14 ജില്ലകളിലും ലൈഫ് കെട്ടിട സമുച്ചയം ഉയരുന്നു

സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിത-ഭവനരഹിതര്‍ക്ക് ലൈഫ് മിഷന്‍റെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു. ഇതിന്‍റെ നിര്‍മ്മാണ പ്രവൃത്തി ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉടന്‍ ആരംഭിക്കും. ആദ്യവര്‍ഷം ഒരു ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ഈ ആവശ്യത്തിന് കണ്ടെത്തിയ സ്ഥലങ്ങളിലെ ജല, വൈദ്യുതി, റോഡ് ലഭ്യത ഉറപ്പുവരുത്തി കളക്ടര്‍മാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍റെ അവലോകന യോഗം തീരൂമാനിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഭൂമിയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഭൂമി ലഭ്യതക്കനുസരിച്ചായിരിക്കും ഓരോ ജില്ലയിലും കെട്ടിട സമുച്ചയത്തിലെ ഭവനങ്ങളുടെ എണ്ണം തീരുമാനിക്കുക. എട്ടു ക്ലേശഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഗുണഭോക്താക്കളുടെ മുന്‍ഗണന തീരുമാനിക്കും. ആദ്യഘട്ടത്തില്‍ 14 സ്ഥലങ്ങളില്‍ ആരംഭിക്കുന്ന പദ്ധതി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.

തോട്ടം, തീരദേശ മേഘലകളില്‍ പദ്ധതി ഏകോപിപ്പിക്കാന്‍ തൊഴില്‍, ഫിഷറീസ് വകുപ്പുകളെ ചുമതലപ്പെടുത്തി. നിലവില്‍ ഏതെങ്കിലും പദ്ധതിയില്‍ കെട്ടിടനിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വീടുകളുടെ സാങ്കേതിക പരിശോധന നടത്താനായി എഞ്ചിനീയറിംഗ് കോളെജുകളുടെ സഹായം തേടാനും യോഗം തീരുമാനിച്ചു. ഈ സാങ്കേതിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഭവനങ്ങള്‍ പൂര്‍ത്തിയാക്കാനുളള ധനസഹായം ലഭ്യമാക്കും.

ഭൂരഹിത-ഭവനരഹിതര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് പുനരധിവാസം ഉറപ്പുവരുത്തേണ്ടത് കേരള സമൂഹത്തിന്‍റെ പൊതു ഉത്തരവാദിത്വമാണെന്നും ഇതിന് വ്യക്തികളുടെയും സംഘടകളുടെയും സഹകരണം ഉറപ്പാക്കാനുളള നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുയോജ്യമായ സ്ഥലം ലഭ്യമാക്കാനും കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കുവാനും നിര്‍മാണം മുടങ്ങിപ്പോയ വീടുകള്‍ പൂര്‍ത്തിയാക്കാനുമുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഈ ആവശ്യങ്ങള്‍ക്ക് സംഭാവന നല്‍കാനും വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍, സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter