വരട്ടാറിന്റെ തീരം ജൈവവൈവിധ്യ മേഖലയാക്കും

വരട്ടാറിനെ പ്രദേശത്തിന്റെ വികസന പദ്ധതിയാക്കി മാറ്റും: മന്ത്രി ഡോ. തോമസ് ഐസക്
വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജൈവ വൈവിധ്യ മേഖലയാക്കി പ്രദേശത്തിന്റെ വികസന പദ്ധതിയാക്കി മാറ്റുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ടമായി ആദി പമ്പയുടെ കവാടമായ വഞ്ഞിപ്പോട്ടു കടവു മുതല്‍ മണിമലയാറുമായി സംഗമിക്കുന്ന വാളത്തോടു വരെ വരട്ടാറിന്റെ തീരത്ത് ഇരുവശത്തും അഞ്ച് അടി വീതിയില്‍ ടൈല്‍സ് പാകി നടപ്പാത നിര്‍മിക്കും. ഇതിനൊപ്പം ഇരുവശങ്ങളിലും സംസ്ഥാനത്തുള്ള എല്ലാത്തരം മരങ്ങളും വച്ചു പിടിപ്പിക്കും. ജലസേചന വകുപ്പ് പദ്ധതി തയാറാക്കി നല്‍കിയാല്‍ ഉടന്‍ പണം അനുവദിച്ച് നിര്‍മാണം ആരംഭിക്കും. ഓരോ മരത്തെപ്പറ്റിയുമുള്ള വിവരം ലഭ്യമാക്കുന്നതിന് അതില്‍ ബാര്‍കോഡ് ഘടിപ്പിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മരത്തെ സംബന്ധിച്ച എല്ലാ വിവരവും ലഭ്യമാകും. മൂന്ന്, നാല് വര്‍ഷം കൊണ്ട് വരട്ടാറിന്റെ തീരത്തെ ജൈവ വൈവിധ്യ മേഖലയാക്കി വിനോദസഞ്ചാരികളെയും പ്രകൃതിയെ അടുത്തറിയുന്നതിന് ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കുന്ന പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. വരട്ടാറിനെയും ജൈവ വൈവിധ്യ മേഖലയെയും അറിയുന്നതിന് ധാരാളം പേരെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിന് ഒരു മാസം ഒന്നിന് 15 രൂപ വീതം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് വേതനം നല്‍കും.

നദിയുടെ അതിര് നിശ്ചയിച്ച് കല്ലിട്ട ശേഷമാകും നടപ്പാതയുള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ നടത്തുക. വരട്ടാറിനു കുറുകെയുള്ള എല്ലാ ചപ്പാത്തുകള്‍ക്കും പകരം പുതിയ പാലങ്ങള്‍ നിര്‍മിക്കും. ജനുവരിയിലെ ബജറ്റില്‍ ഇതിന് തുക വകയിരുത്തും. 12 കോടി രൂപ അനുവദിച്ചിട്ടുള്ള കൈപ്പാലക്കടവ് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പള്ളിയോടങ്ങള്‍ കടന്നു പോകുന്നതിന് തടസമുള്ള ചേലൂര്‍കടവ് പാലത്തിന്റെ കാര്യത്തില്‍ ചെയ്യേണ്ട അനന്തരനടപടി വിദഗ്ധ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. മൂന്നാം ഘട്ടത്തില്‍ ഇറിഗേഷന്‍ വകുപ്പ് പദ്ധതി തയാറാക്കിയാല്‍ ഉടന്‍ വരട്ടാറിന്റെ ആഴം കൂട്ടുന്നതിനുള്ള പ്രവര്‍ത്തി ആരംഭിക്കും. ഇതുസംബന്ധിച്ച പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. വേനല്‍ക്കാലത്തും വരട്ടാറില്‍ ജലസമൃദ്ധി ഉറപ്പാക്കുന്നതിന് നീര്‍ത്തട പദ്ധതി നടപ്പാക്കും. വരട്ടാറിന്റെ തീരങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുകയും പുല്ലുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും. അടുത്ത ബജറ്റില്‍ ഇതിന് തുക വകയിരുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രവര്‍ത്തി നടപ്പാക്കുകയും ചെയ്യും. വരട്ടാര്‍ ഒഴുകുന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളെയും ചെറുതോടുകളെയും നവീകരിക്കും.

തികച്ചും സൂതാര്യമായാണ് ജനകീയ പങ്കാളിത്തത്തോടെ വരട്ടാറിനെ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നത്. എല്ലാ ദിവസത്തെയും പ്രവര്‍ത്തനങ്ങളും പദ്ധതിക്കായി ലഭിക്കുന്ന സംഭാവനകളുടെ വിനിയോഗവും മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വരട്ടെ ആര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയാണ് മുന്നോട്ടു പോകുന്നത്. സോഷ്യല്‍ ഓഡിറ്റ് തല്‍സമയം നടക്കുന്നുവെന്നതാണ് വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ മുഖ്യ സവിശേഷത. പദ്ധതിക്കായി ലഭിക്കുന്ന സംഭാവനകള്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി സൂക്ഷിക്കും. ജനകീയാസൂത്രണം ആദ്യഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രവര്‍ത്തനമാണ് വരട്ടാറിനായി നടക്കുന്നത്. ഹരിതകേരളം മിഷനിലെ ഉത്തമ മാതൃകാ പദ്ധതിയാണ് വരട്ടാര്‍. അതിവിപുലമായ ജനപങ്കാളിത്തമാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്കുള്ളത്. ആറന്മുള പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കും. സംസ്ഥാനത്ത് ചുണ്ടന്‍വള്ളങ്ങള്‍ക്ക് ലീഗ് അടിസ്ഥാനത്തില്‍ മത്സരം നടത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍, എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍ നായര്‍, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍, ഡിപ്പോസിറ്റ് ഗാരന്റീസ് ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ. പത്മകുമാര്‍, ഹരിതകേരളം ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്, എഡിഎം അനു എസ്. നായര്‍, ചെങ്ങന്നൂര്‍ നഗരസഭ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മാത്യൂസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാമണി, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, തിരുവനന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രശ്മി സുഭാഷ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍, കൗണ്‍സിലര്‍മാരായ സാജന്‍, ബെന്‍സി, പി.ആര്‍. പ്രദീപ്, ദേവി പ്രസാദ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍. രാജീവ്, ആര്‍. സനല്‍കുമാര്‍, ജി. അജയകുമാര്‍, ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ ജോഷി, ഹരിതകേരളം പദ്ധതി ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. അജയ കുമാര്‍ വര്‍മ്മ, ബീന ഗോവിന്ദ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് പ്രിന്‍സിപ്പല്‍ കെ.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടനാട് വഞ്ഞിപ്പോട്ടില്‍ കടവ്, കിഴക്കന്‍ ഓതറ പുതുക്കുളങ്ങര, തലയാര്‍ വഞ്ചിമൂട്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് എന്നിവിടങ്ങളിലാണ് പുഴയോര നാട്ടൂകൂട്ടം ചേര്‍ന്ന് വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

വരട്ടാര്‍ പുനരുജ്ജീവനം രാജ്യത്തിന് മാതൃക: മന്ത്രി മാത്യു ടി. തോമസ്
ഹരിതകേരളം മിഷന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വരട്ടാര്‍ പുനരുജ്ജീവന പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ തുടങ്ങിയതില്‍ വിജയത്തിലെത്തിയ ആദ്യ സംരംഭമാണ് വരട്ടാര്‍ പുനരുജ്ജീവനം. ജനങ്ങളുടെ ഐക്യവും പങ്കാളിത്തവുമാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതി വിജയകരമായതിനു പിന്നിലെ മൂലധനം. തങ്ങള്‍ക്ക് ആവശ്യമാണെന്ന ബോധ്യത്തില്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി. വികസനത്തിന്റെ പേരില്‍ മുന്‍പ് നടപ്പാക്കിയ വികലമായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കാണ് വരട്ടാര്‍ ഉള്‍പ്പെടെ ഹരിതകേരളം പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍. ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജലസാക്ഷരത തന്നെ അനിവാര്യമായ ഘട്ടത്തിലാണ് വരട്ടാര്‍ പോലെയുള്ള നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുക്കി വിടുന്നത് അവസാനിപ്പിക്കണം. വഞ്ഞിപ്പോട്ടില്‍ക്കടവില്‍ വെള്ളം ആദ്യം വരട്ടെയെന്നു പറഞ്ഞ് ചപ്പാത്ത് പൊളിക്കാന്‍ ഒന്നായി നിലകൊണ്ട നാട്ടുകാരെ അഭിനന്ദിക്കുന്നു. വരട്ടാര്‍ പുനരുജ്ജീവനമെന്ന വലിയ ആശയത്തിനു വേണ്ടി പ്രവര്‍ത്തനം നടത്തുന്ന എല്ലാവരും സന്നദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഈ പ്രയത്‌നങ്ങള്‍ ഫലവത്തായെന്നും ജലവിഭവ മന്ത്രി പറഞ്ഞു.

