ഇളവ് 2017 – പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ

പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യവര്‍ഷം തന്നെ രണ്ടുലക്ഷം പ്രവാസികളെയെങ്കിലും ചിട്ടിയില്‍ ചേര്‍ക്കണമെന്നാണ് ലക്ഷ്യം. ഓണ്‍ലൈനായി ചിട്ടിയില്‍ ചേരുന്നതിനും ലേലം കൈക്കൊള്ളുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. കിഫ്ബിയാണ് ഇതിനുള്ള സോഫ്ട് വെയറും മറ്റും തയ്യാറാക്കുന്നത്. എന്താണ് കിഫ്ബിക്ക് ഇതില്‍ കാര്യമെന്നായിരിക്കും നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചിരിക്കുക. കിഫ്ബി വഴി നടപ്പിലാക്കുന്ന പതിനായിരം കോടി രൂപയെങ്കിലും വരുന്ന ഒരു വന്‍പദ്ധതിയുടെ ബോണ്ടുകള്‍ പൂര്‍ണ്ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശം.

വെസ്റ്റേണ്‍ യൂണിയന്‍ തുടങ്ങിയ ഏതെങ്കിലും പേയ്മെന്‍റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇ.യുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇ.ക്ക് കോള്‍ ഓപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള ഫ്രീ ഫ്ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 10,000 കോടി സമാഹരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കരുതുന്നു. ഇതൊരു നൂതന ധനസമാഹരണ പരീക്ഷണമാണ്.

പ്രവാസിയെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പാദ്യം ചിട്ടിയിലാണ് മുടക്കുന്നത്. അതിന് സര്‍ക്കാരിന്‍റെ ഗ്യാരന്‍റിയും കെ.എസ്.എഫ്.ഇ.യുടെ പൂര്‍ണ്ണസുരക്ഷിതത്വം ഉണ്ട്. കിഫ്ബിയുടെ ബോണ്ടില്‍ മിച്ചപണം നിക്ഷേപിച്ചതുകൊണ്ട് ഒരു അധികറിസ്കും നിക്ഷേപകന് ഇല്ല. അതേ സമയം അവര്‍ സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്‍റെ സുപ്രധാന വികസന പ്രോജക്ടില്‍ പങ്കാളിയാവുകയും ചെയ്യുന്നു. കെ.എസ്.എഫ്.ഇ.യുടെ പ്രവാസി ചിട്ടിയില്‍ ചേരുമ്പോള്‍ ആകര്‍ഷകവും സുരക്ഷിതവുമായ സമ്പാദ്യത്തോടൊപ്പം നാടിന്‍റെ വികസനത്തിന് പങ്കാളിയുമാകാം.
മെയ്, ജൂണ്‍ മാസത്തിലെങ്കിലും ഈ പദ്ധതി ആരംഭിക്കേണ്ടതിന് കെ.എസ്.എഫ്.ഇ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ട നടപടി കെ.എസ്.എഫ്.ഇ.യുടെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടറൈസേഷനാണ്. അത് ഈ ധനകാര്യ വര്‍ഷം തന്നെ പൂര്‍ത്തിയാകും. രണ്ടാമത്തേത്, കിട്ടാക്കടത്തിനുള്ള അമിനിസ്റ്റിയാണ്. ഫീലിപ്പോസ് തോമസ് ചെയര്‍മാനായുള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡ് ഇത് രണ്ടിനും ഏറ്റവും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുകയാണ്. ഇളവ് 2017 കഴിഞ്ഞ ദിവസം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


About Minister

Name: Dr. T. M. Thomas Isaac
Designation: Minister for Finance and Coir
Abbreviation: M(Fin & Coir)


CONTACT USNewsletter