എന്‍ജിനീയറിങ് പഠനത്തിന് ഇന്ന് സംസ്ഥാനത്തും രാജ്യത്തും ഉള്ള അവസരങ്ങള്‍ നിരവധിയാണ്. എന്നാല്‍, പഠനം പൂര്‍ത്തിയാകന്ന മുറയ്ക്ക് ജോലി ഉറപ്പിക്കാവുന്ന മേഖലകള്‍ പരിമിതവും.

തിരുവനന്തപുരത്ത് വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സ് പഠിക്കുവാനും തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കുവാനും അവസരമൊരുക്കുന്നു. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ടു ബി.ടെക് പ്രോഗ്രാമില്‍  ഏറോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ് എന്നിവയിലെ ബി.ടെക് പ്രോഗ്രാം ഓരോന്നിലും 60 പേര്‍ക്ക് വീതം പ്രവേശനം നല്‍കുന്നു. ലോഞ്ച് വെഹിക്കിളുകള്‍, എയര്‍ക്രാഫ്റ്റ്, സ്‌പേസ് ക്രാഫ്റ്റ് തുടങ്ങിയവയുടെ രൂപകല്പനയിലും വികസനത്തിലും ഊന്നിയുള്ള പഠനങ്ങളാണ് ഏറോസ്‌പേസ് എന്‍ജിനീയറിങ്ങിലുള്ളത്. ഏറോസ്‌പേസില്‍ ബാധകമായ ഇലക്‌ട്രോണിക്‌സ് പഠനങ്ങളാണ് ഏവിയോണിക് ബ്രാഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കോഴ്‌സിന്റെ ഭാഗമായി ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നു. ഈ രണ്ടു പ്രോഗ്രാമുകള്‍ കൂടാതെ, അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമും ഇവിടെയുണ്ട്. നാലുവര്‍ഷത്തെ എന്‍ജിനീയറിങ് ഫിസിക്‌സ് ബി.ടെക് പഠനവും തുടര്‍ന്ന് ഒരു വര്‍ഷത്തെ എം.എസ്./എം.ടെക് പഠനവും അടങ്ങുന്നതാണ് ഈ പ്രോഗ്രാം. ബഹിരാകാശ പഠനത്തില്‍ പ്രാധാന്യമുള്ള അടിസ്ഥാന ശാസ്ത്രങ്ങളുടെ പഠനമാണ് എന്‍ജിനീയറിങ് ഫിസിക്‌സ്. ആസ്‌ട്രോണമി, ആസ്‌ട്രോഫിസിക്‌സ്, എര്‍ത്ത് സിസ്റ്റം സയന്‍സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് എന്നിവയിലൊന്നിലെ എം.എസ്സിനോ ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്ങിലെ എം.ടെക്കിനോ അഞ്ചാം വര്‍ഷത്തില്‍ ചേരാം. അഞ്ചു വര്‍ഷത്തെയും പഠനം നിര്‍ബന്ധമാണ്. ഇതിന് 20 സീറ്റാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് മൂന്നിനും കൂടി കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടു തല പരീക്ഷ ജയിച്ചവര്‍ക്ക് ഇവിടെ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.സി./എസ്.ടി./പി.ഡി വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക് മതി. സി.ബി.എസ്.ഇ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയിന്‍), ഐ.ഐ.ടി കള്‍ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (അഡ്വാന്‍സ്ഡ്) എന്നിവയിലെ മികവ് പരിഗണിച്ചാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.
പ്രവേശനം ലഭിക്കുന്നവര്‍ ട്യൂഷന്‍ ഫീസ്, സ്റ്റുഡന്റ് അമിനിറ്റി ഫീസ്, ഹോസ്റ്റല്‍ (ഭക്ഷണം ഉള്‍പ്പെടെ) ചാര്‍ജുകള്‍, എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജുകള്‍, മെഡിക്കല്‍ ചെലവുകള്‍ എന്നിവ നല്‍കേണ്ടതില്ല. ഇവകൂടാതെ ഓരോ സെമസ്റ്ററിലേക്കും ബുക്ക് അലവന്‍സായി 3000 രൂപ ലഭിക്കും. ആദ്യ സെമസ്റ്ററിനു ശേഷം, തുടര്‍ന്നുള്ള സെമസ്റ്ററുകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ സെമസ്റ്ററിലും 10 പോയിന്റ് സ്‌കെയിലില്‍ കുറഞ്ഞത് 7.5 എന്ന ഗ്രേഡ് പോയിന്റ് വിദ്യാര്‍ഥി നേടണം.