കൃഷി മന്ത്രി 16,000 രൂപ സംഭാവന നല്‍കി
പ്രകൃതി മൂലധനത്തിന്റെ ചൂഷണമാണ് കേരളം നേരിടുന്ന പ്രശ്‌നം: മന്ത്രി വി.എസ്. സുനില്‍കുമാര്‍
പ്രകൃതി മൂലധനത്തിന്റെ അനിയന്ത്രിതമായ ചൂഷണമാണ് കേരളം നേരിടുന്ന പ്രശ്‌നമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഫലമായാണ് കാര്‍ഷിക മേഖലയില്‍ തകര്‍ച്ചയുണ്ടായതും കുടിവെള്ള ക്ഷാമം രൂക്ഷമായതും.വികസനമെന്ന് കൊട്ടിഘോഷിച്ച് മുന്‍പ് നടപ്പാക്കിയിട്ടുള്ള പലതും പ്രകൃതിക്ക് ദോഷകരമായി മാറിയിട്ടുണ്ട്. കുടിക്കാന്‍ ശുദ്ധജലമോ, ശ്വസിക്കാന്‍ ശുദ്ധവായുവോ ഇല്ലെങ്കില്‍ അത് നല്ല വികസനമാവില്ല.

കേരളത്തിന്റെ നല്ല നാളേയ്ക്കായി പ്രകൃതി മൂലധനത്തെ തിരികെ കൊണ്ടു വരുന്നതിനുള്ള പരിശ്രമമാണ് ഹരിതകേരളം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. എന്താണ് വികസനം എന്നതിനെപ്പറ്റിയുള്ള കാഴ്ചപ്പാടു തന്നെ സര്‍ക്കാര്‍ പുനര്‍നിര്‍വചിക്കുകയാണ്. അതിന് ഉദാഹരണമാണ് ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന വരട്ടാര്‍ പുനരുജ്ജീവന പദ്ധതി. വരട്ടാറിന്റെ തീരത്ത് ഇപ്പോഴുള്ള പുല്‍കൃഷി മാറ്റി പച്ചക്കറി കൃഷി നടത്തണം. കൃഷി വ്യാപകമാകുന്നത് കുളങ്ങളും കിണറുകളും ജലസമൃദ്ധമാകുന്നതിന് വഴിയൊരുക്കും. ചരിത്രത്തിലെ വലിയ വികസന പ്രക്രിയകളിലൊന്നാണ് വരട്ടാര്‍ പുനരുജ്ജീവനം. മരിച്ചുപോയ നദിയെയാണ് തിരികെ കൊണ്ടുവരുന്നത്. വരട്ടാര്‍ പുനരുജ്ജീവിക്കുന്നതുമൂലം ഏറ്റവും നേട്ടം കാര്‍ഷികമേഖലയ്ക്കും കൃഷിക്കാര്‍ക്കുമാണ്. പാടങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും കൃഷി മന്ത്രി പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി കൃഷി മന്ത്രി 16,000 രൂപ സംഭാവന നല്‍കി.

സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ജനശക്തിയും ഒന്നായി: വീണാ ജോര്‍ജ്് എംഎല്‍എ
സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ജനശക്തിയും ഒന്നായി പ്രവര്‍ത്തിച്ചതാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതി വിജയിക്കാന്‍ കാരണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ് ഏതു രീതിയില്‍ വേണം എന്നതിന് ഉത്തമ മാതൃകയാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതി. എല്ലാവരും ഒന്നായി പ്രവര്‍ത്തിച്ചാണ് വരട്ടാര്‍ പുനരുജ്ജീവനം സാധ്യമാക്കിയതെന്നും എംഎല്‍എ പറഞ്ഞു.

പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും: രാജു ഏബ്രഹാം എംഎല്‍എ
പമ്പാ നദിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പമ്പാ ആക്ഷന്‍ പ്ലാന്‍ രണ്ടാംഘട്ടം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പമ്പാ നദിയുണ്ടെങ്കിലേ വരട്ടാര്‍ ഉണ്ടാകുകയുള്ളു. വരട്ടാറിലെ മണല്‍ വാരല്‍ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ താന്‍ കൂടി അംഗമായ നിയമസഭാ സമിതിയാണ് പഠന ശേഷം നദീ പുനരുജ്ജീവനം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വരട്ടാര്‍ പുനരുജ്ജീവനം നാടിന്റെ സ്വപ്‌ന സാക്ഷാത്കാരം: കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ
വരട്ടാര്‍ പുനരുജ്ജീവനം നാടിന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.ആദ്യഘട്ടത്തില്‍ പലര്‍ക്കും പദ്ധതി നടപ്പാകുമോയെന്ന് സംശയമുണ്ടായിരുന്നു. ജനങ്ങളെ പങ്കാളികളാക്കി പദ്ധതി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെയും ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെയും നിശ്ചയദാര്‍ഢ്യം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് വഴിയൊരുക്കി. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റത്തിന് വരട്ടാര്‍ പുനരുജ്ജീവനം വഴിയൊരുക്കും. കൈപ്പാലക്കടവ് പാലത്തിനായി 12 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.ഇതിന്റെ ഡിപിആര്‍ തയാറായി വരുന്നു. എത്രയും വേഗം നിര്‍മാണം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter