മറ്റ് സൗകര്യങ്ങൾ 

 1. അറബി മലയാള ഗവേഷണ ഗ്രന്ഥാലയം

  2007-ൽ ആരംഭിച്ച അറബി മലയാളം ഗവേഷണ ഗ്രന്ഥാലയം അക്കാദമിയുടെ അഭിമാനകരമായ ഒരു നേട്ടമാണ്. 23 വിഭാഗങ്ങളിലായി വളരെ പഴക്കമുള്ള അറബി മലയാള സാഹിത്യ ഗ്രന്ഥങ്ങളുൾക്കൊള്ളുന്നതാണിത്.  മാലപ്പാട്ട്, ഖിസ്സപ്പാട്ട്, പടപ്പാട്ട്, ഒപ്പനപ്പാട്ട്, ചരിത്രം, നിയമം, അഖീദ(വിശ്വാസം), മൗലിദ്, ഏടുകൾ, റാത്തീബ്, നേർച്ചപ്പാട്ട്, സ്വപ്നവ്യാഖ്യാനം, ഖുർആൻ തഫ്‌സീർ, ഫത്‌വ, ചികിത്സാ ഗ്രന്ഥങ്ങൾ, തത്വചിന്ത, മദ്രസ പഠന ഗ്രന്ഥങ്ങൾ, മാസികകൾ, കെസ്സുപാട്ട്, കഥയും നോവലും, മതപരമായ ഗാനങ്ങൾ, യാത്രാ പാട്ട്, ബൈബിൾ വ്യാഖ്യാനം തുടങ്ങിയവ അവയിൽപെട്ടതാണ്.

  അറബി മലയാളം ഗവേഷണ ഗ്രന്ഥാലയത്തിന് കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സർവകലാശാലയുടെ നാടൻകലാ വിഭാഗത്തിന്റെ അംഗീകൃത ഗവേഷണ ഉപകേന്ദ്രമായി   (യു.ഒ. നം. 1573/2015 അഡ്മിൻ. തിയ്യതി 16.02.2015 കാലിക്കറ്റ് സർവകലാശാല) അംഗീകാരം ലഭിച്ചു.  സി.പി. സെയ്തലവി ചെയർമാനും ആസാദ് വണ്ടൂർ സെക്രട്ടറിയുമായ കമ്മിറ്റി പ്രസ്തുത ലൈബ്രറിക്ക് കെ.കെ. മുഹമ്മദ് അബ്ദുൽ കരീം സ്മാരക അറബി മലയാളം ഗവേഷണ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തു. പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവും അറബി മലയാള സാഹിത്യത്തിലെയും മറ്റു മേഖലകളിലെയും അറബി, ഇംഗ്ലീഷ്, മലയാളം, ഉറുദു ഭാഷകളിലെയും നിരവധി ഗ്രന്ഥശേഖരത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം.

 2. ഓഡിറ്റോറിയം 

   അക്കാദമിയുടെ ആദ്യ കമ്മിറ്റി അക്കാദമി ഓഡിറ്റോറിയത്തിന് കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ നാമകരണം ചെയ്തു. സ്മാരകം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നിരന്തരം പ്രയത്‌നിച്ച വ്യക്തിയായിരുന്നു കൊരമ്പയിൽ അഹമ്മദ് ഹാജി. 2016 ജനുവരി 2ന് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫായിരുന്നു നാമകരണ ചടങ്ങ് നിർവഹിച്ചത്. 

 3. മാപ്പിളപ്പാട്ട് സർട്ടിഫിക്കറ്റ് കോഴ്‌സ്

  2007 ലെ ടി.കെ. ഹംസ ചെയർമാനായിരുന്ന കമ്മിറ്റിയുടെ കാലത്ത് നടപ്പിലാക്കിയ ഒരു പ്രധാന ചുവടുവെപ്പാണ് മാപ്പിളപ്പാട്ട് സർട്ടിഫിക്കറ്റ് കോഴ്‌സ്. മാപ്പിളപ്പാട്ട്, ഹാർമോണിയം ക്ലാസുകൾ നടക്കുന്നത് ഞായറാഴ്ചകളിലാണ്. നിശ്ചിത ഫീസോടുകൂടിയുള്ള മൂന്ന് വർഷത്തെ കോഴ്‌സാണിത്. കോഴ്‌സിന്റെ അവസാനം എഴുത്തുപരീക്ഷയും പാട്ടുപരീക്ഷയും നടത്തി ഗ്രേഡോടുകൂടിയ സർട്ടിഫിക്കറ്റ് പഠിതാക്കൾക്ക് നൽകുന്നു. നാല് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.

 4. സാംസ്‌കാരിക മ്യൂസിയവും ഫോട്ടോ ഗാലറിയും :

  2007-ലെ ഭരണസമിതിയാണ് ഫോട്ടോ ഗാലറി തയ്യാറാക്കിയത്. 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട ചരിത്രപരമായ അപൂർവ്വ ഫോട്ടോകളാണ് ഇതിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അക്കാദമിയുടെ ആദ്യ കമ്മിറ്റിയാണ് അക്കാദമി പരിസരത്ത് ഒരു മ്യൂസിയം സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ഇന്ന് വിസ്മൃതിയിലാണ്ടതുമായ അനേകം കാര്യങ്ങളാണ് മ്യൂസിയത്തിലുള്ളത്. കാർഷികോപകരണങ്ങൾ, സാഹിത്യകൃതികൾ, ആയുധങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിങ്ങനെ നീളുന്നു നിര. കേരള ടൂറിസം വകുപ്പാണ് ഇതിന്റെ നിർമ്മാണം നടത്തിയത്. 2008-ൽ അന്നത്തെ എം.പിയായിരുന്ന ടി.കെ. ഹംസ എൽ.എ.ഡി. പദ്ധതി ഫണ്ടുപയോഗിച്ച് നിർമ്മാണത്തിലിരുന്ന കെട്ടിടം ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മ്യൂസിയം കെട്ടിടത്തോടൊപ്പം നിലവിലുണ്ടായിരുന്ന ഓപ്പൺ സ്റ്റേജും വികസിപ്പിച്ചു. എം. വിജയരാഘവൻ എം.പി.യായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ എം.പി. ഫണ്ടിൽ നിന്നാണ് ആദ്യത്തെ ഓപ്പൺസ്റ്റേജ് നിർമ്മിച്ചിരുന്നത്.