ബി.ടെക് പഠനം നാല് വര്‍ഷത്തിലും ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം അഞ്ചു വര്‍ഷത്തിലും 10 ല്‍ 7.5 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് നേടി പൂര്‍ത്തിയാക്കുന്നവരെ, ഒഴിവുകള്‍ക്ക് വിധേയമായി, സയിന്റിസ്റ്റ്, എന്‍ജിനീയര്‍ തസ്തികയില്‍ ബഹിരാകാശവകുപ്പിലോ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലോ നിയമിക്കും. സയിന്റിസ്റ്റ്, എന്‍ജിനീയര്‍ (എസ്.സി) ഗ്രേഡില്‍ 15600-39,100 എന്ന പേ ബാന്‍ഡില്‍ നിയമിക്കപ്പെടുന്ന ഇവര്‍ക്ക് പ്രവേശന സമയത്ത് അടിസ്ഥാന ശമ്പളമായി 21,000 രൂപയും ഗ്രേഡ് പേ ആയി 5400 രൂപയും ലഭിക്കും. ഇതിനുബാധകമായ ക്ഷാമബത്ത, വീട്ടു വാടക അലവന്‍സ് എന്നിവയും ഇതോടൊപ്പം ലഭിക്കും. നിയമനം ലഭിച്ചാല്‍, കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും ഇവിടെ ജോലി ചെയ്യേണ്ടതുണ്ട്. ജോലി സ്വീകരിക്കാത്ത പക്ഷം 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.
പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളും കോഴ്‌സുകളുടെ ഘടനയും www.iist.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2016 ലെ പ്രവേശനം സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം ഇതിനോടകം വന്നിട്ടുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ബ്രോഷറും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍ 2016 ഏപ്രില്‍ 30-ഓടെ പ്രസിദ്ധപ്പെടുത്തും.

എന്‍ജിനീയറിങ് ബിരുദമെടുത്ത് രാജ്യസേവനത്തിലേര്‍പ്പെടാന്‍ താത്പര്യമുള്ളവര്‍ക്ക് കരസേന അതിന് അവസരമൊരുക്കുന്നു. പ്ലസ്ടു പഠനം കഴിഞ്ഞവര്‍ക്ക്, 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്‌സിന് ചേര്‍ന്ന്, എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി കരസേനയില്‍ സ്ഥിരം കമ്മിഷന്‍ നേടാം. ആണ്‍കുട്ടികള്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. കോഴ്‌സ് തുടങ്ങുന്ന മാസത്തിലെ ആദ്യ ദിവസം പതിനാറരയ്ക്കും പത്തൊന്‍പതരയ്ക്കും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത ലഭിക്കുക. പ്ലസ്ടു പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് മൂന്നിനുംകൂടി കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ശതമാനം കണക്കാക്കുമ്പോള്‍ 12 ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യതാ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്നു വിഷയങ്ങള്‍ക്കും കൂടി ലഭിച്ച മാര്‍ക്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ഒരു പ്രവേശന പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ലെന്നുസാരം. നിശ്ചിത മാര്‍ക്കിന് മുകളില്‍ ലഭിക്കുന്നവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിന് വിളിക്കും. യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധനയുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ പരിശീലനം നല്‍കും.

ഒരു വര്‍ഷത്തെ ബേസിക് മിലിട്ടറി ട്രെയിനിങ്ങും നാലു വര്‍ഷത്തെ ടെക്‌നിക്കല്‍ ട്രെയിനിങ്ങും. മൂന്നു വര്‍ഷത്തെ ടെക്‌നിക്കല്‍ ട്രെയ്‌നിങ് പൂര്‍ത്തിയാക്കുമ്പോള്‍ ലഫ്റ്റനന്റ് റാങ്കില്‍ കരസേനയിലെ സ്ഥിരം കമ്മിഷന്‍ ട്രെയിനിങ്ങും ഉണ്ട്.  ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍, എന്‍ജിനീയറിങ് ബിരുദവും ലഭിക്കും. സൗജന്യമായ ട്രെയിനിങ് ആണ് ലഭിക്കുക. എല്ലാ വര്‍ഷവും ജനുവരിയിലും ജൂലൈയിലുമാണ് പരിശീലന കോഴ്‌സ് ആരംഭിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം തൊട്ടുമുമ്പുള്ള ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതീക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണേണ്ടതാണ്.

Add comment


Security code
Refresh

article thumbnailമലയാള ഭാഷയുടെ വികസനം സംബന്ധിച്ച സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഇപ്പോഴാണ്. മലയാളികളുടെ...