കശുവണ്ടി വികസന കോർപറേഷനും കാപ്പെക്സിനും ആവശ്യത്തിനു തോട്ടണ്ടി വാങ്ങാൻ കഴിയുന്നില്ല. സ്വകാര്യ മുതലാളിമാരാകട്ടെ അവരുടെ തോട്ടണ്ടി മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി സംസ്ക്കരിക്കുകയായിരുന്നു. ഇടനിലക്കാർ വഴി തോട്ടണ്ടി വാങ്ങുന്ന സമ്പ്രദായം വലിയ അഴിമതികൾക്കു വഴിതെളിച്ചു. കഴിഞ്ഞ ഓണത്തിന് അത്യാവശ്യം പണി നൽകാൻ അടിയന്തരമായി ടെൻഡർ വിളിച്ച് തോട്ടണ്ടി വാങ്ങിയതുപോലും വിവാദത്തിൽ മുക്കാൻ ആളുകളുണ്ടായി. എന്താണ് പ്രതിവിധി?
എല്ലാ ഇടനിലക്കാരെയും ഒഴിവാക്കി നേരിട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു തോട്ടണ്ടി വാങ്ങാൻ കരാറുണ്ടാക്കി. ഒരു സംസ്ഥാന സർക്കാരിന് നേരിട്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്നു സംശയിക്കുന്നവർ ഏറെയുണ്ട്. പക്ഷേ, ഇതാണ് കേരള സർക്കാർ ചെയ്യാൻ പോകുന്നത്. ഇതിനായി ഒരു പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചു. ഈ കമ്പനി ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങലും തമ്മിൽ കരാറുണ്ടാക്കാനാണ് ശ്രമിച്ചത്. ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവിടത്തെ സർക്കാരുകളുടെ സഹായത്തോടെ തോട്ടണ്ടി വാങ്ങാൻ കഴിയണം. ഇതിനുള്ള ആദ്യവട്ട ചർച്ച നടന്നു.
പതിനഞ്ച് ആഫ്രിക്കൻ എംബസികളിൽനിന്നുള്ള പ്രതിനിധികളാണ് കേരള സർക്കാരുമായി തിരുവനന്തപുരത്തെത്തിയത്. ഐവറി കോസ്റ്റ്, ടാൻസാനിയ, ഗിനി, മൊസാംബിക്, മാലി, തുടങ്ങി കശുവണ്ടി കൃഷി ചെയ്യുന്ന ഏതാണ്ട് എല്ലാ രാജ്യങ്ങളും സന്നിഹിതരായിരുന്നു. മൂന്നു കാര്യങ്ങളാണ് അവരുടെ മുന്നിൽ വെച്ചത്. ആഫ്രിക്കൻ കൃഷിക്കാർക്ക് ന്യായമായ വില ഉറപ്പുവരുത്തി ഇടനിലക്കാരില്ലാതെ ഒന്നരലക്ഷം ടൺ തോട്ടണ്ടി വാങ്ങുന്നതായിരുന്നു ഏറ്റവും പ്രധാനം.
കശുവണ്ടി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ആവശ്യമായ കാർഷിക സാങ്കേതികവിദ്യ ഏർപ്പെടുത്തുന്നതിന് നാം മുൻകൈയെടുക്കാമെന്ന് സമ്മതിച്ചു. മൂന്നാമതൊരു കാര്യവും കൂടി ഞാൻ സൂചിപ്പിച്ചു. എന്തുകൊണ്ട് ആഫ്രിക്കക്കാരും കേരളവും സംയുക്തമായി ഒരു ബ്രാൻഡിനു രൂപം നൽകി ഒരുമിച്ച് മൂല്യവർദ്ധന ചങ്ങലയിൽ മുകളിലേയ്ക്കു കയറിക്കൂടാ. ഇന്ന് ആഫ്രിക്കയിലെ കൃഷിക്കാർക്കും കേരളത്തിലെ കശുവണ്ടി തൊഴിലാളിയ്ക്കും പട്ടിണിക്കൂലി മാത്രമേ ഈ വ്യവസായം നൽകുന്നുള്ളൂ. ബഹുരാഷ്ട്ര കുത്തകകളാണ് ഇന്ന് കശുവണ്ടിയുടെ ലാഭം മുഴുവൻ ഊറ്റിയെടുക്കുന്നത്. ഒരുമിച്ചൊരു ബ്രാൻഡുണ്ടാക്കി സംയുക്തമായി വിപണിയിലിറങ്ങിയാൽ ഈ കുത്തക പൊളിക്കാം.
ഏറ്റവും ആവേശകരമായ സ്വീകരണമാണ് ഈ നിർദ്ദേശങ്ങൾക്കു ലഭിച്ചത്. കേരളത്തിലെ കശുവണ്ടി വ്യവസായ ചരിത്രത്തിൽ നിർണായക വഴിത്തിരിവാകാൻ പോവുകയാണ് തിരുവനന്തപുരത്തു നടന്ന ഈ ഉന്നതതല സമ്മേളനം. കൂടുതൽ വിശദമായ ചർച്ചകൾക്ക് ആഫ്രിക്കൻ പര്യടനത്തിന് നമ്മുടെ ഒരുന്നതല സംഘത്തെ അവർ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ കശുവണ്ടി വ്യവസായം ശരിയാകും.