ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നും മത്സരവിഭാഗത്തില്‍ ചിത്രങ്ങളേ ഉണ്ടായില്ല. കസാക്കിസ്ഥാന്‍ (ബോപെം), ഇറാന്‍ (ഇമോര്‍ട്ടാലിറ്റി), ഇന്ത്യ (ദ വയലിന്‍ പ്ലെയര്‍), ഇസ്രായേല്‍ (യോന) എന്നിവ മത്സരവിഭാഗത്തിലെ മികച്ച എന്‍ട്രികളായിരുന്നു.

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...