KIFBI

kiifb.jpg

245

കേരള ഇൻഫ്രാസ്റ്റ്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്ഫണ്ട് ബോർഡ് (കിഫ്ബി) 4004.86 കോടി രൂപയുടെ 48 പദ്ധതികൾക്ക് അംഗീകാരം നൽകി. ബോർഡ് പുനഃസംഘടിപ്പിച്ചശേഷമുള്ള ആദ്യയോഗം മുഖ്യമന്ത്രി അദ്ധ്യക്ഷതയിൽ ചേർന്നാണു പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഈ പദ്ധതികൾക്കായി 1740.63 കോടി രൂപ ആദ്യഗഡുവായി നൽകും.

കിഫ്ബി വെറും ദിവാസ്വപ്നമാണെന്നു പറഞ്ഞവർക്ക് പ്രവൃത്തിയിലൂടെയുള്ള മറുപടിയാണിതെന്നു മന്ത്രി പറഞ്ഞു. “കിഫ്ബി പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം അതിനുള്ള നിയമം നിർമ്മിച്ചു; പ്രൊജക്റ്റുകൾ തയ്യാറാക്കി; ആദ്യപ്രൊജക്റ്റുകൾക്ക് അനുമതിയും നൽകിക്കഴിഞ്ഞു” അദ്ദേഹം വിശദീകരിച്ചു.

ആദ്യഘട്ട പദ്ധതികൾക്കായി ജനറൽ ഒബ്ലിഗേഷൻ ബോണ്ട് വഴി 2000 കോടിരൂപ ഈ വർഷം സമാഹരിക്കും. ഇതിനായി എസ്‌ബിഐ ക്യാപ്സി(SBICAPS)നെ ചുമതലപ്പെടുത്തും. തുടർന്നുള്ള പദ്ധതികൾക്ക് നബാർഡ് വഴി 4000 കോടിരൂപ ലഭ്യമാകും.

ധനസമാഹരണത്തിനായി കിഫ്ബിയുടെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപ്പററേഷനു രൂപം നൽകും. സെബി, റിസർവ്വ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ഇൻഫ്രാസ്ട്രക്ച്ചർ ഡെറ്റ് ഫണ്ട്, ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവയും രൂപവത്ക്കരിക്കും.

കെഎസ്എഫ്ഇയുമായി സഹകരിച്ച് ധനസമാഹരണത്തിന് എൻആർഐ ചിട്ടി ആരംഭിക്കാനും അതുവഴി ആദ്യവർഷം 25,000 കോടിരൂപ ടേണോവർ നേടാനും ഉദ്ദേശിക്കുന്നു. അത് കെഎസ്എഫ്ഇ‌യ്ക്ക് കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കാനാകും. ഭൂമി ഏറ്റെടുക്കലിനായി ലാൻഡ് ബോണ്ടുകൾ പുറപ്പെടുവിക്കാനും ഉദ്ദേശിക്കുന്നു. ഇവയുടെ വിശദാംശങ്ങൾ ജനുവരിയിൽ ചേരുന്ന അടുത്ത ബോർഡ് യോഗത്തിൽ സമർപ്പിക്കാൻ തീരുമാനിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച കൂടുതൽ പ്രൊജക്റ്റുകളുടെ രൂപരേഖകളും അടുത്ത യോഗം പരിഗണിക്കും.

കേരളത്തിന്റെ വികസനചരിത്രത്തിലെ തന്ത്രപരമായ മാറ്റമാണിതെന്നു ധനമന്ത്രി പറഞ്ഞു. നമ്മുടെ ചരിത്രത്തിൽ മൂലധനനിക്ഷേപം എന്നും കുറവായിരുന്നു. അതു പരിഹരിക്കാൻ സർക്കാർ സ്പോൺസർ ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ വഴി സാധിക്കും. സ്വകാര്യനിക്ഷേപം വൻതോതിൽ ക്ഷണിക്കുന്ന നടപടിയാണിത്.

കുടിവെള്ളത്തിനുള്ള 1257 കോടിരൂപയുടെ 23 പദ്ധതികൾക്കും 611 കോടി ചെലവുവരുന്ന 16 പിഡബ്ലിയുഡി റോഡുകൾക്കും 272 കോടിയുടെ മൂന്നു ഫ്ലൈ‌ ഓവറുകൾക്കും യോഗം അനുമതി നൽകി. കൊച്ചിൻ റിഫൈനറിക്കു സമീപം പെട്രോക്കെമിക്കൽ, ഫാർമ വ്യവസായപ്പാർക്കിനുള്ള വ്യവസായവകുപ്പിന്റെ പ്രൊജക്റ്റിന് ഫാക്റ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിനായി 1264 കോടി രൂപ വിനിയോഗിക്കാൻ അംഗീകാരം നൽകി. ഐറ്റി രംഗത്ത് 351 കോടിയുടെ രണ്ട് പ്രൊജക്റ്റുകളും ആരോഗ്യരംഗത്ത് 149 കോടിയുടെ രണ്ടു പ്രൊജക്റ്റുകളും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനുള്ള 100 കോടിയുടെ പ്രൊജക്റ്റും അംഗീകാരം ലഭിച്ചവയിലുണ്ട്.

പൊതുവരുമാനത്തിൽനിന്നു നൽകുന്ന തുകയായതിനാലാണു 2000 കോടിരൂപ ജനറൽ ഒബ്ലിഗേഷൻ ബോൺഡായി സമാഹരിക്കുന്നതെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. മറ്റുള്ളവയ്ക്ക് അതതിനു നിശ്ചയിച്ച ഫണ്ടിൽനിന്നാണു നൽകുക. ഓരോ പ്രൊജക്റ്റിന്റെയും പ്രവർത്തനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കൃത്യമായ ഘട്ടങ്ങൾ പൂർത്തിയാക്കുമ്പോൾ മാത്രമേ ഓരോ ഗഡുവും അനുവദിക്കൂ. ഫണ്ട് കൈവശം വച്ച് പലിശ കൊടുക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്ന രീതിയിലാണ് ഫണ്ടുസമാഹരണം ക്രമീകരിക്കുന്നത്.

പെട്രോളിയം സെസ് വഴി ലഭിക്കുന്ന 400 കോടിയും വർഷംതോറും മോട്ടോർ വാഹനനികുതിയുടെ 10, 20, 30 ശതമാനംവീതവും കിഫ്ബിക്കു ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ നിക്ഷേപകർക്ക് വിശ്വാസത്തോടെ മുതൽ മുടക്കാൻ കഴിയും. വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടം കിഫ്ബിയുടെ പ്രൊജക്റ്റിൽ വരുമെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി ഡോ: ഐസക്ക് പറഞ്ഞു.About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter